കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഒക്ടോബറില്‍ നടക്കേണ്ട ടി20 ലോകകപ്പ് നടത്തുന്നത് സംബന്ധിച്ച് ഐസിസി ചര്‍ച്ച ചെയ്യും. ഓസ്ട്രലിയയിലാണ് ലോകകപ്പ് നടക്കേണ്ടത്. എന്നാല്‍ കൊറോണ വ്യാപനം നിയന്ത്രിക്കാന്‍ ആറ് മാസം വേണ്ടിവരുമെന്നാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ടി20 ലോകകപ്പിന്റെ നടത്തിപ്പ് സംബന്ധിച്ച് ഐസിസി ചര്‍ച്ച നടത്തുന്നത്.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റുകള്‍ റദ്ദാക്കുകയോ നീട്ടി വയ്ക്കുകയോ ചെയ്തിട്ടുണ്ട്. ജപ്പാനിലെ ടോക്കിയോവില്‍ നടക്കാനിരിക്കുന്ന ഒളിംപിക്സും 2021ലേക്കു മാറ്റി വച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ടി20 ലോകകപ്പിന്റെ നടത്തിപ്പ് സംബന്ധിച്ച് മാര്‍ച്ച് 29ന് നടക്കുന്ന യോഗത്തില്‍ ഐസിസി തീരുമാനിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ടെലി കോണ്‍ഫറന്‍സിങ് വഴിയാണ് ഐസിസി വിവിധ ക്രിക്കറ്റ് ബോര്‍ഡുകളുമായി ചര്‍ച്ച നടത്തുന്നത്. ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങളുടെ മേധാവികളടക്കം 18 ബോര്‍ഡുകളുടെ മെമ്പര്‍മാരായിരിക്കും ഐസിസിയുടെ ടെലി കോണ്‍ഫറന്‍സിങില്‍ പങ്കെടുക്കുകയെന്നാണ് വിവരം. നേരത്തേ ദുബായില്‍ വച്ച് മാര്‍ച്ച് 29ന് മുഴുവന്‍ അംഗങ്ങളും സംബന്ധിക്കുന്ന, മൂന്നു ദിവസം നീളുന്ന മീറ്റിങായിരുന്നു ഐസിസി ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഐസിസി ഇതു വേണ്ടെന്നു വയ്ക്കുകയായിരുന്നു.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യാന്തര മത്സരങ്ങള്‍ നിര്‍ത്തിവയ്ക്കേണ്ടി വന്ന സാഹചര്യം ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച ഐസിസി യോഗം ചേരും. യുഎഇയില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ദുബായിലെ ആസ്ഥാനം അടച്ചിട്ടു. ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ജീവനക്കാരുടെ സാമൂഹിക അകലം ഉറപ്പുവരുത്താനാണ് ഐസിസിയുടെ നീക്കം. ഐസിസി ഓഫീസിലെ ജീവനക്കാരോട് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു.