TopTop
Begin typing your search above and press return to search.

'അന്ന് കേരള പോലീസില്‍ നിന്ന് അഞ്ച് പേരൊക്കെ ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നു, ആ പ്രതാപ കാലം ഇനി തിരിച്ചു വരില്ല'; സുവര്‍ണ താരങ്ങളുടെ ഓര്‍മ്മ പങ്കുവെച്ച് ഐഎം വിജയന്‍

അന്ന് കേരള പോലീസില്‍ നിന്ന് അഞ്ച് പേരൊക്കെ ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നു, ആ പ്രതാപ കാലം ഇനി തിരിച്ചു വരില്ല; സുവര്‍ണ താരങ്ങളുടെ ഓര്‍മ്മ പങ്കുവെച്ച് ഐഎം വിജയന്‍

കേരളാ പോലീസിന്റെ സുവര്‍ണ ടീമിലുള്‍പ്പെട്ട താരങ്ങള്‍ ഔദ്യോഗിക പദവിയൊഴിയുകയാണ്. തൊണ്ണൂറുകളില്‍ ഇന്ത്യന്‍ ഫുട്ബോള്‍ അടക്കിഭരിച്ച കേരള പോലീസ് ടീമിന്റെ വിശ്വസ്തനായ ഗോള്‍ കീപ്പര്‍ കെ ടി ചാക്കോയും സൂപ്പര്‍ ഡിഫന്‍ഡര്‍ യു ഷറഫലിയും വിംഗ് ബാക്ക് ബാബുരാജനും സര്‍വീസില്‍ നിന്ന് വിരമിച്ചിരിക്കുകയാണ്. മൂവരും മടങ്ങുന്നതോടെ ഇനി ശേഷിക്കുന്നത് ഏതാനും പേര്‍ മാത്രം. ഇന്ത്യന്‍ ഫുട്ബോളിനെ ഇളക്കിമറിച്ച കേരളാ പോലീസ് ഫുട്ബോള്‍ ടീം ഇന്നുണ്ടെങ്കിലും പഴയ ശേഷിയില്ല. പോലീസിന്റെ പോരാട്ടവീര്യം കളിക്കളത്തില്‍ പ്രകടമാക്കിയ ഒരുപിടി താരങ്ങളായിരുന്നു ആ ടീമിന്റെ കരുത്ത്. ഒരു കാലത്തെ കേരള പോലീസിലെ ആ പ്രതാപനിരയെ കുറിച്ച് ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസ താരം ഐഎം വിജയന്‍ അഴിമുഖത്തോട് സംസാരിക്കുന്നു. .

"1986 ലാണ് ഞാന്‍ പോലിസില്‍ താരമായി എത്തുന്നത്. ഞാനും കെ.ടി ചാക്കോയുമെല്ലാം ഒരേസമയത്താണ് വരുന്നത്. ഷറഫലി അന്നൊക്കെ വലിയ താരമായിരുന്നു. അന്ന് ബാബുരാജന്‍ എന്നെക്കാള്‍ ജൂനിയറാണ്. ഷറഫലി, പാപ്പച്ചന്‍, കുഞ്ഞു കൃഷ്ണ, തൊബിയാസ് ഇങ്ങനെ വലിയ കളിക്കാരുടെ നിരയിലേക്കാണ് എത്തുന്നത് അവരില്‍ നിന്ന് ഒത്തിരി കാര്യങ്ങള്‍ പഠിക്കാനും സാധിച്ചു. ചാക്കോ അന്ന് ഇന്ത്യ കണ്ട് ഏറ്റവു മികച്ച ഗോള്‍ കീപ്പറായിരുന്നു. ഞാനും ചാക്കോയും എല്ലാം അന്ന് ഇന്ത്യന്‍ ടീമില്‍ ഒരുമിച്ച് കളിച്ചിരുന്നു. ഷറഫലി മലപ്പുറത്ത് നിന്നായിരുന്നു. ഫുട്‌ബോള്‍ ബ്ലഡാണ്, അതിന്റെ ഗുണം ഉണ്ടായിരുന്നു. കേരള പോലീസിന്റെ റൈറ്റ് വിങ്ങ് ബാക്കായിരുന്നു ബാബുരാജന്‍.

അന്ന് കേരള പോലീസില്‍ നിന്ന് അഞ്ച് പേരൊക്കെ ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നു. കേരള പോലീസ് ടീം മൈതാനത്ത് ഇറങ്ങിയാല്‍ അന്ന് സ്‌റ്റേഡിയത്തില്‍ കാണികള്‍ തിങ്ങി നിറയും അത് കോഴിക്കോടായാലും എവിടെ ആയാലും. അത് അന്നത്തെ കളിക്കാരില്‍ അവര്‍ അര്‍പ്പിച്ച പ്രതീക്ഷകളായിരുന്നു. അത്ര പ്രതിഭയുള്ളവരായിരുന്നു എല്ലാവരും തന്നെ. ഈ കാണികളുടെ ആരവം തന്നെയായിരുന്നു അന്നത്തെ താരങ്ങളുടെ പ്രകടനത്തെ സ്വാധീനിച്ചത്. ഇന്ന് ആ സാഹചര്യമല്ല." ഐഎം വിജയന്‍ പറഞ്ഞു.

