ഐപില്ലിന്റെ 13 ാം സീസണില്‍ പ്ലേഓഫ് പോരാട്ടങ്ങള്‍ അവസാനിച്ച് അവസാനഘട്ട മത്സരങ്ങളിലേക്ക് എത്തുമ്പോള്‍ കിരീട പോരില്‍ ആര് ജയിക്കുമെന്നത് പ്രവചനാതീതമാണ്. ആദ്യ നാല് സ്ഥാനക്കാരായി പ്ലേഓഫിലെത്തിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉള്‍പ്പെടുന്ന ആദ്യ നാലുസ്ഥാനക്കാരില് എല്ലാവരും കരുത്ത് തെളിയിക്കും. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നീ ടീമുകളാണ് ആദ്യ നാലില്‍ ഇടംപിടിച്ചത്. മുംബൈ ഇന്ത്യന്‍സ് നാലു തവണ ഐപിഎല്‍ ജേതാക്കളായിട്ടുണ്ട്. സണ്‍റൈസേഴ്സ് ഹൈദരാബാദ് 2016 ലെ ജേതാക്കളാണ്. ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ഇതുവരെ ഐപിഎല്‍ കിരീടം സ്വന്തമാക്കിയിട്ടില്ല.
14ല്‍ ഒമ്പത് ജയങ്ങളുമായി 18 പോയിന്റോടെ മുംബൈ അനായാസം പ്ലേഓഫ് ഉറപ്പിച്ചപ്പോള്‍ അവസാന മത്സരങ്ങളിലെ ജയവും കണക്കിലെ ആനുകൂല്യവുമാണ് മറ്റു ടീമുകളുടെ പ്ലേഓഫ് സ്വപ്നം യാഥാര്‍ഥ്യമാക്കിയത്. രണ്ടാം സ്ഥാനക്കാരായ ഡല്‍ഹിയാകട്ടെ സീസണില്‍ പല ഘട്ടങ്ങളിലായി പോയിന്റ് പട്ടികയില്‍ ഒന്ന് മുതല്‍ എട്ട് വരെ സ്ഥാനത്തെത്തിയ ടീമാണ്. ഡല്‍ഹിയുടെ ബാറ്റിംഗ് യൂണിറ്റും ബൗളിംഗ് യൂണിറ്റും മുംബൈയുടേത് പോലെ ശക്തമാണ്.
കഴിഞ്ഞ മത്സരത്തില്‍ സൂപ്പര്‍ താരങ്ങളില്ലാതെ ഇറങ്ങിയ മുംബൈക്കെതിരെ ആധികാരിക ജയമാണ് സണ്‍റൈസേഴ്സ് സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിന്റെയും വൃദ്ധിമാന്‍ സാഹയുടെയും മികച്ച ഇന്നിംഗ്സുകളുടെ ബലത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പത്ത് വിക്കറ്റിന്റെ ആധികാരിക വിജയം നേടിയാണ് ഹൈദരാബാദ് പ്ലേഓഫില്‍ ഇടം പിടിച്ചത്. പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സ്, രണ്ടാം സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സുമായി ആദ്യ ക്വാളിഫയറില്‍ ഏറ്റുമുട്ടും. കരുത്തരെന്ന് വിലയിരുത്താന്‍ കഴിഞ്ഞില്ലെങ്കിലും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഭേദപ്പെട്ട ബാറ്റിംഗ് നിരയും ശക്തരായ ബൗളിംഗ് നിരയും ഉണ്ടെന്ന് പറയാം.
5ന് ദുബായിലാണ് മത്സരം. ഗ്രൂപ്പ് മത്സരങ്ങളില്‍ ഇരുടീമുകളും രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും മുംബൈയ്ക്കായിരുന്നു ജയം. ആദ്യ മത്സരത്തില്‍ 5 വിക്കറ്റിനു ജയിച്ച മുംബൈ, രണ്ടാം തവണ 9 വിക്കറ്റിനാണ് ഡല്‍ഹിയെ തകര്‍ത്തത്. ആറിന് അബുദാബിയില്‍ നടക്കുന്ന എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് പോരാട്ടം. ഗ്രൂപ്പ് മത്സരങ്ങളില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമുകളും ഓരോ വിജയം സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തില്‍ ബാംഗ്ലൂര്‍ 10 വിക്കറ്റിനു ജയിച്ചു. രണ്ടാം മത്സരത്തില്‍ ഹൈദരാബാദ് 5 വിക്കറ്റിന് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി. ആദ്യ ക്വാളിഫയറില്‍ പരാജയപ്പെടുന്ന ടീമും എലിമിനേറ്ററിലെ വിജയിയും തമ്മില്‍ 8 ന് അബുദാബിയില്‍ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ മുഖാമുഖമെത്തും. തുടര്‍ന്ന് 10 ന് ദുബായില്‍ ആദ്യ ക്വാളിഫയറിലെ വിജയി രണ്ടാം ക്വാളിഫയറിലെ വിജയിയുമായി ഫൈനലില്‍ ഏറ്റുമുട്ടും.