ഐപിഎല്‍ പൂരത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍.ഇത്തവണയും കിരീട സാധ്യത കല്‍പ്പിക്കുന്ന ടീമുകളിലൊന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. പരുക്കിനെത്തുടര്‍ന്ന് ശ്രേയസ് അയ്യര്‍ സീസണില്‍ നിന്ന് പുറത്തായ സാഹചര്യത്തില്‍ ഡല്‍ഹിയെ നയിക്കുന്നത് റിഷഭ് പന്താണ്. ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ ഫീല്‍ഡിംഗിനിടെയാണ് അയ്യര്‍ക്ക് തോളിന് പരിക്കേറ്റത്. കഴിഞ്ഞ സീസണില്‍ ഐപിഎല്‍ ഫൈനലിലെത്തിയെങ്കിലും മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ട് ഡല്‍ഹി നിരാശരായാണ് മടങ്ങിയത്.
ഇത്തവണ നായകസ്ഥാനത്തേക്ക് എത്തുമ്പോള്‍ റിഷഭ് പന്ത് മികച്ച ഫോമിലാണ്. ഓസ്ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലും ഇംഗ്ലണ്ടിന്റെ ഇന്ത്യാ പര്യടനത്തില്‍ മികച്ച പ്രകടനങ്ങളാണ് താരം കാഴ്ചവെച്ചത്. പന്ത് തന്റെ പര്‍പ്പിള്‍ പാച്ച് തിരിച്ച് പിടിക്കുകയും ഡല്‍ഹിയെ കന്നി ഐപിഎല്‍ കിരീടത്തിലേക്ക് എത്തിക്കുമെന്നുമാണ് പ്രതീക്ഷ.
പന്ത് തന്റെ ടീം അംഗങ്ങള്‍ക്കൊപ്പം പരിശീലിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സ് പുറത്തു വിട്ടിരുന്നു. നെറ്റ്സില്‍ കൂറ്റന്‍ ഷോട്ടുകള്‍ പറത്തുന്ന താരത്തിന്റെ വിഡിയോ ആരാധകരും ഏറ്റെടുത്തു. ബാറ്റിംഗിനൊപ്പം വിക്കറ്റ് കീപ്പിംഗും താരം പരിശീലിക്കുന്നത് കാണാം.