1984 ലാണ് ഷറഫലി കേരള പോലീസിലെത്തുന്നത്. പ്രതിരോധ നിരയില്‍ ഷറഫലിയൊരുക്കുന്ന പ്രതിരോധം തകര്‍ക്കുന്നത് എളുപ്പമായിരുന്നില്ല. 1985 മുതല്‍ 1995 വരെ ഇന്ത്യന്‍ ജഴ്സിയില്‍ ആ മികവ് ലോകംകണ്ടു. സാഫ് ഗെയിംസ് ജേതാക്കളായ ടീമില്‍ അംഗമായ ഷറഫലി 1993 സൂപ്പര്‍ സോക്കര്‍ കപ്പില്‍ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നു. സാഫ് കപ്പ് മുതല്‍ ഫെഡറേഷന്‍ കപ്പ് ജേതാവിന്റെ മെഡല്‍ വരെ ഷറഫലി സ്വന്തമാക്കി.

പത്ത് വര്‍ഷം കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ച ഷറഫലി ഇടക്കാലത്ത് ബംഗാളിന് വേണ്ടിയും സന്തോഷ് ട്രോഫി കളിച്ചു. 1992 ലും 1993 ലും കേരളം തുടരെ സന്തോഷ് ട്രോഫി ജേതാക്കളായപ്പോള്‍ ഷറഫലി ആ ടീമിന്റെ നെടുംതൂണായിരുന്നു. പോലീസ് ടീമില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് കൊല്‍ക്കത്തന്‍ ക്ലബ്ബുകള്‍ മോഹനവാഗ്ദാനവുമായി രംഗത്ത് വന്നത്. മുഹമ്മദന്‍സിനും മോഹന്‍ബഗാനും കളിച്ച ഷറഫലി ഇക്കാലയളവില്‍ ബംഗാളിനായി സന്തോഷ് ട്രോഫി കളിക്കാനും ഇറങ്ങി. നാലു തവണ ചാമ്പ്യന്‍മാരായ ഓള്‍ ഇന്ത്യ പോലീസ് ഫുട്ബോളിലും അംഗമായി. രണ്ടു വര്‍ഷം കേരളാ പോലീസ് ടീമിന്റെ നായകനുമായി.

1987 ലാണ് കെ ടി ചാക്കോ കേരള പോലീസിലെത്തുന്നത്. അതിന് വഴിയൊരുക്കിയത് ചങ്ങനാശേരി എസ് ബി കോളജിലെ പ്രീഡിഗ്രി കാലത്ത് എം ജി സര്‍വകലാശാലയുടെ ഗോളിയായി തിളങ്ങിയത്. പത്തനംതിട്ട തിരുവല്ല ഓതറ സ്വദേശിയായ കെ ടി ചാക്കോ ഗോള്‍ കീപ്പിംഗിലെ ബ്രാന്‍ഡ് നെയിമായി മാറി. തുടരെ എട്ട് വര്‍ഷം കേരള ടീമിനൊപ്പം സന്തോഷ് ട്രോഫി കളിച്ചു. 1991 മുതല്‍ നാല് വര്‍ഷം ഇന്ത്യന്‍ ടീമിന്റെ സ്ഥിരം ഗോള്‍ കീപ്പര്‍. 1990 ല്‍ തൃശൂര്‍ ഫെഡറേഷന്‍ കപ്പ് വിജയത്തില്‍ വലിയ പങ്ക് വഹിച്ച കെ ടി ചാക്കോ 1991 ല്‍ കണ്ണൂരില്‍ ടീം ഫെഡറേഷന്‍ കപ്പ് ജയിക്കുമ്പോള്‍ ക്യാപ്റ്റനായിരുന്നു. വി പി സത്യന് പരുക്കേറ്റതിനെ തുടര്‍ന്നായിരുന്നു ചാക്കോ ക്യാപ്റ്റനായത്. കണ്ണൂരില്‍ ചാക്കോയുടെ കേരള പോലീസ് ടീം ഫെഡറേഷന്‍ കപ്പ് ഉയര്‍ത്തിയപ്പോള്‍ ആ ടീമില്‍ ഷറഫലിയും ബാബുരാജനുമുണ്ടായിരുന്നു. 1987 ബാച്ചിലെ ബാബുരാജന്‍ രണ്ട് തവണ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.

കേരള പോലീസ് ടീമിന്റെ വിശ്വസ്ഥനായ ഗോള്‍ കീപ്പര്‍ കെ ടി ചാക്കോയും സൂപ്പര്‍ ഡിഫന്‍ഡര്‍ യു ഷറഫലിയും വിംഗ് ബാക്ക് ബാബുരാജനും കഴിഞ്ഞ മാസം 30 നാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. 36 വര്‍ഷത്തെ സേവനത്തിന് ശേഷം മലപ്പുറം കോട്ടയ്ക്കലിലെ ആര്‍ ആര്‍ ആര്‍ എഫ് (റാപ്പിഡ് റെസ്പോണ്‍സ് ആന്‍ഡ് റെസ്‌ക്യൂ ഫോഴ്സ്) കമന്‍ഡാന്റ് സ്ഥാനത്ത് നിന്നാണ് ഷറഫലി പടിയിറങ്ങുന്നത്. ഹവീല്‍ദാറായി സര്‍വീസില്‍ കയറിയ കെ ടി ചാക്കോ 33 വര്‍ഷത്തെ സേവനത്തിന് ശേഷം കെ എ പി അഞ്ചാം ബറ്റാലിയന്‍ (കുട്ടിക്കാനം) ഡപ്യൂട്ടി കമാന്‍ഡോയായാണ് വിരമിക്കുന്നത്. ബാബുരാജന്‍ കണ്ണൂര്‍ കെ എ പി നാല് അസി. കമാന്‍ഡറും.


Next Story

Related Stories