TopTop

ദ്രാവിഡിന് ശേഷം കര്‍ണാടകയില്‍ നിന്ന് തന്നെ ഒരു വന്‍മതില്‍; ഇത് മായങ്ക് അഗര്‍വാള്‍

ദ്രാവിഡിന് ശേഷം കര്‍ണാടകയില്‍ നിന്ന് തന്നെ ഒരു വന്‍മതില്‍; ഇത് മായങ്ക് അഗര്‍വാള്‍

രാഹുല്‍ ദ്രാവിഡിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ കര്‍ണാടകയില്‍ നിന്ന് ഇന്ത്യക്ക് ഇതാ മറ്റൊരു വന്‍മതില്‍? ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം കരിയറിലെ കന്നി സെഞ്ചുറി ഡബിള്‍ സെഞ്ചുറിയാക്കി(215) മാറ്റി മായങ്ക് അഗര്‍വാള്‍.ഇരട്ട സെഞ്ചുറിക്ക് അരികെ രോഹിത് ശര്‍മ വീണപ്പോള്‍ തന്റെ തകര്‍പ്പന്‍ പ്രകട്‌നത്തിലൂടെ ഇന്ത്യന്‍ ആരാധകരുടെ മുഖം തെളിയിച്ചു മായങ്ക്. ബെംഗളൂരു സ്വദേശിയായ മായങ്കിനെ ക്രിക്കറ്റ് ലോകം ആദ്യം ശ്രദ്ധിക്കുന്നത് 2008-09 കുച്ച് ബിഹര്‍ ട്രോഫിയിലാണ്. ടൂര്‍ണമെന്റില്‍ 54 റണ്‍സ് ശരാശരിയില്‍ 432 റണ്‍സ് അടിച്ചുകൂട്ടിയ മായങ്ക് പിന്നീട് രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ഐപിഎല്‍ തുടങ്ങി എല്ലാ ആഭ്യന്തര ടൂര്‍ണമെന്റുകളിലും തകര്‍ത്ത് കളിച്ചു. ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും ലിസ്റ്റ് എ മത്സരങ്ങളിലും 50ന് അടുത്താണ് മായങ്കിന്റെ ശരാശരി.

കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു മായങ്കിന്റെ അരങ്ങേറ്റം. അവിടെ നിന്നും ഇന്നത്തെ മത്സരത്തിലേക്ക് മായങ്കിന് വേണ്ടി വന്നത് വെറും അഞ്ച് ടെസ്റ്റുകള്‍ മാത്രമാണ്. അതുകൊണ്ട് തന്നെ താരത്തിന്റെ മികവിന് മാറ്റ് കൂട്ടുന്നു. 204 പന്തുകളില്‍ നിന്നും സെഞ്ചുറി നേടിയ മായങ്ക് 358-ാം പന്തിലാണ് 200 എന്ന മാന്ത്രിക സംഖ്യ കടന്നത്. ഇതിനിടെ അഞ്ച് സിക്സും 22 ഫോറും നേടി. ഡബിള്‍ സെഞ്ചുറിയില്‍ നിന്നും ട്രിപ്പിള്‍ സെഞ്ചുറിയിലേക്ക് മായങ്കിന് കുതിക്കാനാകുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും 371-ാം പന്തില്‍ മയങ്ക് പുറത്തായി. 215 റണ്‍സെടുത്ത മായങ്കിനെ ഡീന്‍ എല്‍ഗര്‍ പുറത്താക്കി. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ അരികിലെത്തി അഭിനന്ദനം അറിയിച്ചാണ് മായങ്കിനെ യാത്രയാക്കിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന 23-ാമത്തെ ഇന്ത്യന്‍ താരമാണ് മായങ്ക്. ഈ പ്രകടനത്തിലൂടെ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞിരിക്കുകയാണ് മായങ്ക്. വിരേന്ദര്‍ സെവാഗിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഡബിള്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനാണ് മായങ്ക്. ആദ്യ സെഞ്ചുറി നേടുന്ന താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറില്‍ മായങ്കിന്റെ സ്ഥാനം മൂന്നാമത്. കരുണ്‍ നായരുടെ 303, വിനോദ് കാംബ്ലിയുടെ 224 എന്നിവയാണ് മുന്നിലുള്ളത്. കരുണ്‍ നായര്‍ക്കും വിനോദ് കാംബ്ലിയ്ക്കും ദിലീപ് സര്‍ദേശായിക്കും ശേഷം കന്നി സെഞ്ചുറി ഡബിള്‍ സെഞ്ചുറിയാക്കി മാറ്റിയ നാലാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനാണ് മായങ്ക്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട്

176 റണ്‍സുമായി രോഹിത് ശര്‍മ്മ പുറത്താകുന്നതോടെയാണ് ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് തകരുന്നത്. ഒന്നാം വിക്കറ്റില്‍ 317 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്. 2007-08ല്‍ വീരേന്ദര്‍ സെവാഗ്-രാഹുല്‍ ദ്രാവിഡ് സഖ്യം ചെന്നൈയില്‍ രണ്ടാം വിക്കറ്റില്‍ നേടിയ 268 റണ്‍സിന്റെ കൂട്ടുകെട്ടാണ് രോഹിതും മായങ്കും ചേര്‍ന്നു പിന്നിലാക്കിയത്. സിഡ്‌നിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ നേടിയ 77 റണ്‍സാണ് മായങ്കിന്റെ മികച്ച സ്‌കോര്‍. ഓസ്‌ട്രേലിയയില്‍ കളിച്ച മറ്റു ടെസ്റ്റ് മത്സരങ്ങളില്‍ 76 ഉം 42 ഉം റണ്‍സ് നേടി. അടുത്തിടെ കളിച്ച രണ്ടു ടെസ്റ്റ് പരമ്പരയില്‍ നാലു ഇന്നിങ്‌സുകളിലായി 5, 16, 55, 4 എന്നിങ്ങനെയാണ് മായങ്കിന്റെ സമ്പാദ്യം.


Next Story

Related Stories