TopTop
Begin typing your search above and press return to search.

ഇന്ത്യന്‍ ഫുട്‌ബോളിലെ പകരം വെയ്ക്കാനില്ലാത്ത പ്രതിഭ; സുനില്‍ ഛേത്രിക്ക് 36-ാം ജന്മദിനം

ഇന്ത്യന്‍ ഫുട്‌ബോളിലെ പകരം വെയ്ക്കാനില്ലാത്ത പ്രതിഭ; സുനില്‍ ഛേത്രിക്ക് 36-ാം ജന്മദിനം

ഇന്ത്യന്‍ ഫുട്‌ബോളിന്റെ പകരക്കാരനില്ലാത്ത ഇതിഹാസം സുനില്‍ ഛേത്രിക്ക് 36-ാം ജന്മദിനം. ഇന്ത്യയുടെ ക്യാപ്റ്റനായി മുന്നില്‍ നിന്ന് നയിച്ച ഛേത്രി ഇന്ത്യന്‍ ഫുട്ബോളിന് ആരാധക പിന്തുണ ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി. ഇന്ത്യക്കുവേണ്ടി 72 ഗോള്‍ നേടിയ ഛേത്രിക്ക് മുന്നില്‍ സാക്ഷാല്‍ മെസിയും പിറകില്‍ പോയി. ദേശീയ ടീമിനുവേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഛേത്രി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് ഇക്കാര്യത്തില്‍ ഛേത്രിക്ക് മുന്നിലുള്ളത്. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം, ടോപ് സ്‌കോറര്‍, അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഗോള്‍വേട്ടയില്‍ രണ്ടാമന്‍, നെഹ്‌റു കപ്പ്, സാഫ് കപ്പ്, എ.എഫ്.സി. ചാലഞ്ച് കപ്പ്, സൂപ്പര്‍ ലീഗ്, ഐ ലീഗ് കിരീടങ്ങള്‍ ഇങ്ങനെ പോകുന്നു താരത്തിന്റെ കരിയറിലെ നേട്ടങ്ങള്‍.

ഇന്ത്യന്‍ സൈനികനായിരുന്ന കെ.ബി ഛേത്രി-സുശീല ഛേത്രി ദമ്പതികളുടെ മകനായി 1984 ഓഗസ്റ്റ് മൂന്നിന് സെക്കന്തരാബാദിലായിരുന്നു ഇതിഹാസ താരത്തിന്റെ ജനനം. ന്യൂഡല്‍ഹിയിലെ സിറ്റി എഫ്.സിയിലെ യൂത്ത് കരിയറിനിടെ 2002-ലാണ് ഛേത്രി മോഹന്‍ ബെഗാനിലെത്തുന്നത്. അതേസീസണില്‍ ബഗാന് വേണ്ടി നാലു ഗോളുകള്‍ നേടി വരവറിയിച്ചു. 2004-ല്‍ ഇന്ത്യ അണ്ടര്‍ 20 ടീമിലൂടെ ദേശീയ ടീമിലും പിന്നീട് 2005-ല്‍ സീനിയര്‍ ടീമിലുമെത്തി. 2005 ജൂണ്‍ 12-ന് പാകിസ്താനെതിരേ സൗഹൃദ മത്സരത്തിലായിരുന്നു ഛേത്രിയുടെ അരങ്ങേറ്റം. ആ കളിയില്‍തന്നെ ഗോളും നേടി. 2007ലെ നെഹ്റു കപ്പായിരുന്നു അദ്ദേഹത്തിന്റെ ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റ്. 2008ല്‍ ഇന്ത്യ എഫ്സി ചലഞ്ച് കപ്പ് നേടുമ്പോള്‍ ഛേത്രിയും ടീമിന്റെ ഭാഗമായിരുന്നു. 2011ലും 2015ലും സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ഛേത്രി ടീമിന്റെ നിര്‍ണ്ണായക ഭാഗമായിരുന്നു.

രാജ്യത്തിന് വേണ്ടി 115 മത്സരങ്ങള്‍ കളിച്ച് റെക്കോര്‍ഡിട്ട താരം 72 ഗോളുകളുമായി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിലവില്‍ കളിക്കുന്ന ഗോള്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ്. 2011-ല്‍ അര്‍ജുന പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. 2011ല്‍ ഏഴ് ഗോളുമായി ഛേത്രിയായിരുന്നു സാഫ് ചാമ്പ്യന്‍ഷിപ്പിലെ ടോപ് സ്‌കോറര്‍. 2019-ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചു. ആറു തവണ രാജ്യത്തെ മികച്ച ഫുട്‌ബോള്‍ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

രാജ്യത്തിനകത്തും പുറത്തുമായി ഒമ്പത് ക്ലബ്ബുകള്‍ക്കായി കളിച്ചു. 268 മത്സരം, 139 ഗോളുകള്‍. അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് കന്‍സാസ് സിറ്റിക്കും പോര്‍ച്ചുഗലിലെ സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ റിസര്‍വ് ടീമിനും കളിച്ചു. ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, ജെ.സി.ടി, ഡെംപോ ഗോവ, ചിരാഗ് യുണൈറ്റഡ്, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, മുംബൈ സിറ്റി ടീമുകള്‍ക്കായും സുനില്‍ ഛേത്രി ബൂട്ടണിഞ്ഞു. മുന്‍ ഫുട്ബോള്‍ താരം സുബ്രതാ ബട്ടാചാര്യയുടെ മകള്‍ സോനം ബട്ടാചാര്യയാണ് സുനില്‍ ഛേത്രിയുടെ ഭാര്യ.

Next Story

Related Stories