TopTop
Begin typing your search above and press return to search.

ഏകദിന വിജയത്തില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ; ചരിത്ര നേട്ടവുമായി താരങ്ങള്‍

ഏകദിന വിജയത്തില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ; ചരിത്ര നേട്ടവുമായി താരങ്ങള്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാന ഏകദിനവും വിജയിച്ച് ഇന്ത്യ പരമ്പര വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ഇരുടീമുകളും പൊരുതി കളിച്ച മത്സരത്തില്‍ താരങ്ങള്‍ റെക്കോര്‍ഡുകളും സ്വന്തമാക്കി. മത്സരത്തില്‍ 85 റണ്‍സ് നേടി നായകന്‍ കോഹ്‌ലി താരമായപ്പോള്‍ പരമ്പരയിലെ താരമെന്ന നേട്ടം രോഹിത് സ്വന്തമാക്കി. മത്സരത്തില്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും റണ്‍മലയ്ക്ക് മുകളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എത്തി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് കോഹ്‌ലിയെ തേടിയെത്തിയത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ക്യാപ്റ്റന്‍ ഈ നേട്ടത്തിലെത്തുന്നത്. കോഹ്‌ലിയെക്കാല്‍ ഒമ്പത് റണ്‍സ് മുന്നിലായിരുന്നു രോഹിത് ശര്‍മ. എന്നാല്‍ മത്സരം പൂര്‍ത്തിയായപ്പോള്‍ രോഹിത്തിനെക്കാള്‍ റണ്‍സ് നേടിയ കോഹ്‌ലി റെക്കോഡ് സ്വന്തം പേരിലാക്കുകയായിരുന്നു.

ഈ വര്‍ഷം 2455 റണ്‍സാണ് കോഹ്‌ലിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. രണ്ടാം സ്ഥാനത്തുള്ള രോഹിത്തിന്റെ അക്കൗണ്ടില്‍ 2442 റണ്‍സുണ്ട്. പാകിസ്ഥാന്‍ താരം ബാബര്‍ അസം 2082 റണ്‍സുമായി മൂന്നാം സ്ഥാനത്തുണ്ട്. 1820 നേടിയ ന്യൂസിലന്‍ഡ് താരം റോസ് ടെയ്ലര്‍ നാലാമതാണ്. അഞ്ചാം സ്ഥാനത്തുള്ള ജോ റൂട്ടിന് 1790 റണ്‍സുണ്ട്. അതേസമയം രാജ്യാന്തര ക്രിക്കറ്റില്‍ മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ടു ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. 2019ല്‍ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമായാണ് മുഹമ്മദ് ഷമി വര്‍ഷം അവസാനിപ്പിക്കുന്നത്. വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഷായ് ഹോപ്പിനെ പുറത്താക്കിയതോടെ 2019ല്‍ ഇതുവരെ പുറത്താക്കിയ താരങ്ങളുടെ എണ്ണം 42 ആയി. ഇത് രണ്ടാം തവണയാണ് ഷമി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്.

ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടാണ് വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുള്ള താരം. 38 വിക്കറ്റുകളാണ് ഈ വര്‍ഷം ബോള്‍ട്ട് വീഴ്ത്തിയത്. 2014ലാണ് ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത്. അന്ന് 38 വിക്കറ്റുകളായിരുന്നു താരത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന നാലമത്തെ ഇന്ത്യന്‍ താരമാണ് ഷമി, രണ്ടു തവണ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരവും. ഈ വര്‍ഷം നടന്ന ലോകകപ്പിലുള്‍പ്പടെ ഹാട്രിക് പ്രകടനവുമായി ഷമി തിളങ്ങിയിരുന്നു. ഏകദിന - ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ മിന്നും പ്രകടനവുമായി തിളങ്ങിയ താരം രണ്ടു വര്‍ഷത്തിന് ശേഷം ടി20 ടീമില്‍ മടങ്ങിയെത്തിയതും 2019ല്‍ ആയിരുന്നു.

നേരത്തെ കട്ടക്ക് ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയും ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ നിരവധി റെക്കോര്‍ഡുകള്‍ തന്റെ പേരില്‍ എഴുതി ചേര്‍ത്താണ് രോഹിത് ശര്‍മ 2019 അവസാനിപ്പിക്കുന്നത്. കലണ്ടര്‍ വര്‍ഷത്തിലെ തന്റെ അവസാന ഏകദിന മത്സരത്തിലും രോഹിത് അത്തരത്തില്‍ ഒരു റെക്കോര്‍ഡ് തിരുത്തി. അതും 22 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്. ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നടുന്ന ഓപ്പണറായാണ് രോഹിത് കട്ടക്കില്‍ മാറിയത്. ശ്രീലങ്കന്‍ താരം സനത് ജയസൂര്യയുടെ പേരിലായിരുന്ന റെക്കോര്‍ഡാണ് രോഹിത് തന്റെ പേരില്‍ തിരുത്തിയെഴുതിയത്. ഇന്ത്യന്‍ കുപ്പായത്തില്‍ ഓപ്പണറായി ഇറങ്ങി കട്ടക്കില്‍ ഒമ്ബത് റണ്‍സ് തികച്ചതോടെയാണ് രാജ്യാന്തര ക്രിക്കറ്റില്‍ പുതിയ ചരിത്രം പിറന്നത്. 1997ല്‍ സനത് ജയസൂര്യ 2388 റണ്‍സ് നേടിയിരുന്നു. ഈ റെക്കോര്‍ഡാണ് രോഹിത് മറികടന്നത്.

മത്സരത്തില്‍ അതിവേഗം 3000 റണ്‍സ് തികയ്ക്കുന്ന ആദ്യ വിന്‍ഡീസ് താരവും ലോകത്തെ രണ്ടാമത്തെ കളിക്കാരനുമെന്ന ബഹുമതി ഹോപ് സ്വന്തമാക്കി. മൂന്നാം ഏകദിനത്തില്‍ ഹോപ് 42 റണ്‍സെടുത്താണ് പുറത്തായത്. ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം ആംല 57 ഇന്നിങ്സുകളില്‍നിന്നും 3000 റണ്‍സ് തികച്ച് ഒന്നാംസ്ഥാനത്ത് നില്‍ക്കുമ്പോള്‍ 67 ഇന്നിങ്സുകളില്‍നിന്നായാണ് ഹോപ്പിന്റെ നേട്ടം. വെസ്റ്റിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സ് 69 ഇന്നിങ്സുകളില്‍നിന്നായാണ് 3000 റണ്‍സ് തികച്ചത്. ഈ റെക്കോര്‍ഡ് ഹോപ് മറികടന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റു ചെയ്ത വിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തില്‍ അടിച്ചെടുത്തത് 315 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ എട്ടു പന്തും നാലു വിക്കറ്റും ബാക്കിനില്‍ക്കെ വിജയതീരമണഞ്ഞു. ഏകദിനത്തില്‍ 300 റണ്‍സ് പിന്തുടര്‍ന്ന് ഇന്ത്യയുടെ 17ാം ജയമാണിത്. ഇക്കാര്യത്തില്‍ രണ്ടാമതുള്ള ഇംഗ്ലണ്ടിന് 11 ജയം മാത്രമാണുള്ളത്.

Next Story

Related Stories