TopTop
Begin typing your search above and press return to search.

ചെന്നൈയുടെ തോല്‍വിയില്‍ കുഞ്ഞ് സിവയ്ക്കെതിരെയുള്ള ഭീഷണി; പ്രതിഷേധവുമായി മുന്‍ താരം

ചെന്നൈയുടെ തോല്‍വിയില്‍ കുഞ്ഞ് സിവയ്ക്കെതിരെയുള്ള ഭീഷണി; പ്രതിഷേധവുമായി മുന്‍ താരം

ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നായകന്‍ എംഎസ് ധോണിയുടെ അഞ്ച് വയസുകാരിയായ മകള്‍ സിവയ്ക്കെതിരേ സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്ന ബലാത്സംഗ ഭീഷണിയില്‍ പ്രതിഷേധം അറിയിച്ച് കൂടുതല്‍ പേര്‍ രംഗത്ത് വന്നിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരം തോറ്റതിനു പിന്നാലെയാണ് സിവയെ ആക്രമിക്കുമെന്നതടക്കമുള്ള ഭീഷണികള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രത്യക്ഷപ്പെട്ടത്. കൊല്‍ക്കത്തയ്ക്കെതിരായ ചെന്നൈയുടെ തോല്‍വിയില്‍ പ്രകോപിതരായ ചിലരാണ് ഇതിനു പിന്നിലെന്നായിരുന്നു റിപോര്‍ട്ടുകള്‍. ധോണിയുടെയും ഭാര്യ സാക്ഷിയുടെയും ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ക്ക് താഴെയാണ് ചിലര്‍ ഇത്തരത്തിലുള്ള കമന്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ ഇത്തരം ഭീഷണികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ശക്തമായ നടപടി ആവശ്യപ്പെട്ടും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ ഇന്ത്യന്‍ മുന്‍താരം പ്രഗ്യാന്‍ ഓജയും പ്രതികരിച്ച് രംഗത്തെത്തി. താരങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും ആക്രമിക്കുന്നതും അധിക്ഷേപിക്കുന്നതും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന ശക്തമായ നിലപാടെടുത്തിരിക്കുകയാണ് മുന്‍താരം. ക്രിക്കറ്റ് മത്സരങ്ങള്‍ തോല്‍ക്കുമ്പോള്‍ താരങ്ങള്‍ക്കെതിരെയും അവരുടെ കുടുംബാംഗങ്ങള്‍ക്കെതിരെയും ആരാധകര്‍ തിരിയുന്ന സംഭവങ്ങള്‍ നേരത്തെയും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തെ സംഭവം അതിന്റെ എല്ലാ അതിരുകളും ഭേദിച്ചിരിക്കുകയാണ്.

നമ്മള്‍ പ്രതികരിക്കേണ്ട വിഷയമാണിത്. ഒരു കായികയിനത്തേയോ വ്യക്തിയോയോ മാത്രം സംബന്ധിക്കുന്നതല്ല, രാജ്യത്തെ തന്നെ ബാധിക്കുന്ന വിഷയമാണിത്. ഇത്തരം സംഭവങ്ങള്‍ വലിയ വിഷമമുണ്ടാക്കി. എനിക്കും ഒരു ചെറിയ ആണ്‍കുഞ്ഞുണ്ട്. നിങ്ങള്‍ക്കൊരു പെണ്‍കുഞ്ഞുണ്ടാകും. സ്ത്രീകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നവരാണ് നമ്മളെല്ലാം. ട്രോളും പരിഹാസവും നമുക്ക് തിരിച്ചറിയാനാകും. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുള്ള ഭീഷണികള്‍ അംഗീകരിക്കാനാവില്ല എന്നും ഓജ വ്യക്തമാക്കി.

ഒക്ടോബര്‍ ഏഴിന് നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ ചെന്നൈ 10 റണ്‍സിന് തോല്‍വി വഴങ്ങിയിരുന്നു. ധോണിയുടെയും കേദാര്‍ ജാദവിന്റെയും ബാറ്റിങ് ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തു. ഇരുവര്‍ക്കുമെതിരേ ചെന്നൈ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ കടുത്ത ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്.


Next Story

Related Stories