ലൈംഗിക തൊഴിലാളികളുടെ പെണ്മക്കളെ സഹായിക്കാനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലോക്സഭാംഗവുമായ ഗൗതം ഗംഭീര്‍. ന്യൂഡല്‍ഹി ഗാസ്റ്റിന് ബാസ്റ്റ്യന്‍ റോഡിലെ ലൈംഗിക തൊഴിലാളികളുടെ മക്കള്‍ക്കു വേണ്ടിയാണ് ഗംഭീര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. 'പാങ്ക്' എന്ന സംരംഭത്തിന്റെ ഭാഗമായി പ്രായപൂര്‍ത്തിയാകാത്ത 25 പെണ്‍കുട്ടികളെ ഏറ്റെടുക്കും.
'എല്ലാവര്ക്കും മാന്യമായി ജീവിക്കാനുള്ള അവകാശമുണ്ട്. ഈ കുട്ടികള്‍ക്ക് ഞാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണ്. സ്വപ്നങ്ങള്‍ ലക്ഷ്യമാക്കി അവര്‍ക്കു ജീവിക്കാം. അവരുടെ ജീവിതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയുടെ ചെലവുകളെല്ലാം ഏറ്റെടുക്കും'- ഗംഭീര്‍ വ്യക്തമാക്കി. അടുത്തഘട്ടത്തില്‍ കൂടുതല്‍ കുട്ടികളെ ഏറ്റെടുക്കുമെന്നും ആദ്യഘട്ടത്തില്‍ കുറഞ്ഞത് 25 പേരെയെങ്കിലും സഹായിക്കാനാണ് തീരുമാനമെന്നും അഞ്ച് മുതല്‍ 18 വയസുവരയെുള്ള പെണ്‍കുട്ടികള്‍ക്ക് സ്ഥിരമായി കൗണ്‍സിലിംഗ് നല്‍കുമെന്നും ഗംഭീര്‍ പറഞ്ഞു. ഇത്തരം കുട്ടികളെ സഹായിക്കാന്‍ കൂടുതല്‍ പേര് മുന്നോട്ടുവരണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു. നിലവില്‍ ഗൗതം ഗംഭീര്‍ ഫൗണ്ടേഷനിലൂടെ ഇരുന്നൂറോളം കുട്ടികളുടെ സംരക്ഷണം ഗൗതം ഗംഭീര്‍ ഇപ്പോള്‍ ഏറ്റെടുത്തു നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് 25 കുട്ടികളുടെ സംരക്ഷണം കൂടി ഗംഭീര്‍ ഏറ്റെടുക്കുന്നത്.
ഈസ്റ്റ് ഡല്‍ഹിയില്‍നിന്നുള്ള ലോക്സഭാംഗമാണ് ഗംഭീര്‍. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏപ്രിലില്‍ രണ്ട് വര്‍ഷത്തെ ശമ്പളം ഗംഭീര്‍ പിഎം കെയര്‍സ് ഫണ്ടിലേക്കു സംഭാവന നല്‍കിയിരുന്നു. ലോക് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയിലേക്ക് 1000 പിപിഇ കിറ്റുകളും സംഭാവന നല്കി. 2018 ഡിസംബറിലാണ് ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചത്.