TopTop
Begin typing your search above and press return to search.

'വളരെ സിംപിള്‍ ഗെയിം പ്ലാനായിരുന്നു അത്'; സിക്‌സറുകളുടെ പട്ടികയില്‍ ഒന്നാമനായ സഞ്ജുവിന്റെ പ്രതികരണം|വീഡിയോ

വളരെ സിംപിള്‍ ഗെയിം പ്ലാനായിരുന്നു അത്; സിക്‌സറുകളുടെ പട്ടികയില്‍ ഒന്നാമനായ സഞ്ജുവിന്റെ പ്രതികരണം|വീഡിയോ

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ 12 ാം മത്സരത്തിലൂടെ ഫോമിലേക്ക് തിരിച്ചെത്തി മലയാളി താരം സഞ്ജു സാംസണ്‍. തുടര്‍ച്ചയായ മത്സരങ്ങളില്‍ തുടക്കത്തിലെ വമ്പന്‍ അടികള്‍ക്ക് ശ്രമിച്ച സഞ്ജു ഇന്നലെ ടീമിന്റെ വിജയം ലക്ഷ്യമാക്കി മിതമായ ഷോട്ടുകളോടെ ശ്രദ്ധയോടെയാണ് തുടങ്ങിയത്. മുംബൈ ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ അനായാസം മറികടന്നപ്പോള്‍ 60 പന്തില്‍ പുറത്താകാതെ 107 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിനൊപ്പം സഞ്ജുവിന്റെ ഇന്നിംഗ്‌സും കരുത്തായി. മത്സരം രാജസ്ഥാന്‍ എട്ട് വിക്കറ്റിന് ജയിച്ചപ്പോള്‍ 31 പന്തില്‍ 54 റണ്‍സുമായി സഞ്ജു പുറത്താകാതെ നിന്നു. മൂന്ന് സിക്‌സും നാല് ഫോറുമാണ് സഞ്ജുവിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നത്. മത്സരത്തിലൂടെ ഐപിഎല്ലില്‍ 2500 റണ്‍സും സഞ്ജു പൂര്‍ത്തിയാക്കി.

ഈ പ്രകടനത്തോടെ തകര്‍പ്പന്‍ ഷോട്ടുകളുടെ പട്ടികയില്‍ സഞ്ജു ഒന്നാമതായി തിരിച്ചെത്തി. ഈ ഐപിഎല്ലില്‍ കൂടുതല്‍ സിക്സറുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ സഞ്ജു ഇന്നലെ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. ഇക്കുറി 23 സിക്സുകളുമായാണ് സഞ്ജുവിന്റെ കുതിപ്പ്. രണ്ടാം സ്ഥാനത്തുള്ള കിംഗ്സ് ഇലവന്‍ പഞ്ചാബ് താരം നിക്കോളാസ് പുരാന് 22 സിക്സറുകളാണുള്ളത്.

അര്‍ധസെഞ്ചുറി നേടിയ ശേഷം കൈയിലെ മസില്‍ ഉയര്‍ത്തി കാണിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ സ്വന്തം പേര് ഞാന്‍ സ്വയം ഓര്‍മിപ്പിച്ചതാണെന്നായിരുന്നു സഞ്ജുവിന്റെ മുറപടി. ലോകത്തിലെ ഏറ്റവും കരുത്തനായ മനുഷ്യന്‍ സാംസണ്‍ എന്ന് വിശ്വസിക്കുന്നു, എനിക്കു കൂടുതല്‍ സിക്സറുകള്‍ നേടാന്‍ കഴിയുമെന്നും സഞ്ജു പറഞ്ഞു. സിക്സറുകള്‍ നേടാന്‍ പ്രത്യേക മാര്‍ഗമൊന്നുമില്ല. പന്തിനെ നന്നായി നോക്കി ഷോട്ട് കളിക്കുക മാത്രമാണ് ചെയ്യാറുള്ളതെന്നും സഞ്ജു പറഞ്ഞു.

ക്രീസിലെത്തിയപ്പോള്‍ കുറച്ചു സമയം അതുമായി പൊരുത്തപ്പെടാനായിരുന്നു ശ്രമം. അതിന് അഞ്ചോ, ആറോ ബോളുകള്‍ വേണ്ടിവന്നു. രാഹുല്‍ ചഹറിന്റെ ഓവറില്‍ ചില വമ്പന്‍ ഷോട്ടുകള്‍ക്കു ശ്രമിച്ചെങ്കിലും നടന്നില്ല. കഴിഞ്ഞ മൂന്നു കളികളിലും സ്റ്റോക്സിനൊപ്പനൊപ്പം മധ്യനിരയില്‍ കളിക്കാന്‍ സാധിച്ചിരുന്നു. അവയില്‍ ഏറ്റവും മികച്ചതാണ് മുംബൈയ്ക്കെതിരേയുള്ളത്. വിജയിക്കാന്‍ എത്ര റണ്‍സ് വേണമെന്നോ, റണ്‍റേറ്റ് എത്രയാണ് ആവശ്യമെന്നോയൊന്നും ശ്രദ്ധിച്ചിരുന്നില്ല. റണ്ണെടുക്കാവുന്ന പന്തുകളിലെല്ലാം അത് നേടുകയെന്ന വളരെ സിംപിള്‍ ഗെയിം പ്ലാനായിരുന്നു തന്റേത്. പന്തിനെ നന്നായി നോക്കി ഷോട്ട് കളിക്കാനാണ് ശ്രമിച്ചത്. ബൗണ്ടറിയോ, സിക്സറോ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ സിഗിളോ, ഡബിളോ നേടി ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോവുകയാണ് ചെയ്തത്. കളിയുടെ അവസാനം വരെ ക്രീസില്‍ തുടരാനായിരുന്നു ഞങ്ങള്‍ ശ്രമിച്ചത്. ഭാഗ്യവശാല്‍ ഇന്നു ടീമിനു വേണ്ടി അത് കഴിഞ്ഞതായും സഞ്ജു കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറച്ചു മല്‍സരങ്ങളില്‍ കാര്യമായി സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കിലും സ്വന്തം കഴിവില്‍ ആത്മവിശ്വാസമുണ്ടായിരുന്നു, തുടര്‍ച്ചയായി 14 മല്‍സരങ്ങളില്‍ കളിക്കുമ്പോള്‍ ഫോമില്‍ ഉയര്‍ച്ചയും താഴ്ചയുമുണ്ടാവും. ഗെയിം പ്ലാനില്‍ ഞാന്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. വലിയ ഗ്രൗണ്ടുകളില്‍, വ്യത്യസ്തമായ വിക്കറ്റുകളില്‍ കൂടുതല്‍ സമയമെടുത്ത് കളിക്കുകയെന്നതും, കൂടുതല്‍ ഷോട്ടുകള്‍ പായിക്കുകയെന്നതും പ്രധാനമാണ്. അതായിരുന്നു ഇന്നലത്തെ ഇന്നിങ്സിലെ പ്രത്യേകതയെന്നും സഞ്ജു പറഞ്ഞു.





Next Story

Related Stories