ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏതൊരു ക്യാപ്റ്റന്റെയും ഏറ്റവും ധീരമായ തീരുമാനമാണിത്. കോവിഡ് ഭീഷണിയിലും വിവാദങ്ങളിലും വലഞ്ഞു നില്ക്കുന്ന സാഹചര്യത്തിലും മത്സരങ്ങളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നാണു ധോണിയുടേയും ചെന്നൈ ടീമിന്റെയും തീരുമാനം. ചെന്നെ താരങ്ങള്‍ക്ക് പരിശോധനയില്‍ നെഗറ്റീവ് ആയെങ്കിലും കോവിഡ് ഭീതി ഇപ്പോഴും ചെന്നൈ ക്യാംപില്‍ നിന്ന് അകന്നിട്ടില്ല.
ഐപിഎലിന്റെ ആദ്യ മത്സരം കളിക്കുന്നത് ഒഴിവാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് അവസരമുണ്ടായിരുന്നെങ്കിലും ക്യാപ്റ്റന്‍ എം.എസ്. ധോണി ഇതു നിരസിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. ഐപിഎല്ലില്‍ ചെന്നൈയ്ക്ക് അഞ്ചാം മത്സരം കളിച്ച് തുടങ്ങാന്‍ ഗവേണിങ് കൗണ്‍സില്‍ ചെയര്മാന് ബ്രിജേഷ് പട്ടേല്‍ അവസരം നല്‍കിയിരുന്നു. ടീമിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മത്സരത്തിന് ഒരുങ്ങാന്‍ കൂടുതല്‍ സമയം ചെന്നൈയ്ക്ക് ലഭിക്കുമായിരുന്നു. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്സും ക്യാപ്റ്റന്‍ ധോണിയും ഇതു വേണ്ടെന്നു വച്ചെന്നാണു റിപ്പോര്‍ട്ടുകള്‍.
ഐപിഎല്‍ മത്സര ക്രമം ഗവേണിങ് കൗണ്‍സിലാണ് നിശ്ചയിക്കേണ്ടതെങ്കിലും കോവിഡ് സാഹചര്യത്തില്‍ സിഎസ്കെ ടീമില്‍ കോവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തതുകൊണ്ടും മത്സര ക്രമങ്ങള്‍ പുറത്തുവിടുന്നതിനു മുന്‍പ് ചെന്നൈ സൂപ്പര്‍ കിങ്സിനോട് ഇക്കാര്യം ഗവേണിങ് കൗണ്‍സില്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. സിഎസ്കെയുടെ ആദ്യ മത്സരം അടുത്ത ഘട്ടത്തില്‍ നടത്താനായിരുന്നു ആലോചിച്ചത്. എന്നാല്‍ ആദ്യ മത്സരം കളിക്കാന്‍ ചെന്നൈ താല്പര്യം പ്രകടിപ്പിച്ചു ഒരു ഗവേണിങ് കൗണ്‍സില്‍ അംഗം ദേശീയ മാധ്യമത്തോടു പറഞ്ഞു.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ മത്സര ക്രമം പ്രകാരം സീസണ് തുടങ്ങി ആറു ദിവസത്തിനുള്ളില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് മൂന്ന് മത്സരങ്ങളാണുള്ളത്. ഐപിഎല്ലിന്റെ ആദ്യ ആഴ്ചയില്‍ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഏക ടീമുമാകും ചെന്നൈ. സെപ്റ്റംബര്‍ 19ന് മുംബൈ ഇന്ത്യന്‍സുമായുള്ള ആദ്യ മത്സരത്തിന് മുന്‍പ് ടീമിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന ആത്മവിശ്വാസത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ടീമംഗങ്ങള്‍. അതേസമയം സ്വന്തം തീരുമാനപ്രകാരം ടീം വിട്ടുപോയ സുരേഷ് റെയ്നയുടെ തിരിച്ചുവരവും ചെന്നൈ പരിഗണിക്കുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.