TopTop
Begin typing your search above and press return to search.

കോവിഡ് പ്രതിസന്ധിയില്‍ ഐപിഎല്‍; കൊല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരം മാറ്റി, പരിശീലനം ഒഴിവാക്കി ചെന്നൈ

കോവിഡ് പ്രതിസന്ധിയില്‍ ഐപിഎല്‍; കൊല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരം മാറ്റി, പരിശീലനം ഒഴിവാക്കി ചെന്നൈ

കളിക്കാര്‍ക്ക് ഉള്‍പ്പെടെ കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഐപിഎല്‍ മത്സരങ്ങള്‍ പ്രതിസന്ധിയില്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ രണ്ട് കളിക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ന് കൊല്‍ക്കത്തയും റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മില്‍ നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവച്ചു. ഐപിഎല്‍ തുടങ്ങിയശേഷം ആദ്യമായാണ് കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.

വരുണ്‍ ചക്രവര്‍ത്തിക്കും മലയാളി താരം സന്ദീപ് വാര്യര്‍ക്കുമാണ് കോവിഡ് പോസറ്റീവായത്. നാല് ദിവസത്തിനിടെ നടത്തിയ മൂന്നാം റൗണ്ട് പരിശോധനയിലാണ് ഇവരുടെ ഫലം പോസറ്റീവായത്. ബാക്കിയുള്ളവരുടെ പരിശോധനാഫലം നെഗറ്റീവാണ്. ഇരുവരും ഐസൊലേഷനിലാണ്. ടീം ഡോക്ടര്‍മാര്‍ ആരോഗ്യസ്ഥതി നിരീക്ഷിച്ചുവരികയാണെന്നും ടീം അറിയിച്ചു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥ്, ബൗളിംഗ് കോച്ച് എല്‍ ബാലാജി, ബസ് ക്ലീനിംഗ് സ്റ്റാഫ് എന്നിവരുടെ ഇന്നലത്തെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയിരുന്നു. ഇക്കാര്യം ഒരിക്കല്‍ക്കൂടി ഉറപ്പാക്കാന്‍ ഇന്നും കോവിