TopTop
Begin typing your search above and press return to search.

സ്കെച്ച് പെന്നും, മാര്‍ക്കറും 'മാരകായുധ'ങ്ങള്‍; ഇന്ത്യ-ശ്രീലങ്ക ട്വന്‍റി 20 നടക്കുന്ന ഗുവാഹത്തി സ്റ്റേഡിയത്തില്‍ പോസ്റ്ററുകൾക്കും വിലക്ക്

സ്കെച്ച് പെന്നും, മാര്‍ക്കറും മാരകായുധങ്ങള്‍; ഇന്ത്യ-ശ്രീലങ്ക ട്വന്‍റി 20 നടക്കുന്ന ഗുവാഹത്തി സ്റ്റേഡിയത്തില്‍ പോസ്റ്ററുകൾക്കും വിലക്ക്

ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ട്വന്റി20 പരമ്പരയ്ക്ക് തുടക്കമിട്ട് ഞായറാഴ്ച ഗുവാഹത്തിയിൽ ആദ്യമൽസരം നടക്കാനിരിക്കെ സ്റ്റേഡിയത്തിൽ കടുത്ത നിയന്ത്രണങ്ങൾ‌. കാണികൾ സ്കെച് പെന്നും, മാർക്കർ പേനകളും കൈവശം വയ്ക്കുന്നതിന് ഉൾപ്പെടെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അസം തലസ്ഥാനമായ ഗുവാഹത്തിയിലെ ഡോ. ഭൂപൻ ഹസാരിക ക്രിക്കറ്റ് സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ വ്യക്തമാക്കി പോലീസും അസം ക്രിക്കറ്റ് അസോസിയേഷൻ മേധാവിമാരും നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് വിലക്ക് നേരിടുന്ന വസ്തുക്കളുടെ കൂട്ടത്തിൽ പേനകളും ഉണ്ടെന്ന് വ്യക്തമാക്കിയത്. പൗരത്വ നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രക്ഷോഭങ്ങൾ തുടരുകയും ഗുവാഹത്തിയിലും പരിസരത്തും നേരത്തെ തന്നെ വലിയ പ്രതിഷേധങ്ങൾ നടക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് നടപടി.

'കാണികൾക്ക് അവരുടെ പേഴ്‌സ്, വാഹനങ്ങളുടെ താക്കോലുകൾ, മൊബൈൽ ഫോണുകൾ എന്നിവ മാത്രം കൈവശം വയ്ക്കാനാണ് അനുവാദമുണ്ടായിരിക്കുക എന്ന് ഗുവാഹത്തി പോലീസ് കമ്മീഷണർ എം.പി ഗുപ്ത വ്യക്തമാക്കുകയായിരുന്നു. പിന്നാലെയാണ് സ്കെച്ച് പേനകളും മാർക്കറുകളും അനുവദിക്കില്ലെന്ന് അദ്ദേഹം എടുത്ത് പറഞ്ഞത്. പിന്നാലെ സ്റ്റേഡിയത്തിനുള്ളിൽ പോസ്റ്ററുകൾ അനുവദിക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് “ഈ മൂന്ന് ഇനങ്ങളല്ലാതെ മറ്റൊന്നും അനുവദിക്കില്ല.” എന്നായിരുന്നു എസി‌എ സെക്രട്ടറി ദേവാജിത് സൈകിയ നൽകിയ മറുപടി.

എന്നാൽ‌, മത്സരത്തിനിടെ പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധം നിരുത്സാഹപ്പെടുത്തുന്നതിനാണെന്ന വാദം സൈകിയ നിഷേധിച്ചു. ഏത് തരത്തിലുള്ള അന്താരാഷ്ട്ര മത്സരത്തിനും ഉയർന്ന സുരക്ഷ ആവശ്യമാണ്. അതിൽ കൂടുതൽ ഒന്നും ഇവിടെ നടപ്പാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കൂടാതെ ബിസിസിഐയും ഒരു ഒരു പാനീയ കമ്പനിയും തമ്മിലുള്ള പരസ്യകരാർ ദിവസങ്ങൾ‌ക്ക് മുൻ‌പ് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ പോസ്റ്ററുകള്‍ അനുവദിച്ചാൽ മറ്റ് കമ്പനികൾ പരസ്യത്തിനായി ഉപയോഗിച്ചേക്കാം. ഇത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‌‌അതേസമയം, മൽസരത്തിൽ ദേശീയ പതാക ഉപയോഗിക്കുന്നതിനെ കുറിച്ച് വാർത്താ സമ്മേളനത്തിൽ വ്യക്തതയുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

‌നിലവിലെ സാഹചര്യങ്ങളിൽ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നതിൽ അസം ക്രിക്കറ്റ് അസോസിയേഷൻ ഭയപ്പെടുന്നില്ലെന്നും സൈകിയ അവകാശപ്പെട്ടു. മത്സരത്തിൽ കാണികളുടെ പെരുമാറ്റത്തെക്കുറിച്ച് എസി‌എയും ബി‌സി‌സി‌ഐയും സംശയിക്കുന്ന ഒരു സാഹചര്യവും ഉണ്ടായിട്ടില്ല. ഇതുവരെ എല്ലാം പദ്ധതി പ്രകാരം നടന്നട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സ്റ്റേഡിയത്തിന്റെ പരമാവധിയായ 39,400 ൽ 27,000 ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഞായറാഴ്ചത്തെ മൽസരം ഐസി‌എല്ലിനുള്ള ഒരു തയ്യാറെടുപ്പ് കൂടിയായിരിക്കും. ഐ‌പി‌എൽ 2020 ൽ രാജസ്ഥാൻ റോയൽ‌സിന്റെ മൂന്ന് ഹോം മാച്ചുകള്‍ക്കും സ്റ്റേഡിയം ആതിഥേയത്വം വഹിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

പൗരത്വ നിയമത്തിന് എതിരായ പ്രക്ഷോഭങ്ങളെ തുടർന്ന് കഴിഞ്ഞ മാസം നടന്ന പോലീസ് വെടിവയ്പിൽ അഞ്ച് പേരായിരുന്നു ഗുവാഹത്തിയിലും പരിസരങ്ങളിലും കൊല്ലപ്പെട്ടത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ അക്രമാസക്തമായ പ്രതിഷേധം ഏതാനും ദിവസങ്ങൾ നഗരത്തിൽ അരക്ഷിതാവസ്ഥയും സൃഷ്ടിച്ചിരുന്നു. ദിവസങ്ങളോളം കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയും നിരോധനാജ്ഞ ഉൾ‌പ്പെടെ പ്രഖ്യാപിക്കേണ്ട അവസ്ഥയും ഉണ്ടായി. ഫോൺ ഇന്റെർനെറ്റ് സൗകര്യങ്ങളും റദ്ദാക്കപ്പെട്ടിരുന്നു.


Next Story

Related Stories