ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെ തുടര്‍ന്ന് ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടി വന്ന താരമാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്. വാതുവെപ്പ് വിവാദത്തില്‍ അകപ്പെട്ട് 2000 ല്‍ ഡിസംബറിലാണ് അസ്ഹറുദ്ദീനെ ബിസിസിഐ വിലക്കിയത്. നീണ്ട നിയമ പോരാരാട്ടത്തിനൊടുവില് 2012 ല്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതി താരത്തിനെതിരെയുണ്ടായിരുന്ന നിരോധനം റദ്ദാക്കുകയും നിയമവിരുദ്ധമെന്ന് കണ്ടെത്തി കുറ്റവിമുക്തനാക്കുകയായിരുന്നു.
ഇപ്പോള്‍ ബിസിസിഐ തന്നെ ക്രിക്കറ്റില്‍ നിന്ന് വിലക്കിയത് എന്തിനാണെന്ന് അറിയില്ലെന്ന് പറയുകയാണ് മുഹമ്മദ് അസ്ഹറുദ്ദീന്. തന്നെ വിലക്കിയതിന്റെ കാരണങ്ങള്‍ ശരിക്കും അറിയില്ലെന്ന് പറഞ്ഞ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇപ്പോള്‍ ആരെയും കുറ്റപെടുത്തില്ലെന്നും പറഞ്ഞു.
ക്രിക്കറ്റ്പാക്കിസ്ഥാന്‍.കോം വെബ്സൈറ്റിന് നല്കിയ അഭിമുഖത്തിനിടെ തന്റെ ജീവിതത്തിലെ ഇരുണ്ട ഘട്ടങ്ങളിലൊന്ന് ഓര്‍മിപ്പിച്ച അസ്ഹറുദ്ദീന് പറഞ്ഞു, 'സംഭവിച്ചതിന് ആരെയും കുറ്റപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നെ വിലക്കിയതിന്റെ കാരണങ്ങള്‍ എനിക്കറിയില്ല ...'... പക്ഷെ ഞാന്‍ അതിനെതിരെ പോരാടാന്‍ തീരുമാനിച്ചിരുന്നു. 12 വര്‍ഷത്തിനുശേഷം എനിക്ക് അനുമതി ലഭിച്ചതില്‍ ഞാന്‍ നന്ദിയുള്ളവനാണ്. ഹൈദരാബാദ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഞാന്‍ ബിസിസിഐ എജിഎം യോഗത്തില്‍ പങ്കെടുത്തപ്പോള്‍ എനിക്ക് വളരെ സംതൃപ്തി തോന്നി.'
തന്റെ കരിയറിലെ 99-ാമത്തെ ടെസ്റ്റ് തന്റെ അവസാനത്തേതായിരിക്കുമെന്ന് അറിയില്ലായിരുന്നുവെങ്കിലും കരിയറില്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ നഷ്ടബോധമില്ലെന്നും അസ്ഹറുദ്ദീന് പറയുന്നു. വളരെക്കാലം ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരം ലഭിച്ചത് ഭാഗ്യമാണെന്ന് മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു. ''ഞാന്‍ 16 മുതല്‍ 17 വര്‍ഷം വരെ കളിച്ചു, 10 വര്‍ഷത്തോളം ഞാന്‍ ക്യാപ്റ്റനായി. എനിക്ക് കൂടുതലായി എന്താണ് ചോദിക്കാന്‍ കഴിയുക? 'ഇന്ത്യക്ക് വേണ്ടി 99 ടെസ്റ്റ് മത്സരങ്ങളും 334 ഏകദിന മത്സരങ്ങളും അസ്ഹര്‍ കളിച്ചിട്ടുണ്ട്.