TopTop
Begin typing your search above and press return to search.

വിവോയുടെ ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പ് റദ്ദാക്കില്ലെന്ന് ബിസിസിഐ

വിവോയുടെ ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പ് റദ്ദാക്കില്ലെന്ന് ബിസിസിഐ

ഐപിഎലിന്റെ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് കമ്പനിയായ വിവോയെ ഒഴിവാക്കുന്നത് പരിഗണനയിലില്ലെന്ന് ബിസിസിഐ. നിലവില്‍ വിവോയെ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് മാറ്റുന്നത് ആലോചിക്കുന്നില്ല. എന്നാല്‍ അടുത്ത ടേം മുതല്‍ സ്പോണ്‍സര്‍ഷിപ്പ് നയം രാജ്യ താത്പര്യം മുന്‍നിര്‍ത്തിയാകുമെന്നും ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ പറഞ്ഞു.

2022ലാണ് വിവോയുമായുള്ള ബിസിസിഐ കരാര്‍ അവസാനിക്കുക. അഞ്ച് വര്‍ഷത്തെ കരാറില്‍ പ്രതിവര്‍ഷം 440 കോടി രൂപയാണ് ബിസിസിഐക്ക് വിവോ സ്പോണ്‍സര്‍ഷിപ്പ് വഴി ലഭിക്കുക. ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്ന് ചൈനീസ് കമ്പനികള്‍ക്ക് ലഭിക്കുന്ന പണത്തിന്റെ വിഹിതം ബിസിസിഐക്ക് നല്‍കുകയാണ്. 42 ശതമാനം നികുതിയാണ് ബിസിസിഐ സര്‍ക്കാരിന് നല്‍കുന്നത്. ഇതിലൂടെ സ്പോണ്‍സര്‍ഷിപ്പിലൂടെ വിവോ ഇന്ത്യയെയാണ് പിന്തുണക്കുന്നതെന്നും, ചൈനയെ അല്ലെന്നും അരുണ്‍ ധുമല്‍ പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബര്‍ വരെ മറ്റൊരു ചൈനീസ് മൊബൈല്‍ കമ്പനിയായ ഓപ്പോയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സര്‍മാര്‍. ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പ് ചൈനീസ് കമ്പനിക്ക് ലഭിക്കുന്നതിലൂടെ ഇന്ത്യന്‍ താല്‍പര്യത്തെയാണ് സംരക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാന്‍ ചൈനീസ് കമ്പനിയെയാണ് ഏല്‍പ്പിക്കുന്നതെങ്കില്‍ അത് ചൈനയെ സഹായിക്കുന്ന തീരുമാനമാകും. ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയമായ മൊട്ടേര സ്റ്റേഡിയം നിര്‍മാണം കരാര്‍ ഇന്ത്യന്‍ കമ്പനിക്കാണ് നല്‍കിയത്. ബിസിസിഐ ചൈനീസ് കമ്പനിക്ക് പണം നല്‍കുന്നില്ല. അവര്‍ ഇങ്ങോട്ടാണ് പണം നല്‍കുന്നത്. യുക്തിപരമായ തീരുമാനങ്ങളാണ് എടുക്കേണ്ടതെന്നും വൈകാരികമായല്ലെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ ചൈനീസ് ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തെ തുടര്‍ന്ന് ചൈനീസ് ഉല്‍പ്പന്ന ബഹിഷ്‌കരണ പ്രചാരണം രാജ്യവ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ നിലപാട് അറിയിച്ചത്.

Next Story

Related Stories