ഐപിഎലില്‍ വിവിധ സീസണുകളിലായി ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ്, കിങ്സ് ഇലവന് പഞ്ചാബ്, ഗുജറാത്ത് ലയണ്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നി ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ദിനേഷ് കാര്‍ത്തിക്. പക്ഷെ തന്റെ ഇഷ്ട ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഭാഗമാകാന്‍ കഴിയാത്തത് വേദനയുണ്ടാക്കിയെന്ന് പറയുകയാണ് താരം.
തന്റെ സ്വന്തം നാട്ടിലെ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സ് ഐപിഎല്‍ തുടങ്ങി ഇത്രയും നാളായിട്ടും തന്നെ പരിഗണിക്കാത്തത് അദ്ഭുതപ്പെടുത്തിയെന്ന് കാര്‍ത്തിക് നേരത്തെ പറഞ്ഞിരുന്നു. ഐപിഎല്ലിന്റെ ആദ്യ സീസണില്‍ തനിക്ക് പകരം ധോണിയെ തിരഞ്ഞെടുത്തത് ഹൃദയത്തില്‍ കത്തി കുത്തിയിറക്കുന്നതുപോലെയുളള വേദനയുണ്ടാക്കിയെന്ന് പറയുകയാണ് കാര്‍ത്തിക്. ക്രിക്ബസില്‍ ഹര്‍ഷ ബോഗ്ലെയുമായുളള ചാറ്റ് ഷോയിലാണ് കാര്‍ത്തികിന്റെ തുറന്ന് പറച്ചില്.
'' ആദ്യം അവര്‍ തിരഞ്ഞെടുത്ത പേര് എം.എസ്.ധോണിയുടേതായിരുന്നു. 1.5 മില്യന്‍ ആയിരുന്നു ധോണിയെ ലേലം വിളിച്ചെടുത്തത്. എന്റെ വലതു വശത്തായി കോര്‍ണറില്‍ ഇരിക്കുകയായിരുന്നു ധോണി. സിഎസ്കെ തന്നെ ടീമിലെടുക്കാന്‍ പോകുന്നുവെന്നതിനെ ധോണി എന്നോട് പറഞ്ഞില്ല. ധോണിക്ക് അതിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് കരുതിയത്. പക്ഷേ, എനിക്ക് ഹൃദയത്തില്‍ കത്തി കുത്തിയിറക്കുന്ന വേദനയുണ്ടാക്കി. ലേലത്തില്‍ സിഎസ്കെ തന്നെ വിളിക്കുമെന്ന് വിശ്വസിച്ചിരുന്നു. സിഎസ്കെ തന്റെ പേരായിരിക്കുമോ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയെന്ന ഒറ്റ ചോദ്യമേ ലേലത്തിനു മുന്‍പ് തന്റെ മനസ്സിലുണ്ടായിരുന്നുളളൂവെന്നും കാര്‍ത്തിക് വെളിപ്പെടുത്തി. എന്നാല്‍ എന്നെ അവര്‍ പിന്നീട് തിരഞ്ഞെടുക്കുമെന്ന് കരുതി. ഇപ്പോള്‍ 13 വര്‍ഷമായി. സിഎസ്കെയില്നിന്നുളള കോളിനായി ഞാന്‍ ഇപ്പോഴും കാത്തിരിക്കുന്നു,'' കാര്‍ത്തിക് പറഞ്ഞു. .