TopTop

'ആ നേട്ടങ്ങളില്‍ ഏറെ അഭിമാനിക്കുന്നു'; ടെയ്‌ലറെ കാത്തിരിക്കുന്നത് ക്രിക്കറ്റില്‍ ആരും സ്വന്തമാക്കാത്ത നേട്ടം

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ ഒരു വലിയ നേട്ടത്തിന് അരികെയാണ് ന്യൂസീലന്‍ഡ് താരം റോസ് ടെയ്‌ലര്‍. ഈ മാസം 21-ന് വെല്ലിങ്ടണ്‍ മൈതാനത്ത് ഇന്ത്യക്കെതിരേയുള്ള ടെസ്റ്റ് മത്സരത്തിനിറങ്ങുമ്പോള്‍ ടെയ്‌ലര്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും 100 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കുക.

231 ഏകദിനങ്ങളും 100 ട്വന്റി 20 മത്സരങ്ങളും 99 ടെസ്റ്റ് മത്സരങ്ങളും ടെയ്ലര്‍ കിവീസിനായി കളിച്ചിട്ടുണ്ട്. 2007ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ആയിരുന്നു ടെയ്‌ലറുടെ ടെസ്റ്റ് അരങ്ങേറ്റം. രണ്ട് മത്സരങ്ങളില്‍ നിന്നായി 44 റണ്‍സ് മാത്രമാണ് അന്ന് ടെയ്‌ലര്‍ക്ക് സ്‌കോര്‍ ചെയ്യാനായത്. ഇനിയൊരു ടെസ്റ്റ് മത്സരം കളിക്കാനാകുമെന്ന് ടെയ്‌ലര്‍ പോലും അന്ന് കരുതിയതല്ല. 35-ാം വയസില്‍ നൂറാം ടെസ്റ്റിന് ഒരുങ്ങുമ്പോള്‍ 7174 റണ്‍സാണ് ക്രിക്കറ്റിന്റെ ദീര്‍ഘ ഫോര്‍മാറ്റില്‍ ടെയ്ലറുടെ സമ്പാദ്യം. ഇംഗ്ലണ്ടിനെതിരേ മാഞ്ചസ്റ്ററില്‍ 158 റണ്‍സ്, കൊളംബോയില്‍ ശ്രീലങ്കക്കെതിരേ 170, പെര്‍ത്തില്‍ ഓസ്ട്രേലിയക്കെതിരേ 290 അങ്ങനെ നീളുന്നു താരത്തിന്റെ മികച്ച ഇന്നിംഗ്‌സുകള്‍. കരിയറില്‍ 100 ടെസ്റ്റുകള്‍ കളിക്കുന്ന നാലാമത്തെ മാത്രം ന്യൂസിലന്‍ഡ് താരമെന്ന നേട്ടവും ടെയ്‌ലറെ കാത്തിരിക്കുന്നു. മുന്‍ നായകന്‍മാരായ സ്റ്റീഫന്‍ ഫല്‍മിങ്, ബ്രണ്ടന്‍ മെക്കല്ലം, ഡാനിയല്‍ വെട്ടോറി എന്നിവര്‍ മാത്രമാണ് 100ല്‍ അധികം ടെസ്റ്റ് കളിച്ച കിവി താരങ്ങള്‍.

''ചില അവസരങ്ങളില്‍ നിങ്ങള്‍ പരാജയപ്പെടും. തെറ്റുകളും സാഹചര്യങ്ങളുമെല്ലാം ഒരു വ്യക്തി എന്ന നിലയില്‍ നിങ്ങളെ വളരാന്‍ പ്രേരിപ്പിക്കും, എല്ലാം തികഞ്ഞ ഒരു ക്രിക്കറ്റ് കരിയര്‍ ആര്‍ക്കുമുണ്ടാകില്ല. കളിക്കാരനെന്ന നിലയിലും ടീമംഗം എന്ന നിലയിലും ധാരാളം ഉയര്‍ച്ച താഴ്ചകളെ നേരിട്ടിട്ടുണ്ട്. ക്രിക്കറ്റില്‍ ഇതുവരെ എന്തൊക്കെ നേടാനായോ അതില്‍ ഞാന്‍ സംതൃപ്തനാണ്. ന്യൂസിലന്‍ഡിന് വേണ്ടി കഴിയുന്നത്രകാലം കളിക്കുക എന്നതുതന്നെയാണ് ആഗ്രഹം'' ക്രിക്കറ്റിലൂടെ സ്വന്തമാക്കിയ നേട്ടങ്ങളില്‍ അഭിമാനമുണ്ടെന്നും 35കാരനായ ടെയ്‌ലര്‍ പറഞ്ഞു.


Next Story

Related Stories