TopTop
Begin typing your search above and press return to search.

സൈക്ലിങ്ങില്‍ മലയാളത്തിന്റെ പെണ്‍കരുത്ത്, ഇന്ത്യയുടെ ഭാവി മെഡല്‍ പ്രതീക്ഷയാണ് ഈ ഇടുക്കിക്കാരി

സൈക്ലിങ്ങില്‍ മലയാളത്തിന്റെ പെണ്‍കരുത്ത്, ഇന്ത്യയുടെ ഭാവി മെഡല്‍ പ്രതീക്ഷയാണ് ഈ ഇടുക്കിക്കാരി

"മൂന്നാറിലെ 18 ഡിഗ്രിയില്‍ താഴെയുള്ള തണുപ്പില്‍ കുന്നുകളും മലകളും ഇറങ്ങി നൂറ് കിലോമിറ്ററോളം സൈക്കിള്‍ ചവിട്ടണം. സൈക്കിള്‍ ചവിട്ടിയാല്‍ മാത്രം പോര, മൂന്നാറില്‍ നിന്നു മറയൂര്‍ വരെ ശരാശരി സ്പീഡ് നിലനിര്‍ത്തി സൈക്കിള്‍ ചവിട്ടി തന്നെ തിരികെയെത്തണം അതായിരുന്നു 22 കാരിയായ ജിനിമോള്‍ക്ക് നല്‍കിയിരുന്ന ദൗത്യം. ഹൈ ആള്‍ട്ടിറ്റ്യൂഡ് പരിശീലനത്തിന്റെ ഭാഗമായി നടത്തിയ റൈഡില്‍ ആണ്‍കുട്ടികള്‍ വരെ തോറ്റു പിന്‍വാങ്ങിയപ്പോള്‍ ജിനിമോള്‍ ദൗത്യം അനായാസം പൂര്‍ത്തിയാക്കി. ഇടുക്കി വെണ്‍മണി സ്വദേശിയായ ജിനിമോളുടെ സൈക്ലിംഗ് മികവ് പറയാന്‍ ഇതിനപ്പുറം ഒരു ഉദാഹരണത്തിന്റെ ആവശ്യമില്ല. എറണാകുളത്ത് നിന്ന് സ്വന്തം നാടായ ഇടുക്കി വെണ്‍മണിയിലേക്ക് ജിനി പോകുന്നത് സൈക്കിളിലാണ്. തുടര്‍ച്ചയായ പരിശീലനത്തോടൊപ്പം സ്വന്തം നിലയ്ക്കും സൈക്കിള്‍ ചവിട്ടി ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ലക്ഷ്യത്തിലേക്ക് എത്താനുള്ള പ്രയത്നത്തിലാണ് ജിനി", ജിനി അംഗമായ കൊച്ചിന്‍ എന്‍ഡ്യൂറന്‍സ് സൈക്ലിങ് ക്ലബ് സെക്രട്ടറി അഡ്വ. ശാന്തന്‍ വി. നായര്‍ അഴിമുഖത്തോട് പറഞ്ഞു.

സ്റ്റേറ്റ് ട്രാക് സൈക്ലിങ് ചാംപ്യന്‍ഷിപ്പില്‍ ആദ്യമായി എറണാകുളം ജില്ലയ്ക്കു വേണ്ടി അമച്വര്‍ വുമണ്‍ ഇന്‍ഡിവിജ്വല്‍ പെര്‍സ്യൂട്ടിലും ടൈം ട്രയലിലും ജിനി സ്വര്‍ണം നേടി. ഇതിനു പുറമേ കഴിഞ്ഞ വര്‍ഷം വയനാട്ടില്‍ നടന്ന എംടിബി കേരള 2019 ഫണ്‍ ആന്‍ഡ് ത്രില്‍ ചാലഞ്ചില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണം, പെണ്‍കുട്ടികളുടെ സംസ്ഥാനതല എലൈറ്റ് വിഭാഗത്തില്‍ ഒന്നാം സ്ഥാനവും എലൈറ്റ് ദേശീയ തലത്തില്‍ നാലാം സ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട് താരം. സംസ്ഥാന മീറ്റില്‍ നടത്തിയ സുവര്‍ണ പ്രകടനം നാഷനല്‍ ട്രാക് സൈക്ലിങ് മീറ്റിലേക്ക് സെലക്ഷന്‍ നേടിക്കൊടുത്തിട്ടുണ്ട്. അവിടെയും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായാല്‍ ഏഷ്യന്‍ ഗെയിംസിലും ലോക ചാംപ്യന്‍ഷിപ്പിലുമെല്ലാം എത്താമെന്ന ശുഭ പ്രതീക്ഷയിലാണ് ജിനിയും പരിശീലകരും.

