TopTop
Begin typing your search above and press return to search.

ഡേവിസ് കപ്പ്: ഇന്ത്യ പാകിസ്ഥാനിലേക്കില്ല, മത്സരം നിഷ്പക്ഷ വേദിയില്‍ നടക്കും

ഡേവിസ് കപ്പ്: ഇന്ത്യ പാകിസ്ഥാനിലേക്കില്ല, മത്സരം നിഷ്പക്ഷ വേദിയില്‍ നടക്കും

സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തി ഇസ്ലാമാബാദില്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ ഡേവിസ് കപ്പ് മത്സരങ്ങള്‍ നിഷ്പക്ഷ വേദിയിലേക്ക് മാറ്റി. ഇന്റര്‍നാഷണല്‍ ടെന്നിസ് ഫെഡറേഷന്റെ നിര്‍ദേശ പ്രകാരമാണ് തീരുമാനം. എന്നാല്‍ ഇതുവരെയും നിക്ഷ്പക്ഷ വേദി എവിടെ ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടില്ല. സെപ്റ്റംബര്‍ 14,15 തിയതികളിലാണ് മത്സരം നിശ്ചയിച്ചിരുന്നത്. പിന്നീട് ഈമാസം 29, 30 തിയതികളിലേക്ക് മാറ്റി. ഈ മത്സരത്തിന്റെ വേദിയാണ് ഇപ്പോള്‍ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

ഡേവിസ് കപ്പ് ചട്ടപ്രകാരം, ഒരു നിഷ്പക്ഷ വേദി നാമനിര്‍ദ്ദേശം ചെയ്യാന്‍ പാകിസ്ഥാന്‍ ടെന്നീസ് ഫെഡറേഷന് (പിടിഎഫ്) അവകാശമുണ്ട്. നിര്‍ദ്ദിഷ്ട വേദി സ്ഥിരീകരിക്കുന്നതിന് അഞ്ച് പ്രവൃത്തി ദിവസങ്ങളുണ്ട്. അതേസമയം ഐടിഎഫിന്റെ തീരുമാനം നിര്‍ഭാഗ്യകരമാണെന്ന് പാകിസ്ഥാന്‍ ടെന്നീസ് ഫെഡറേഷന്‍ (പിടിഎഫ്) പ്രസിഡന്റ് സലിം സൈഫുല്ല ഖാന്‍ വിശേഷിപ്പിച്ചു. ''ഇത് കായികരംഗത്തെ രാഷ്ട്രീയമാണ്. ഇത് നിര്‍ഭാഗ്യകരമാണ്,'' ഖാന്‍ പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള ഇന്ത്യയുടെ നീക്കത്തെയും കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്നതിനെയും പാകിസ്ഥാന്‍ എതിര്‍ത്തതോടെയാണ്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത വര്‍ദ്ധിച്ചത്‌.

നേരത്തെ, പാകിസ്ഥാനിലേക്ക് പോകുന്നില്ലെന്ന് രോഹന്‍ ബൊപ്പണ്ണയും മഹേഷ് ഭൂപതിയും അറിയിച്ചിരുന്നു. പാകിസ്ഥാനുമായുള്ള നയതന്ത്രബന്ധം ഏറ്റവും വഷളായ സാഹചര്യത്തില്‍ പോകേണ്ട എന്ന നിലപാടിലെത്തുകയായിരുന്നു ബൊപ്പണ്ണയും ഭൂപതിയും. സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഇരുവരും പിന്മാറിയത്.ഡേവിസ് കപ്പ് ടെന്നിസിലെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിന്റെ വേദി എവിടെയാകണമെന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ലെന്ന് കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു അറിയിച്ചിരുന്നു.

Next Story

Related Stories