TopTop
Begin typing your search above and press return to search.

'മോദി അധികാരത്തിലിരിക്കുന്ന കാലം ഇന്ത്യ-പാകിസ്ഥാന്‍ പരമ്പര നടക്കില്ല': ഷാഹിദ് അഫ്രീദി

മോദി അധികാരത്തിലിരിക്കുന്ന കാലം ഇന്ത്യ-പാകിസ്ഥാന്‍ പരമ്പര നടക്കില്ല: ഷാഹിദ് അഫ്രീദി

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലിരിക്കുന്ന കാലം സംഭവിക്കുമെന്ന് കരുതുന്നില്ലെന്ന് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. ക്രിക്കറ്റ് പാകിസ്താന്‍ ഡോട്ട് കോം വെബ്സൈറ്റിന്റെ 'ഇന്‍സൈഡ് ഔട്ട്' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അഫ്രീദി. ഇന്ത്യയും പാകിസ്താനും അവസാനമായി ഉഭയകക്ഷി പരമ്പര കളിച്ചത് ഏഴു വര്‍ഷം മുമ്പാണ്. 2012-13ല്‍ മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പരയ്ക്കായി പാക് ടീം ഇന്ത്യ സന്ദര്‍ശിച്ചിരിന്നു. നീണ്ട അഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷമായിരുന്നു ആ പരമ്പര നടന്നത്. 13 വര്‍ഷം മുമ്പ് 2007-ലാണ് ഇരുടീമുകളും അവസാനമായി ടെസ്റ്റ് പരമ്പര കളിച്ചത്.

'മോദിയുടെ ചിന്തകള്‍ എത്തരത്തിലാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇരു രാജ്യങ്ങളിലെയും ആളുകള്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. ഒരു വ്യക്തി കാരണമാണ് ഇരു രാജ്യങ്ങളുടെയും ബന്ധം വഷളായത്. എന്താണ് മോദി ഉദ്ദേശിക്കുന്നതെന്ന് സത്യത്തില്‍ മനസിലാകുന്നില്ല- അഫ്രീദി പറഞ്ഞു.

ഇന്ത്യയിലെ ക്രിക്കറ്റ് താരങ്ങളുടെ വളര്‍ച്ചയ്ക്ക് ഐ.പി.എല്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്, പാകിസ്താന്‍ സൂപ്പര്‍ ലീഗിലൂടെ പാക് ക്രിക്കറ്റില്‍ വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷ. 2009ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിന് നേരെ ലാഹോര്‍ സ്റ്റേഡിയത്തിനടുത്ത് വെച്ച് ഭീകരാക്രമണം ഉണ്ടായ ശേഷമാണ് ടീമുകള്‍ പാകിസ്താനിലേക്ക് പര്യടനം നടത്താതെയായത്. പാകിസ്താനില്‍ ക്രിക്കറ്റ് തിരിച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി ശ്രീലങ്കയിലേയും ബംഗ്ലാദേശിലേയും താരങ്ങള്‍ ഇവിടെ പര്യടനത്തിനെത്തി. ഈ മാറ്റം പ്രതീക്ഷയോടെയാണ് കാണുന്നത്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ് ടീമുകളും പാക് പര്യടനത്തിനെത്തുമെന്നാണ് പ്രതീക്ഷയെന്നും അഫ്രീദി പറഞ്ഞു.

Next Story

Related Stories