''ഏഴാം ക്ലാസ് മുതല്‍ സ്‌പോര്‍ട്‌സിനോട് താല്‍പര്യമായിരുന്നു. ആദ്യം അത്‌ലെറ്റസിലും പിന്നീട് അത് ഫെന്‍സിങിലേക്കും മാറി. പലപ്പോഴായി പരിശീലനത്തിന്റെ ഭാഗമായി വീട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നിട്ടുണ്ട്. സ്‌റ്റേറ്റ്, നാഷണല്‍ ലെവല്‍ വരെ എത്തിയിരുന്നു. അന്നൊക്കെ പലരും തന്നെ നിരുത്സാഹപ്പെടുത്തുന്ന വാക്കുകള്‍ പറഞ്ഞിട്ടുണ്ട്. സ്‌പോര്‍ട്‌സിനായി സമയം കളഞ്ഞതിനെ കുറിച്ചായിരുന്നു അതൊക്കെ. അന്ന് അത് കേട്ട് ഞാന്‍ പിന്‍തിരിഞ്ഞിരുന്നെങ്കില്‍ ഇപ്പോള്‍ സൈക്ലിംഗിന്റെ ട്രാക്കില്‍ എത്താന്‍ കഴിയുമായിരുന്നില്ല. അന്ന് മുതലുള്ള എന്റെ വാശിയായിരുന്നു സ്‌പോര്‍ട്‌സില്‍ മികച്ച വിജയം കരസ്ഥമാക്കണമെന്നത്. ഇപ്പോള്‍ നാഷനല്‍ ട്രാക് സൈക്ലിങ് മീറ്റിലേക്ക് സെലക്ഷന്‍ ലഭിച്ചു. അത് കഴിഞ്ഞാല്‍ ഏഷ്യന്‍ ഗെയിംസ്. അങ്ങനെയൊക്കെയാണ് എന്റെ ലക്ഷ്യങ്ങള്‍", ജിനിമോള്‍ അഴിമുഖത്തോട് പറഞ്ഞു.

"ചെറുപ്രായത്തില്‍ സൈക്കിള്‍ ചവിട്ടാന്‍ ചെറുതായി പഠിച്ചപ്പോഴൊന്നും സൈക്ലിംഗില്‍ കമ്പം തോന്നിയിരുന്നില്ല. ചങ്ങനാശേരി അസംപ്ഷന്‍ കോളജില്‍ പഠിക്കുമ്പോഴാണ് പിന്നീട് താത്പര്യം തോന്നുന്നത്. പിന്നെ 2015ലെ യൂണിവേഴ്‌സിറ്റി ചാംപ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തുമെത്തി. എങ്കിലും നാഷണല്‍സിന് അവസരം ലഭിച്ചിരുന്നില്ല. പിന്നെ സൈക്ലിങ് പ്രതീക്ഷകള്‍ അവിടെത്തന്നെ അവസാനിപ്പിക്കേണ്ടി വന്നു. ഇടുക്കിയിലെ ഒരു സാധാരണക്കാരന്റെ മകള്‍ എന്തു ചെയ്യാന്‍. ഒന്നും ചെയ്തില്ലെന്നു മാത്രമല്ല, അതെല്ലാം മറന്നാണ് കോളജില്‍ നിന്നിറങ്ങിയത്'' ജിനിമോള്‍ പറഞ്ഞു.

വീണ്ടും സൈക്ലിംഗിന്റെ ട്രാക്കിലേക്ക്

ബിഎ ഹിസ്റ്ററി കഴിഞ്ഞ് കോളജില്‍ നിന്നിറങ്ങിയപ്പോള്‍ എന്ത് ചെയ്യണമെന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല. വീട്ടിലെ സാഹചര്യം ഓര്‍ത്താല്‍ പഠനം കഴിഞ്ഞ് നാട്ടിലേക്കു മടങ്ങാനാവില്ല. അങ്ങനെയാണ് എറണാകുളത്ത് കസ്റ്റമര്‍ കെയര്‍ സര്‍വീസില്‍ ജോലി ലഭിക്കുന്നത്. ഇവിടെ എത്തിയപ്പോഴാണ് സൈക്ലിങ് പ്രഫഷണല്‍സിനെ കാണുന്നതും അതു വഴി ജില്ലാ സൈക്ലിങ് അസോസിയേഷന്‍ സെക്രട്ടറി ശരത്ത് സാറിന്റെ അടുത്ത് എത്തുന്നത്. പിന്നെ കൊച്ചിന്‍ എന്‍ഡ്യൂറന്‍സ് സൈക്ലിങ് ക്ലബില്‍ ചേര്‍ന്നു. സൈക്ലിംഗിലെ ജിനിയുടെ മികവ് അസാധ്യമായിരുന്നു. തുടരെ തുടരെയുള്ള പരിശീലനത്തില്‍ ജിനിമോള്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത് മനസിലാക്കി റേസ് ബൈക്കേഴ്സ് സോണ്‍ എന്ന പേരില്‍ കാര്‍ബണ്‍ ഫൈബറിന്റെ റേസിങ് സൈക്കിളുകള്‍ ഇറക്കുമതി ചെയ്തു നല്‍കുന്ന മുന്‍കാല സൈക്ലിസ്റ്റ് കൂടി ആയ മുഹമ്മദ് ഷിറാസ് സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുകയുമായിരുന്നു. സൈക്ലിങ്ങില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കുട്ടികള്‍ക്കായി മത്സരത്തിനുള്ള കാര്‍ബണ്‍ സൈക്കിളുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതും ഇദ്ദേഹമാണ്. ഒന്നര ലക്ഷം മുതല്‍ നാല് ലക്ഷം വരെ ഓരോന്നിനും വിലവരും.

