ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ആദ്യമായി പ്ലേ ഓഫിലെത്തിയ ടീമെന്ന നേട്ടത്തിലെത്തിയിരിക്കുകയാണ്. 12 കളികളില്‍ 16 പോയന്റുമായി മുംബൈ പ്ലേ ഓഫ് ഉറപ്പിച്ചപ്പോള്‍ 12 കളികളില്‍ 14 പോയന്റുള്ള ബാംഗ്ലൂരിന് പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇനിയും കാത്തിരിക്കണം. 12 മത്സരങ്ങളില്‍ നിന്നും 14 പോയന്റുമായി ബാംഗ്ലൂരിന് പിന്നില്‍ മൂന്നാം സ്ഥാനത്തുള്ള ഡല്‍ഹിക്കും 14 പോയിന്റ് തന്നെയാണ്. പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഡല്‍ഹിക്കും കാത്തിരിപ്പ് നീളുകയാണ്. അതേസമയം ഐപിഎല്ലില്‍ നാലാം സ്ഥാനത്തിനുള്ള ജീവന് മരണ പേരാരാട്ടത്തിലാണ് പഞ്ചാബും കൊല്‍ക്കത്തയും ഹൈദരാബാദും രാജസ്ഥാനും. 12 മത്സരങ്ങളില്‍ നിന്ന് 12 പോയന്റുമായി പഞ്ചാബും കൊല്‍ക്കത്തയും പ്രതീക്ഷ നിലനിര്‍ത്തുമ്പോള്‍ ഇത്രയും തന്നെ മത്സരങ്ങളില്‍ നിന്ന് പത്ത് പോയന്റുമായി രാജസ്ഥാനും ഹൈദരാബാദും മത്സര രംഗത്തുണ്ട്.
2 മത്സരം ബാക്കിയുള്ള ഈ 4 ടീമുകളുടെയും ജയപരാജയങ്ങള്‍ പ്ലേഓഫ് ചിത്രം തീരുമാനിക്കും. 12 മത്സരങ്ങളില്‍ നിന്നു 12 പോയിന്റുള്ള കൊല്‍ക്കത്തയാണ് മറ്റ് മൂന്നു പേരെ അപേക്ഷിച്ച് മുന്നില്‍. ഇനിയുള്ള 2 മത്സരങ്ങളും ജയിച്ചതു കൊണ്ടു മാത്രം ഈ ടീമുകള്‍ക്കു പ്ലേഓഫ് ഉറപ്പിക്കാനാവില്ല. 2 പോയിന്റ് ലീഡുണ്ടെങ്കിലും നെറ്റ് റണ്‍ റേറ്റിലെ കുറവ് പഞ്ചാബിനും (0.049) കൊല്‍ക്കത്തയ്ക്കും (0.479) ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഹൈദരാബാദിനു (+ 0.396) മികച്ച റണ്റേറ്റുള്ളതും കണക്കിലെ കളികള്‍ക്കു കരുത്തു പകരും. രാജസ്ഥാനും റണ്‍റേറ്റിലെ പോരായ്മ (0.505) തിരിച്ചടിയാണ്. പഞ്ചാബിനും കൊല്‍ക്കത്തയ്ക്കും പ്ലേഓഫില്‍നിന്നു പുറത്തായിക്കഴിഞ്ഞ ചെന്നൈയുമായുള്ള മത്സരം കൂടി ബാക്കി നില്ക്കുന്നു.
ചെന്നൈക്കെതിരായ ഇന്നത്തെ മത്സരം കഴിഞ്ഞാല്‍ കൊല്‍ക്കത്തയ്ക്ക് നേരിടാനുള്ളത് രാജസ്ഥാന് റോയല്‍സിനെയും. കഴിഞ്ഞ മൂന്ന് കളിയില്‍ രണ്ടിലും തോറ്റ നൈറ്റ് റൈഡേഴ്സിന് ഏറ്റവും പ്രധാനം ദിനേശ് കാര്‍ത്തിക്കിന്റെ ബാറ്റിംഗ് ക്രമം തന്നെയാകും. നായകപദവിക്കൊപ്പം ഫോമും നഷ്ടമായ കാര്‍ത്തിക്ക് ഫിനിഷറുടെ റോളിലേക്ക് മാറണമെന്ന വാദം ശക്തമാണ്. നായകന് ഓയിന്‍ മോര്ഗന് കൂടുതല്‍ ഓവറുകള്‍ ക്രീസില്‍ നില്ക്കുന്നതും ബൗളിംഗില്‍ ലോക്കി ഫെര്‍ഗ്യൂസനെ പവര്‍പ്ലേയില്‍ പരീക്ഷിക്കുന്നതും നേട്ടമാകും. പ്രതീക്ഷ നല്കിയ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ റണ്ണേറെ വഴങ്ങുന്നതും മോര്ഗന് തലവേദനയാണ്.