TopTop
Begin typing your search above and press return to search.

ആദ്യ മത്സരങ്ങളില്‍ തിളങ്ങി, പിന്നെ മങ്ങി; സഞ്ജു സാംസണിന്റെ ബാറ്റിംഗിനെ കുറിച്ച് ബ്രയാന്‍ ലാറ

ആദ്യ മത്സരങ്ങളില്‍ തിളങ്ങി, പിന്നെ മങ്ങി; സഞ്ജു സാംസണിന്റെ ബാറ്റിംഗിനെ കുറിച്ച് ബ്രയാന്‍ ലാറ

ഐപിഎല്ലിന്റെ തുടക്കം മുതല്‍ ചര്‍ച്ചയായ താരങ്ങളില്‍ ഒരാളാണ് മലയാളി താരം സഞ്ജു സാംസണ്‍. ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ രണ്ടിലും മാന്‍ ഓഫ് ദ മാച്ചായിരുന്നു സഞ്ജു. താരത്തിന്റെ ബാറ്റിംഗ് മികവിനെ ഇതിഹാഹാസ താരങ്ങളും പ്രശംസിച്ചിരുന്നു. എന്നാല്‍ തുടര്‍ന്ന് വന്ന മത്സരങ്ങളിലെ താരത്തില്‍ നിന്നുണ്ടായ മോശം പ്രകടനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അവസാന മൂന്ന് മത്സരങ്ങളില്‍ സഞ്ജുവിന്റെ സ്‌കോര്‍ ഇങ്ങനെ ആയിരുന്നു - കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിനോട് 8 റണ്‍സ്, റോയല്‍ ചലഞ്ചേര്‍സ് ബംഗലൂരുവിനോട് 4 റണ്‍സ്, മുംബൈ ഇന്ത്യന്‍സിനോട് 3 പന്തുകളില്‍ നിന്ന് പൂജ്യം. ഇതില്‍ സഞ്ജുവിന്റെ കഴിഞ്ഞ മത്സരത്തിലെ പുറത്താകലിനെ കമന്റേറ്റര്‍മാര്‍ പോലും അത്ഭുതത്തോടെയാണ് പരാമര്‍ശിച്ചത്. പ്രധാനപ്പെട്ട രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് നില്‍ക്കുന്ന അവസ്ഥയില്‍ ടെക്നിക്കലി പെര്‍ഫെക്റ്റ് ആയിട്ടുള്ള ഒരാള്‍ വിക്കറ്റ് വലിച്ചെറിഞ്ഞതിന് സമാനമാണ് ഇതെന്നാണ് വിലയിരുത്തല്‍. ബോള്‍ട്ടിനെ പോലെ ഒരു ബൌളര്‍ക്കെതിരെ കുറച്ചുകൂടി കരുതല്‍ ആവശ്യമായിരുന്നു എന്നും വിമര്‍ശനം ഉയരുന്നുണ്ട്.

ഇപ്പോള്‍ സഞ്ജുവിന്റെ പ്രകടനത്തില്‍ മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറ പ്രതികരിക്കുകയാണ്. മിന്നുന്ന തുടക്കം കുറിച്ചശേഷം മങ്ങിപ്പോയ മലയാളി താരം സഞ്ജു സാംസണിന്, മികച്ച ബോളര്‍മാര്‍ക്കെതിരെ സ്‌പോര്‍ട്ടി ട്രാക്കുകളില്‍ കളിക്കുമ്പോള്‍ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് ലാറ പറയുന്നത്. ഇന്ത്യന്‍ ദേശീയ ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള താരങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ലാറ ഈ നിരീക്ഷണം നടത്തിയത്. സഞ്ജുവിന്റെ 'ക്ലാസി'നെക്കുറിച്ച് സംശയമില്ലെങ്കിലും, മികച്ച ബോളര്‍മാര്‍ക്കെതിരെ അവരെ പിന്തുണയ്ക്കുന്ന പിച്ചുകളില്‍ സഞ്ജുവിന്റെ പ്രകടനം സംശയകരമാണെന്ന് ലാറ അഭിപ്രായപ്പെട്ടു.

'സഞ്ജു സാംസണ്‍ നിലവില്‍ രാജസ്ഥാന്‍ റോയല്‍സിനായി വിക്കറ്റ് കീപ്പിംഗ് ചെയ്യുന്നില്ലെങ്കിലും അദ്ദേഹം വിക്കറ്റ് കീപ്പറാണെന്ന് എനിക്കറിയാം. 'ക്ലാസ്' താരമാണ് സഞ്ജുവെന്ന കാര്യത്തില്‍ സംശയമില്ല. ഷാര്‍ജയില്‍ നടന്ന മത്സരങ്ങളില്‍ സഞ്ജുവിന്റെ പ്രകടനം ഉജ്വലമായിരുന്നു. എങ്കിലും മികച്ച ബോളിങ് നിരയ്ക്കെതിരെ സ്‌പോര്‍ട്ടി വിക്കറ്റുകളില്‍ കളിക്കുമ്പോള്‍, സാങ്കേതികത്തികവ് പരിഗണിച്ചാല്‍ സഞ്ജുവിന്റെ ആയുധശേഖരത്തില്‍ ചില കുറവുകളുണ്ടെന്ന് തോന്നുന്നു' ലാറ വിലയിരുത്തി. ഇന്ത്യൻ ദേശീയ ടീമിൽ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുള്ള താരങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ലാറ സഞ്ജുവിനെ കുറിച്ച് പറഞ്ഞത്.

മുന്‍ ഐപിഎല്‍ സീസണുകളിലെ പ്രടനങ്ങള്‍ക്ക് സാമാനമാണ് സഞ്ജുവിന്റെ ഇത്തവണത്തെയും ഗ്രാഫ്. 2017 ഐപിഎല്‍ സീസണില്‍ ആദ്യത്തെ മൂന്ന് കളിയില്‍ നിന്നും സഞ്ജു നേടിയത് 114 റണ്‍സ്, അടുത്ത 12 കളിയില്‍ നിന്നും നേടിയത് 272 റണ്‍സ്. 2018 ല്‍ ഇത് ആദ്യത്തെ മൂന്ന് കളിയില്‍ നിന്നും നേടിയത് 178 റണ്‍സ്, പിന്നീടുള്ള പന്ത്രണ്ട് കളിയില്‍ നിന്നും നേടിയത് 263 റണ്‍സ് 2019ലെ ഐപിഎല്‍ സീസണില്‍ ആദ്യത്തെ മൂന്ന് കളിയില്‍ നിന്നും നേടിയത് 132 റണ്‍സ്, പിന്നീട് വന്ന 10 കളിയില്‍ നിന്നും നേടിയത് 210 റണ്‍സ്. ഇത്തവണ ഇത് ആദ്യത്തെ മൂന്ന് കളിയില്‍ നിന്നും 159 റണ്‍സ് പിന്നീട് റണ്‍ നിരക്ക് താഴോട്ട്. വിമര്‍ശനങ്ങള്‍ നേരിടുമ്പോഴും സഞ്ജുവിന് ബാറ്റിംഗ് ഓഡര്‍ ഓപ്പണിംഗ് സ്ഥാനത്ത് വേണമെന്നും അഭിപ്രായം ഉയരുന്നുണ്ട്.


Next Story

Related Stories