TopTop
Begin typing your search above and press return to search.

വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ മുട്ടുകുത്തി പ്രതിഷേധിച്ച് ഹാര്‍ദിക് പാണ്ഡ്യ

വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ മുട്ടുകുത്തി പ്രതിഷേധിച്ച് ഹാര്‍ദിക് പാണ്ഡ്യ

ഐപിഎല്ലില്‍ ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലൂടെ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ (ബിഎല്‍എം) പ്രചാരണത്തിന് പിന്തുണ അറിയിച്ച് മുംബൈ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. മത്സരത്തിനിടെ മുട്ടുകുത്തിയാണ് കറുത്തവരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് താരം ആവശ്യപ്പെട്ടത്. ഐപിഎല്ലില്‍ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രചാരണത്തിന് മുട്ടുകുത്തി പിന്തുണയേകിയ ആദ്യ താരമാണ് ഹാര്‍ദിക്.

നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ജേസണ്‍ ഹോള്‍ഡര്‍ വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ ലീഗില്‍ ശബ്ദമുയരുന്നില്ലെന്ന ആശങ്ക അറിയിച്ചിരുന്നു. അതിന് ശേഷം ഇതാദ്യമായാണ് ഐപിഎല്ലില്‍ ഒരു താരത്തില്‍ നിന്ന് വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്.

രാജസ്ഥാന്‍ റോയല്‍സിനോട് പരാജയപ്പെട്ടെങ്കിലും മുംബൈ ഇന്ത്യന്‍സിനായി ഉജ്ജ്വല ബാറ്റിങാണ് ഹര്‍ദിക് പാണ്ഡ്യ പുറത്തെടുത്തത്. ഏഴ് കൂറ്റന്‍ സിക്സുകളടക്കം താരം 21 പന്തില്‍ അടിച്ചെടുത്തത് 60 റണ്‍സ്. അര്‍ധ സെഞ്ച്വറി നേടിയ ശേഷമാണ് ഹര്‍ദിക് ക്രീസില്‍ മുട്ടുകുത്തി നിന്ന് ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രചാരണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഹര്‍ദിക് തന്റെ അര്‍ധ സെഞ്ച്വറി നേട്ടം ഇങ്ങനെ ഐക്യദാര്‍ഢ്യമായി പ്രഖ്യാപിച്ചപ്പോള്‍ ഡഗൗട്ടിലുണ്ടായിരുന്ന മുംബൈയുടെ താത്കാലിക നായകന്‍ കെയ്റോണ്‍ പൊള്ളാര്‍ഡ് പ്രത്യഭിവാദ്യം ചെയ്തതും ശ്രദ്ധേയ കാഴ്ചയായി.

മുട്ടുകുത്തി അഭിവാദ്യം ചെയ്യുന്നതിന്റെ ചിത്രം ഹര്‍ദിക് പിന്നീട് തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കിട്ടു. ബ്ലാക്ക് ലൈവ്സ് മാറ്റര്‍ എന്ന ഹാഷ്ടാഗോടെയാണ് താരം സ്വന്തം ചിത്രം പങ്കിട്ടത്. അമേരിക്കയില്‍ പൊലീസ് ശ്വാസം മുട്ടിച്ച് കൊന്ന കറുത്ത വംശജനായ ജോര്‍ജ് ഫ്ളോയിഡിന്റെ മരണത്തില്‍ പ്രതിഷേധിച്ചാണ് ലോകമെമ്പാടും ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രചാരണം അരങ്ങേറിയത്. കറുത്തവരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രചാരണം.



Next Story

Related Stories