TopTop
Begin typing your search above and press return to search.

2016 ല്‍ മത്സരങ്ങളില്‍ നിന്നും പിന്‍വാങ്ങി, മൂന്നാം വര്‍ഷം ലോക കിരീടവുമായി ഉയര്‍ത്തെഴുന്നേല്‍പ്പ്; കൊനേരു ഹംപി എന്ന ചെസ് ഇതിഹാസം

2016 ല്‍ മത്സരങ്ങളില്‍ നിന്നും പിന്‍വാങ്ങി, മൂന്നാം വര്‍ഷം ലോക കിരീടവുമായി ഉയര്‍ത്തെഴുന്നേല്‍പ്പ്; കൊനേരു ഹംപി എന്ന ചെസ് ഇതിഹാസം

ലോക വനിതാ റാപ്പിഡ് ചെസ് ചാമ്പ്യനായ ഇന്ത്യയുടെ കൊനേരു ഹംപിക്ക് കൈയ്യടിക്കുകയാണ് കായികലോകം. മോസ്‌കോയില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സന്‍ ആണെന്നു അറിയുമ്പോഴാണ് ഹംപിയുടെ നേട്ടം ശ്രദ്ധനേടുന്നത്. ചൈനയുടെ ലെയ് ടിങ് ചിയെ കീഴടക്കിയാണ് ആന്ധ്രക്കാരിയായ ഹംപിയുടെ നേട്ടം. ഹംപി, ലെയ് ടിങ് ചി, റഷ്യയുടെ ഏകാതെറിന അതാലിക് എന്നിവര്‍ ഒമ്പത് പോയിന്റ് നേടിയതോടെ ടൈബ്രേക്കിലേക്ക് നീണ്ട മത്സരത്തിലാണ് ഹംപിയുടെ വിജയം.പതിനഞ്ചു മാസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞവര്‍ഷമാണ് ഹമ്പി വീണ്ടും സജീവമായത്. അമ്മയായ ശേഷമുള്ള തിരിച്ചുവരവില്‍ ഈ വര്‍ഷം ഫിഡേ വനിതാ ചെസ് ഗ്രാന്‍ പ്രിയിലെ ആദ്യപാദ കിരീടം സ്വന്തമാക്കി. ഇപ്പോള്‍ ലോക റാപ്പിഡ് കിരീടവും.നേരത്തെ 10 വയസ്സിനും 12 വയസ്സിനും 14 വയസ്സിനും താഴെയുള്ള പെണ്‍കുട്ടികളുടെ ചെസില്‍ ലോക കിരീടം നേടിയ താരമാണ് കൊനേരു ഹംപി.

ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡ പട്ടണത്തില്‍ ജനിച്ച് അണ്ടര്‍ ഏജ് ലോക കീരീടങ്ങളും പെണ്‍കുട്ടികളുടെ ലോക ജൂനിയര്‍ കിരീടവും നേടിയ ഹംപിയുടെ നേട്ടങ്ങള്‍ക്ക് പിന്നില്‍ അച്ഛന്‍ കൊനേരു അശോകിന്റെ പിന്തുണ ഏറെ ഉണ്ടായിരുന്നു. രണ്ടുവട്ടം സംസ്ഥാന ചാംപ്യനും ദേശീയ ബി ചെസ് താരവുമായിരുന്ന അശോക് അധ്യാപക ജോലി വിട്ടു മകളുടെ പരിശീലനത്തിനായി ജീവിതം മാറ്റി വയ്ക്കുകയായിരുന്നു.

ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി എന്ന അപൂര്‍വ്വ ബഹുമതി 2002ല്‍ തന്നെ ഹംപി കരസ്ഥമാക്കിയിരുന്നു. വിശ്വചെസ്സിലെ ഇതിഹാസ വനിതയായ ജൂഡിത്ത് പോള്‍ഗാറിന്റെ റെക്കോഡിനെ മറികടന്ന ഹമ്പി 15 വയസും 1 മാസവും 27 ദിവസവും പ്രായമുള്ളപ്പോളാണ് ഗ്രാന്‍ഡ്മാസ്റ്റര്‍ പട്ടത്തിന് അര്‍ഹയായത്. ചെറുപ്രായത്തിലെ ഹംപിയുടെ നേട്ടങ്ങളെ ഇങ്ങനെ അക്കമിട്ട് നിരത്താം. 1997 ല്‍ 10 വയസിനുതാഴെയുള്ള പെണ്‍കുട്ടികളില്‍ ലോകചാമ്പ്യന്‍, 1998 ല്‍ 12 വയസിനുതാഴെയുള്ള പെണ്‍കുട്ടികളില്‍ ലോകചാമ്പ്യന്‍,1999 ല്‍ 12 വയസിനുതാഴെയുള്ള പെണ്‍കുട്ടികളില്‍ ഏഷ്യന്‍ ചാമ്പ്യന്‍, 2000 ത്തില്‍ 14 വയസിനുതാഴെയുള്ള പെണ്‍കുട്ടികളില്‍ ലോകചാമ്പ്യന്‍ 2001 ല്‍ ലോകവനിതാജൂനിയര്‍ചാമ്പ്യന്‍, 2002 ല്‍ ലോകവനിതാജൂനിയര്‍ചാമ്പ്യന്‍ (ഒന്നാം സ്ഥാനം പങ്കിട്ടു), 2004 ല്‍ ഏഷ്യന്‍ വനിതാചാമ്പ്യന്‍ 2004 ല്‍ ലോകവനിതാചാമ്പ്യന്‍ഷിപ്പ് സെമിഫൈനലിസ്റ്റ്. അതെ ഭാരതീയ കായികചരിത്രത്തില്‍ സമാനതകളില്ലാത്ത നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്ന അതുല്യപ്രതിഭയെന്ന് തന്നെ ഹംപിയെ വിളിക്കാം.

2003ല്‍ അര്‍ജ്ജുനാ അവാര്‍ഡും 2007ല്‍ പദ്മശ്രീയും നല്‍കി ആദരിച്ചു. എന്നാല്‍ 2009ല്‍ ടൂറിനില്‍ ലോക ചെസ് ഒളിംപ്യാഡില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച തര്‍ക്കത്തില്‍ അഖിലേന്ത്യാ ചെസ് ഫെഡറേഷനുമായി തെറ്റിപ്പിരിഞ്ഞതോടെ ഹംപിക്ക് അവസരം നഷ്ടമായിരുന്നു. 2014ല്‍ കുടുംബജീവിതത്തിലേക്കു പ്രവേശിച്ച ഹംപി 2016- 2018 കാലഘട്ടത്തില്‍ സജീവചെസില്‍നിന്ന് വിട്ടുനിന്നതോടെ ഇന്ത്യന്‍ ചെസിലെ ഹംപി യുഗം അവസാനിച്ചെന്നു പലരും കരുതി. എന്നാല്‍ പെണ്‍കുഞ്ഞിന്റെ അമ്മയായ ശേഷം 32 ാം വയസ്സില്‍ 13ാം സീഡായ ഹംപി ലോകകിരീടം ചൂടി. മുന്‍പ് വിശ്വനാഥന്‍ ആനന്ദ് എന്ന ഇന്ത്യന്‍ ഇതിഹാസത്തിനു മാത്രം സ്വന്തമാക്കാനായ നേട്ടമാണ് താരം നേടിയെടുത്തത്.

Next Story

Related Stories