ഇന്ത്യയുടെ ഇപ്പോഴത്തെ ടെസ്റ്റ് മത്സരങ്ങളെല്ലാം തുടങ്ങുന്നതും അവസാനിക്കുന്നതും അറിയുന്നില്ലെന്നാണ് ആരാധകരുടെ പരാതി. ബംഗ്ലാദേശിനെതിരെ ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റ് മത്സരത്തിന്റെ ഫലവും മറ്റൊന്നായില്ല. അഞ്ച് ദിവസത്തെ കളി പകുതി ദിവസം പോലും പിന്നിടുന്നതിന് മുമ്പ് ഇന്ത്യ ആധികാരിക വിജയം നേടി സ്വന്തം മണ്ണിലെ ടെസ്റ്റ് പരമ്പര ഒരിക്കല്‍ കൂടി പിടിച്ചെടുത്തിരിക്കുകയാണ്. സ്വന്തം മണ്ണില്‍ ഇന്ത്യ തുടര്‍ച്ചയായി നേടുന്ന പന്ത്രണ്ടാം ടെസ്റ്റ് പരമ്പരയാണ് ഇത്. ബംഗ്ലാദേശിനെ ഇന്നിംഗ്സിനും 46 റണ്‍സിനുമാണ് ഇന്ത്യ തോല്‍പ്പിച്ചത്.
ഇതോടെ തുടര്‍ച്ചയായി നാല് ഇന്നിംഗ്സ് ജയം ആദ്യ ടീമായും ഇന്ത്യ മാറി. ഇന്ത്യ തുടര്‍ച്ചയായി ജയിക്കുന്ന ഏഴാമത്തെ ടെസ്റ്റ് മത്സരമായിരുന്നു ഇത്. ആദ്യ ഇന്നിംഗ്സില്‍ 106 റണ്‍സ് മാത്രമെടുത്ത ബംഗ്ലാദേശിനെ 241 റണ്‍സിന് പിന്നിലാക്കിയ ഇന്ത്യ ഡിക്ലയര്‍ ചെയ്ത് അവരെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ 195 റണ്‍സിന് അവരുടെ രണ്ടാം ഇന്നിംഗ്സും അവസാനിച്ചു. ഉമേഷ് യാദവിന്റെ അഞ്ച് വിക്കറ്റ് പ്രകടനും ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റെടുത്ത ഇഷാന്ത് ശര്‍മ്മയുടെ നാല് വിക്കറ്റ് പ്രകടനവുമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. രണ്ട് മത്സരങ്ങളുണ്ടായിരുന്ന പരമ്പരയില്‍ ആകെ പന്ത്രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മ്മയാണ് മാന്‍ ഓഫ് ദ മാച്ചും സീരീസും.
ആദ്യ ഇന്നിംഗ്സില്‍ മൂന്ന് ബംഗ്ലാ ബാറ്റ്സ്മാന്മാര് മാത്രമാണ് രണ്ടക്കം കടന്നതെങ്കില്‍ താരതമ്യേന മെച്ചപ്പെട്ടതായിരുന്നു രണ്ടാം ഇന്നിംഗ്സിലെ പ്രകടനം. അര്‍ദ്ധ സെഞ്ചുറി നേടിയ മുസ്ഫിക്കുര് റഹ്മാന്(74), പരിക്കേറ്റ് വിരമിച്ച മുഹമുദുള്ള(39), അല്‍ അമിന്‍ ഹൊസൈന്‍(21), മെഹിദി ഹസന് മിറാസ്(15) എന്നിവരുടെ ചെറുത്തുനില്‍പ്പ് ബംഗ്ലാദേശിന്റെ വന്‍ തകര്‍ച്ച ഒഴിവാക്കി. മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല.
കളിയുടെ രണ്ടാം ദിവസം കോഹ്ലിയുടെ(136) സെഞ്ചുറിയുടെയും പൂജാരയുടെയും(55), റഹാനയുടെയും അര്‍ദ്ധസെഞ്ചുറികളുടെയും മികവില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് 347 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രണ്ടാം ദിവസം തന്നെ ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സും കളിയും അവസാനിക്കുമെന്ന് തോന്നിയിരുന്നെങ്കിലും ഇന്ന് കൂടി കളി നീട്ടിയെടുക്കാന്‍ ബംഗ്ലാദേശിനായി. മത്സരം വേഗം അവസാനിക്കാതിരിക്കാന്‍ ബംഗ്ലാ കളിക്കാരെ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യന്‍ ആരാധകരെയും ഇന്ന് ഈഡന് ഗാര്‍ഡനില്‍ കണ്ടു.
ആദ്യ ഇന്നിംഗ്സില്‍ 30.3 ഓവര്‍ മാത്രം ബാറ്റ് ചെയ്ത ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സില്‍ 41.1 ഓവര്‍ മാത്രമാണ് ബാറ്റിംഗ് തുടര്‍ന്നത്. അതായത് ഒരു ഏകദിന മത്സരത്തിലെ ഇന്നിംഗ്സിനേക്കാള്‍ കുറവ് ഓവറുകള്‍ മാത്രം. 89.4 ഓവറാണ് ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ ബാറ്റ് ചെയ്തത്.