TopTop
Begin typing your search above and press return to search.

സീസണില്‍ വന്‍തോല്‍വിയായി ചെന്നൈ; ധോണിയെ സ്പാര്‍ക്ക് വിവാദം വെട്ടിലാക്കുന്നതിനിടെ സൂപ്പര്‍താരം ടീമിന് പുറത്ത്

സീസണില്‍ വന്‍തോല്‍വിയായി ചെന്നൈ; ധോണിയെ സ്പാര്‍ക്ക് വിവാദം വെട്ടിലാക്കുന്നതിനിടെ സൂപ്പര്‍താരം  ടീമിന് പുറത്ത്

ഐപിഎല്ലില്‍ മൂന്നു തവണ ചാംപ്യന്മാരായിട്ടുള്ള ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഇതെന്തു പറ്റി, സീണില്‍ തുടക്കം മുതല്‍ പരാജയ പരമ്പരകളാണ് ചെന്നൈക്കുള്ളത്. മത്സരങ്ങള്‍ തുടങ്ങുന്നതിനു മുന്‍പുതന്നെ രണ്ടു കളിക്കാര്‍ക്ക് ഉള്‍പ്പെടെ 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് മുതല്‍ സീണില്‍ ചെന്നൈക്ക് തിരിച്ചടികളായിരുന്നു. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌നയും സ്പിന്നര്‍ ഹര്‍ഭജന്‍ സിങും കളിക്കില്ലെന്ന് അറിയിച്ചതോടെ ചെന്നൈ പരുങ്ങലിലായിരുന്നു. ഇപ്പോള്‍ പത്ത് മത്സരങ്ങളില്‍ നിന്ന് ഏഴ് പരാജയം ഏറ്റ് വാങ്ങിയ ടീമിന് ആകെ മൂന്ന് ജയം മാത്രമാണ് ആശ്വസിക്കാനുള്ളത്.

ഇതിനിടെ യുവതാരങ്ങളില്‍ 'സ്പാര്‍ക്ക്' ഇല്ലാത്തതിനാലാണ് ടീമില്‍ അവര്‍ക്ക് അവസരം ലഭിക്കാത്തതെന്ന പരാമര്‍ശവും നായകന്‍ ധോണിയെ വെട്ടിലാക്കി. കേദാര്‍ ജാദവിലും പീയൂഷ് ചൗളയിലും ധോണി എന്ത് സ്പാര്‍ക്കാണ് കാണുന്നത് എന്നായി വിമര്‍ശനം. മുന്‍ ഇന്ത്യന്‍ നായകന്‍ ക്രിസ് ശ്രീകാന്ത് ഉള്‍പ്പെടയുള്ളവര്‍ താരത്തെ വിമര്‍ശിച്ച് രംഗത്തെത്തി. എന്താണു ധോണി ചെയ്യുന്നത്? ജഗദീശനില്‍ സ്പാര്‍ക്ക് ഇല്ലെന്നാണോ ധോണി പറയുന്നത്. എന്തുതരം 'സ്പാര്‍ക്ക്' ആണ് ധോണി ജഗദീശനില്‍ കാണാതിരുന്നത്. കേദാര്‍ ജാദവിലും പീയുഷ് ചൗളയിലും എന്താണു കാണുന്നത്. കരണ്‍ ശര്‍മ വിക്കറ്റ് എടുക്കുകയെങ്കിലും ചെയ്യുന്നുണ്ട്. എന്നാല്‍ പിയൂഷ് ചൗള പന്തെറിയുക മാത്രമാണു ചെയ്യുന്നത്. ധോണി വലിയ താരം തന്നെയാണ്, അക്കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഈ വിഷയത്തില്‍ അദ്ദേഹത്തോടു യോജിക്കാന്‍ എനിക്കു സാധിക്കില്ല.' ക്രിസ് ശ്രീകാന്ത് വ്യക്തമാക്കി.

ഇതിനിടെ ചെന്നൈ ടീം മാനേജ്‌മെന്റിനും ക്യാപ്റ്റന്‍ എം.എസ്. ധോണിക്കുമെതിരെ സിഎസ്‌കെ ആരാധകരുടെ രൂക്ഷവിമര്‍ശനവും ശക്തമാണ്. ഐപിഎല്ലില്‍ ചെന്നൈ ടീമിന്റെ പ്രകടനത്തില്‍ മാറ്റങ്ങള്‍ കാണാതായതോടെയാണ് ആരാധകര്‍ പ്രകോപിതരായത്. ചെന്നൈയുടെ മോശം പ്രകടനത്തിന് ഉത്തരവാദികളായ ധോണിയും പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിങ്ങും ഉടന്‍ സ്ഥാനമൊഴിയണമെന്ന് ട്വിറ്ററില്‍ ആരാധകര്‍ ആവശ്യപ്പെട്ടു. ഈ സീസണ്‍ അവസാനിക്കുന്നതോടെ എം.എസ്. ധോണി, നിങ്ങള്‍ ടീം വിടണം. നിങ്ങളെ പരിശീലകന്‍, മെന്റര്‍ തുടങ്ങിയ റോളുകളില്‍ പോലും കാണാന്‍ ആഗ്രഹിക്കുന്നില്ല. ജഗദീശന്‍ ഉള്‍പ്പെടെയുള്ള യുവതാരങ്ങളെ നിങ്ങള്‍ നശിപ്പിച്ചു എന്നതടക്കം വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പരാജയത്തിന്റെ നിരാശയില്‍ ആരാധകര്‍ ധോണിയുടെ മകള്‍ക്കെത്തിരെ ഭീഷണി ഉയര്‍ത്തിയും പ്രതിഷേധിച്ചു.

അതേസമയം സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. ടീമിന്റെ പ്ലേ ഓഫ് സാധ്യതയ്ക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും നിര്‍ണായകമാണെന്നിരിക്കെ മറ്റൊരു പ്രഹരം കൂടി ടീമിനെ തേടിയെത്തിയിരിക്കുകയാണ്. സൂപ്പര്‍ താരം ഡ്വെയ്ന്‍ ബ്രാവോ പരുക്കുമൂലം ഇനിയുള്ള മത്സരങ്ങള്‍ കളിക്കില്ലെന്നാണ് റിപോര്‍ട്ടുകള്‍. വിന്‍ഡീസ് താരം ഉടന്‍തന്നെ യുഎഇയില്‍നിന്ന് നാട്ടിലേക്ക് മടങ്ങുമെന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു. ശനിയാഴ്ച, ഷാര്‍ജയില്‍ ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തിനിടെയാണ് ബ്രാവോയ്ക്ക് വലതു കാലിനു പരുക്കേറ്റത്. ഇതിനെത്തുടര്‍ന്ന് ബ്രാവോയ്ക്ക് അവസാന ഓവര്‍ പന്തെറിയാനും സാധിച്ചിരുന്നില്ല. പകരം ബോള്‍ ചെയ്ത രവീന്ദ്ര ജഡേജയുടെ ഓവറില്‍ അക്‌സര്‍ പട്ടേല്‍ മൂന്നു സിക്‌സടിച്ചാണ് ഡല്‍ഹിയെ വിജയിപ്പിച്ചത്. ഈ സീസണില്‍ ആറ് മത്സരങ്ങള്‍ കളിച്ച ബ്രാവോ ആറ് വിക്കറ്റും സ്വന്തമാക്കിയിരുന്നു.


Next Story

Related Stories