TopTop
Begin typing your search above and press return to search.

'എനിക്ക് അറിയാവുന്ന ഒരേയൊരു കാര്യം ഫുട്‌ബോള്‍ മാത്രമാണ്'; ഫെഡറേഷന് 57 പേജുള്ള കത്തയച്ച് അന്‍വര്‍ അലി

എനിക്ക് അറിയാവുന്ന ഒരേയൊരു കാര്യം ഫുട്‌ബോള്‍ മാത്രമാണ്; ഫെഡറേഷന് 57 പേജുള്ള കത്തയച്ച് അന്‍വര്‍ അലി

ഫുട്‌ബോള്‍ തന്റെ ജീവനോപാധിയാണെന്നും കളിയില്‍നിന്നു തന്നെ തടയരുതെന്നും മുന്‍ മുംബൈ സിറ്റി, ഇന്ത്യന്‍ ആരോസ്, ഫിഫ അണ്ടര്‍ 17 ലോകകപ്പ് ടീം പ്രതിരോധ താരമായ അന്‍വര്‍ അലി. 'എനിക്ക് അറിയാവുന്ന ഒരേയൊരു കാര്യം ഫുട്‌ബോള്‍ മാത്രമാണ്' എന്ന് പറഞ്ഞാണ് തന്നെ കളിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടത്. ഹൃദയസംബന്ധമായ അസുഖം സ്ഥിരീകരിച്ചതിനാല്‍ അന്‍വര്‍ ഫുട്‌ബോള്‍ കളിക്കുന്നതു ജീവനുതന്നെ അപകടകരമാണെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ മെഡിക്കല്‍ സമിതി ശുപാര്‍ശ ചെയ്തിരുന്നു. അന്‍വറിനെ കളിക്കാന്‍ അനുവദിക്കണമോ വേണ്ടയോ എന്നത് ഫെഡറേഷന്റെ മെഡിക്കല്‍ കമ്മിറ്റി ചര്‍ച്ച ചെയ്യുകയാണ്.

ഈ സാഹചര്യത്തില്‍ ഫുട്‌ബോള്‍ കളിക്കുന്നതില്‍ നിന്ന് തന്നെ തടയരുതെന്ന് ആവശ്യപ്പെട്ട് അന്‍വര്‍ ഫെഡറേഷന് 57 പേജ് വരുന്ന കത്തെഴുതിയിരിക്കുകയാണ്. 'ഭരണഘടനയുടെ 21-ാം ആര്‍ട്ടിക്കിള്‍ അനുസരിച്ച് ഏതൊരു പൗരനും അദ്ദേഹത്തിന്റെ ജീവനോപാധി തുടരാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്റെ കാര്യത്തില്‍ അതു ഫുട്‌ബോളാണ്. ഫുട്‌ബോള്‍ കളിച്ചു മരിക്കുന്നതിനെക്കാള്‍ സാധ്യത കൂടുതലാണു ഞാനും എന്റെ കുടുംബവും ദാരിദ്ര്യം മൂലം മരിക്കാന്‍' ,പഞ്ചാബിലെ കര്‍ഷക കുടുംബാംഗമായ അന്‍വര്‍ കത്തിലെഴുതി. ഡോക്ടര്‍മാരുടെ സമ്മതം കിട്ടിയാല്‍ അന്‍വറിനെ ഓരോ കളിയിലും 60 മിനിറ്റ് വീതം കളിപ്പിക്കാന്‍ തയാറാണെന്നു താരത്തിന്റെ ക്ലബ്ബായ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് അറിയിച്ചിരുന്നു.

വെല്ലുവിളികള്‍ അതിജീവിച്ച് എന്നെ ടീമിലെടുക്കാന്‍ ഒരു ക്ലബും തയാറായെന്ന് വരില്ല, പക്ഷേ എന്റെ ക്ലബ് തയ്യാറാണെങ്കില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്ത് കളിക്കാന്‍ ഞാന്‍ തയാറാണ്. ചൊവ്വാഴ്ച എ.ഐ.എഫ്.എഫിന് ഡോക്യുമെന്ററി തെളിവുകളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും സഹിതം 57 പേജുകളുള്ള വിശദമായ കത്തില്‍ അന്‍വര്‍ എഴുതി.

'എഐഎഫ്എഫ് എന്നെ വിലക്കിയാല്‍, കൊല്‍ക്കത്തയിലെ ഖേപ് പോലുള്ള താഴ്ന്ന നിലയിലുള്ള ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകും. ഈ ടൂര്‍ണമെന്റുകളില്‍ മെഡിക്കല്‍ സൗകര്യങ്ങളില്ല, അതിനാല്‍ ഞാന്‍ കളിക്കളത്തില്‍ മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങള്‍ അയോഗ്യനാക്കിയാല്‍ എനിക്കും എന്റെ കുടുംബത്തിനും വധശിക്ഷയായിരിക്കും ലഭിക്കുക. എന്നെ കളിക്കാന്‍ അനുവദിക്കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, അന്‍വര്‍ പറഞ്ഞു.

പഞ്ചാബിലെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഒരു ചെറിയ കന്നുകാലി ഫാമില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് അന്‍വര്‍ വളര്‍ന്നത്. 'ഒരു വലിയ കുടുംബം എന്ന നിലയിലും ഞാന്‍ മാത്രം സമ്പാദിക്കുന്ന അംഗം എന്ന നിലയിലും ഞാന്‍ ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരനായിരിക്കുമ്പോഴും ലക്ഷ്യങ്ങള്‍ നിറവേറ്റുന്നത് ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടാണ്,'' അന്‍വര്‍ പറഞ്ഞു.

ഒരു വര്‍ഷം മുമ്പാണ് അന്‍വര്‍ മുംബൈ സിറ്റി എഫ്സിയുമായി കരാര്‍ ഒപ്പിട്ടത്. അതിനുമുമ്പ് അദ്ദേഹം ഇന്ത്യന്‍ ആരോസ് ടീമിലെ പ്രമുഖ താരമായിരുന്നു. കഴിഞ്ഞ വര്‍ഷം ഹൃദ്രോഗം കണ്ടെത്തിയപ്പോള്‍ അദ്ദേഹത്തിന് കരിയറില്‍ തിരിച്ചടിയാകുകയായിരുന്നു. അസാധാരണമായ ഹൈപ്പര്‍കാര്‍ഡിയോ മയോപ്പതിയുടെ (എച്ച്‌സിഎം) വളരെ അപൂര്‍വമായ രോഗം ചികിത്സയ്ക്കായി ഫ്രാന്‍സിലേക്ക് പോയ അദ്ദേഹം ഇപ്പോള്‍ തിരിച്ചെത്തിയാണ് താരം കളിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഐ-ലീഗ് രണ്ടാം ഡിവിഷനില്‍ കളിക്കാന്‍ കൊല്‍ക്കത്ത ക്ലബ് മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗുമായി അദ്ദേഹം ഒപ്പുവെച്ചു, പക്ഷേ എ.ഐ.എഫ്.എഫില്‍ നിന്ന് ഗ്രീന്‍ സിഗ്‌നല്‍ നല്‍കുന്നത് വരെ അദ്ദേഹത്തിന് കളിക്കാന്‍ കഴിയില്ല.

Next Story

Related Stories