ഐപിഎല്ലില്‍ ജയത്തോടെ ഡല്‍ഹി കാപിറ്റല്‍സ് രണ്ടാം സ്ഥാനക്കാരായി പ്ലേഓഫിലെത്തിയപ്പോള്‍ ഡല്‍ഹിയോട് തോല്‍വി വഴങ്ങിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും പ്ലേഓഫ് ഉറപ്പിച്ചു. മുംബൈ ഇന്ത്യന്‍സുമായി ഡല്‍ഹി കൊമ്പുകോര്‍ക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനക്കാരായി എത്തുന്ന ടീമുമായാണ് ബാംഗ്ലൂര്‍ മത്സരിക്കുക. ഇന്ന് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയാല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദാകും പ്ലേഓഫിലെത്തുക. മുംബൈയാണ് ജയിക്കുന്നതെങ്കില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആദ്യ നാലിലെത്തും.
എന്നാല്‍ ഡല്‍ഹിക്കെതിരെ മത്സരം തോറ്റ കോഹ്ലിയും കൂട്ടരും പ്ലേഓഫില്‍ അനായാസം കടന്നതാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെക്കാള്‍ ഉയര്‍ന്ന റണ്‍ നിരക്ക് നേടിയാതാണ് ബാംഗ്ലൂരിന് നേട്ടമായത്. എന്നാല്‍ ഇന്നലത്തെ മത്സരം 17.3 ഓവറിനകം ഡല്‍ഹി പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ബാംഗ്ലൂര്‍ പുറത്തായേനെ. എന്നാല്‍ 6 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഡല്‍ഹിയുടെ ജയം. ഇതോടെ 14 മത്സരങ്ങളില്‍ 7 വീതം ജയവും തോല്‍വിയുമുള്ള ബാംഗ്ലൂര്‍ -0.172 റണ്‍ നിരക്ക് കുറിച്ചു.
കൊല്‍ക്കത്തയ്ക്കും 7 വീതം ജയവും തോല്‍വിയുമുണ്ട്. എന്നാല്‍ റണ്‍ നിരക്കിന്റെ കാര്യത്തില്‍ പിന്നില്‍പ്പോയി. നിലവില്‍ -0.214 എന്ന നിലയ്ക്കാണ് കൊല്‍ക്കത്തയുടെ റണ്‍ നിരക്ക് തുടരുന്നത്. ഇനി ഇന്നത്തെ മത്സരത്തില്‍ ആര് ജയിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും കൊല്‍ക്കത്തയുടെ ഭാവി. ഹൈദരാബാദാണ് ജയിക്കുന്നതെങ്കില്‍ അവര്‍ മൂന്നാം സ്ഥാനത്തെത്തും. മുംബൈയാണ് ജയിക്കുന്നതെങ്കില്‍ കൊല്‍ക്കത്ത നാലാം സ്ഥാനക്കാരാകും. പോയിന്റ് പട്ടികയിലെ നാലാം സ്ഥാനക്കാരുമായി കോഹ്ലിയുടെ ടീം ആദ്യം മത്സരിക്കുമ്പോള്‍ എലിമിനേറ്ററില്‍ തോറ്റാല്‍ പുറത്ത്. ജയിക്കുന്ന ടീം ഒന്നാം ക്വാളിഫയറില്‍ തോല്‍ക്കുന്ന ടീമുമായി വീണ്ടും മത്സരിക്കും. ഒന്നാം ക്വാളിഫയറില്‍ ജയിക്കുന്നവര്‍ നേരിട്ട് ഫൈനലിലെത്തും.