കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ നീട്ടിവെച്ചു. മാര്‍ച്ച് 29 ന് ആരംഭിക്കേണ്ടിയിരുന്ന മത്സരങ്ങള്‍ ഏപ്രില്‍ 15 നാണ് ആരംഭിക്കാനാണ് ബിസിസിഐ തീരുമാനം. ഡല്‍ഹിയില്‍ ഇത്തവണ ഐപിഎല്‍ നടത്താനാകില്ലെന്ന് ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് കൊവിഡ്-19 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവെക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്രവിദേശകാര്യ മന്ത്രാലയവും രംഗത്തെത്തിയിരുന്നു.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് കടന്നതോടെ ഐ.പി.എല്‍ 2020 സീസണ് അനിശ്ചിതത്വത്തിലായിരുന്നു. നടപടികളുടെ ഭാഗമായി വിദേശികള്‍ക്ക് അനുവദിച്ചിരുന്ന വിസകളെല്ലാം ഏപ്രില്‍ 15 വരെ റദ്ദാക്കിയതോടെ ഐ.പി.എല്ലില്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം സംശയത്തിലായിരുന്നു.
നേരത്തെ ഐപിഎല്‍ മാറ്റിവെക്കില്ലെന്ന് ബിസിസിഐ പ്രസിഡന്റ് ഗാംഗുലി ഉറച്ച നിലപാടെടുത്തിരുന്നു. ഈ നിലപാട് മാറ്റിയാണ് അദ്ദേഹം ഐപിഎല്‍ മാറ്റിവെക്കുകയാണെന്ന് അറിയിച്ചത്. ജനങ്ങള്‍ ഒരുമിച്ച് കൂടുന്ന ഒരു കായിക മത്സരവും നടത്തരുതെന്നും നടത്തുന്ന മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ ആവണമെന്നും കായിക മന്ത്രാലയം രാജ്യത്തെ സ്പോര്‍ട്സ് ഫെഡറേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടൊപ്പം, കര്‍ണാടക, ഡല്‍ഹി, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ ഐപിഎല്‍ നടത്താന്‍ സാധിക്കില്ലെന്ന് അറിയിച്ചതും പുതിയ തീരുമാനം എടുക്കാന്‍ ബിസിസിഐയെ നിര്‍ബന്ധിതരാക്കി.