Top

"അയ്യര്‍ ദി ഗ്രേറ്റ്": ശ്രേയാംസിന്റെ ചിറകിലേറി ഇന്ത്യ മികച്ച സ്‌കോറില്‍

"അയ്യര്‍ ദി ഗ്രേറ്റ്": ശ്രേയാംസിന്റെ ചിറകിലേറി ഇന്ത്യ മികച്ച സ്‌കോറില്‍

ബുള്‍ബുള്‍ ചുഴലിക്കാറ്റ് പോലെ ആഞ്ഞടിച്ച ബംഗ്ലാദേശ് ബൗളര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റിംഗ് തകര്‍ന്നടിഞ്ഞപ്പോള്‍ രക്ഷകനായി ശ്രേയാംസ് അയ്യര്‍. ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ നിര്‍ണായകവും അവസാനത്തേതുമായ ട്വെന്റി 20 മത്സരത്തിലാണ് തുടക്കത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയ്ക്ക് ശ്രേയാംസ് രക്ഷകനായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യയ്ക്ക് മേല്‍ ബംഗ്ലാദേശ് സമ്പൂര്‍ണ ആധിപത്യമാണ് സ്ഥാപിച്ചത്.

ഓപ്പണറും ക്യാപ്റ്റനുമായ രോഹിത് ശര്‍മ്മയെ(രണ്ട്) രണ്ടാം ഓവറില്‍ തന്നെ നഷ്ടമായി. ലോകേഷ് രാഹുലുമൊത്ത് ചേര്‍ന്ന് ശിഖര്‍ ധവാന്‍ പിടിച്ചു കയറ്റാന്‍ നോക്കിയെങ്കിലും ടീം സ്‌കോര്‍ 35ലെത്തിയപ്പോള്‍ 19 റണ്‍സ് മാത്രമെടുത്ത് അദ്ദേഹവും പുറത്തായി. പിന്നീട് ലോകേഷും ശ്രേയാംസും ഒത്തുചേര്‍ന്നതോടെയാണ് ഇന്ത്യന്‍ ബാറ്റിംഗിന് ജീവന്‍ വച്ചത്. 59 റണ്‍സ് ഈ കൂട്ടുകെട്ടില്‍ പിറന്നു. 13-ാം ഓവറില്‍ ലോകേഷും വീണു. 35 പന്തില്‍ 52 റണ്‍സെടുത്ത ആ ഇന്നിംഗ്‌സില്‍ ഏഴ് ഫോറുകളും പിറന്നു. ഇതിനിടയില്‍ ബംഗ്ലാദേശിന്റെ ചുഴലിക്കാറ്റിന് മറുപടി നല്‍കുകയായിരുന്നു ശ്രേയാംസ് അയ്യര്‍. റിഷഭ് പന്തിനെ കാഴ്ചക്കാരനാക്കി നിര്‍ത്തി ശ്രേയാംസ് അടിച്ചുതകര്‍ത്തു. നാലാം നമ്പറില്‍ പകരക്കാരന്‍ താന്‍ തന്നെയെന്ന് ഉറപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്. റിഷഭ് പന്ത്(ആറ്) പുറത്തായി തൊട്ടുപിന്നാലെ തന്നെ പുറത്തായെങ്കിലും മനോഹരമായ ഇന്നിംഗ്‌സെന്നാണ് കമന്റേറ്റര്‍മാര്‍ ശ്രേയാംസിന്റെ ഇന്നിംഗ്‌സിനെ വിശേഷിപ്പിച്ചത്. 27-ാം പന്തില്‍ ട്വെന്റി20യിലെ കന്നി അര്‍ദ്ധ സെഞ്ചുറി തികച്ച ശ്രേയാംസ് 33-ാം പന്തില്‍ പുറത്താകുമ്പോള്‍ 62 റണ്‍സാണ് തന്റെ പേരില്‍ എഴുതി ചേര്‍ത്തത്. അതില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടുന്നു. അപ്പോഴേക്കും ഇന്ത്യയുടെ സ്‌കോര്‍ 16.5 ഓവറില്‍ 144 ആയിരുന്നു.

ശ്രേയാംസ് പുറത്തായിട്ടും മനീഷ് പാണ്ഡെ വെടിക്കെട്ട് തുടര്‍ന്നതോടെ സ്‌കോറിംഗിന്റെ വേഗതയും തുടര്‍ന്നു. അതിന്റെ ഫലമായി 20-ാം ഓവറില്‍ ഇന്നിംഗ്‌സ് അവസാനിച്ചപ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് സ്‌കോര്‍ ചെയ്തു. പാണ്ഡ പതിമൂന്ന് പന്തില്‍ 22 റണ്‍സും ശിവം ദുബ്ബെ 9 റണ്‍സും പുറത്താകാതെ തങ്ങളുടെ ഇന്നിംഗ്‌സില്‍ കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശിന് വേണ്ടി ഷാഫിയുള്‍ ഇസ്ലാം രണ്ട് വിക്കറ്റും സൗമ്യ സര്‍ക്കാര്‍ രണ്ട് വിക്കറ്റും നേടി. അല്‍ അമീന്‍ ഹൊസൈന്‍ ഒരു വിക്കറ്റെടുത്തു. സൗമ്യ സര്‍ക്കാരിന്റെ ഒരു ഓവറിലാണ് പന്തും അയ്യരും പുറത്തായത്.


Next Story

Related Stories