കാര്‍ബണ്‍ സൈക്കിളുകള്‍ ലഭിച്ചതോടെ അത്ഭുതപ്പെടുത്തുന്നതായിരുന്നു ജിനിയുടെ പ്രകടനമെന്ന് ക്ലബ്ബ് സെക്രട്ടറി അഡ്വ. ശാന്തന്‍ വി. നായര്‍ പറയുന്നു. ഇതോടെ നിലവിലുള്ള ജോലി രാജിവച്ച് ജിനി റേസ് ബൈക്കേഴ്‌സ് സോണില്‍ സ്റ്റാഫാകുകയായിരുന്നു. പരിശീലനം മുടക്കം കൂടാതെ നടത്തുന്നതിന് മുഹമ്മദ് ഷിറാസിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇത്. നേരത്തെ ജോലി കഴിഞ്ഞ് പരിശീലനത്തിന് വളരെ കുറച്ചു സമയമാണ് ലഭിച്ചിരുന്നതെങ്കില്‍ ഇതോടെ കൂടുതല്‍ സമയം പരിശീലനത്തിന് ഉപയോഗിക്കാം എന്നായി. മാത്രമല്ല, പ്രകടനത്തിലും വ്യത്യാസം പ്രകടമായി. റേസ് ബൈക്കേഴ്‌സ് സോണും കൊച്ചിന്‍ എന്‍ഡ്യൂറന്‍സ് സൈക്ലിങ്ങും ചേര്‍ന്ന് മികച്ച പ്രകടനം നടത്തുന്നവര്‍ക്കായി ഒരു പ്രത്യേക വിഭാഗം രൂപീകരിച്ച് പ്രത്യേക പരിശീലനം നല്‍കിത്തുടങ്ങി. ഇവയെല്ലാം ജിനിമോള്‍ക്ക് നേട്ടമാകുകയായിരുന്നു. കണ്ണൂരില്‍ നടന്ന എംടിബി കേരള 2019 മുതല്‍ പങ്കെടുത്ത മല്‍സരങ്ങളിലെല്ലാം ജിനിമോള്‍ മെഡല്‍ നേടി. ഏറ്റവും ഒടുവില്‍ എംവിഎസ് സൈക്ലിങ് കാര്‍ണിവലില്‍ എംടിബിക്ക് സില്‍വറും അമച്വര്‍ വിമണ്‍ വിഭാഗത്തില്‍ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാ, തെലുങ്കാന എന്നിവിടങ്ങളിലെ മത്സരാര്‍ഥികളുമായി മത്സരിച്ചു സ്വര്‍ണവും കരസ്ഥമാക്കി. അതും ഒരു മിനിറ്റ് ലീഡില്‍.

സൈക്ലിങ്ങില്‍ മികച്ച ഭാവിയാണ് ജിനിയില്‍നിന്നു പ്രതീക്ഷിക്കുന്നതെന്നും പരിശീലകനായ ഹഫ്‌സല്‍ പറയുന്നു. ജിനിമോള്‍ സംസ്ഥാന മീറ്റില്‍ നടത്തിയ സുവര്‍ണ പ്രകടനം നാഷനല്‍ ട്രാക് സൈക്ലിങ് മീറ്റിലേക്ക് സിലക്ഷന്‍ നേടിക്കൊടുത്തിട്ടുണ്ട്. അവിടെയും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായാല്‍ ഏഷ്യന്‍ ഗെയിംസിലും ലോക ചാംപ്യന്‍ഷിപ്പിലുമെല്ലാം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാകും ഈ ഇടുക്കികാരി.

എംടിബി കേരളയിലും എംവിസ് സൈക്ലിങ് കാര്‍ണിവലിലും യദുന്‍ മദനനാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മറ്റൊരു ക്ലബ്ബ് അംഗം. കേരളത്തിലെ എംടിബി മത്സരങ്ങളിലെ മികവേറിയ താരമാണ് യദുന്‍ മദനന്‍. കേരളത്തില്‍ നിന്നു ആദ്യമായി എംവിസ് സൈക്ലിങ് കാര്‍ണിവലില്‍ അണ്ടര്‍ 14 ബോയ്‌സ് കാറ്റഗറിയില്‍ സില്‍വര്‍ മെഡല്‍ നേടിയ അഭിഷേക് എസ്. നായര്‍ ജിനിമോളോടൊപ്പം പ്രാക്ടീസ് ചെയ്യുന്ന മറ്റൊരു ക്ലബ്ബ് അംഗമാണ്.

Next Story

Related Stories