TopTop
Begin typing your search above and press return to search.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് മെഡല്‍ നഷ്ടമാവും; ഗോമതി മാരിമുത്തുവിന് നാല്‌ വര്‍ഷം വിലക്ക്

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് മെഡല്‍ നഷ്ടമാവും; ഗോമതി മാരിമുത്തുവിന് നാല്‌ വര്‍ഷം വിലക്ക്

ഇന്ത്യന്‍ അത്‌ലറ്റ് ഗോമതി മാരിമുത്തുവിന് നാല് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി ലോക അത്‌ലറ്റിക് അച്ചടക്ക സമിതി. നിരോധിത മരുന്നുകള്‍ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ 800 മീറ്റര്‍ ഏഷ്യന്‍ ചാമ്പ്യന് വിലക്കേര്‍പ്പെടുത്തിയത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലടക്കം കഴിഞ്ഞവര്‍ഷം ഗോമതി നേടിയ എല്ലാ മെഡലുകളും റദ്ദാക്കി.

കഴിഞ്ഞ വര്‍ഷം ദോഹയില്‍ നടന്ന നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്റര്‍ 2. 70 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ഗോമതി ദോഹയില്‍ സ്വര്‍ണമണിഞ്ഞത്. നിരോധിത മരുന്നിന്റെ സാന്നിധ്യം ഗോമതിയുടെ മൂത്ര സാംപിളില്‍ കണ്ടെത്തിയതിനെത്തുര്‍ന്നാണ് ലോക അത്ലറ്റ്‌സ് ഇന്റഗ്രിറ്റി യൂണിറ്റ്(എഐയു) യുടെ നടപടി. മുന്‍കാല പ്രാബല്യത്തോടെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2019 മെയ് 17 മുതല്‍ 2023 മെയ് 16 വരെയാണ് വിലക്ക്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 18 മുതല്‍ മെയ് 17വരെയുള്ള ഗോമതിയുടെ മത്സരഫലങ്ങളെല്ലാം റദ്ദാക്കിയതിനൊപ്പം, റാങ്കിംഗ് പോയന്റ്, പ്രൈസ് മണി, പങ്കെടുക്കുന്നതിനുള്ള പ്രതിഫലം എന്നിവയെല്ലാം റദ്ദാക്കിയിട്ടുമുണ്ട്.

ഇതിനുപുറമെ 1000 പൗണ്ട്(ഏകദേശം ഒരു ലക്ഷം രൂപ) എഐയുവില്‍ പിഴയായും നല്‍കണം. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 18ന് പട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്‌സിനിടെ ശേഖരിച്ച ഗോമതിയുടെ രണ്ട് മൂത്ര സാംപിളിലും ഏപ്രിലില്‍ ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ട്രയല്‍സിനിടെ ശേഖരിച്ച രണ്ട് മൂത്ര സാംപിളിലും നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.നാല് സാംപിളുകളിലും പ്രകടനം മെച്ചപ്പെടുത്താനായി ഉപയോഗിക്കുന്ന നിരോധിത മരുന്നായ ആന്‍ഡ്രോസ്റ്റിറോണ്‍(സ്റ്റിറോയ്ഡ് 19) ന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്.

Next Story

Related Stories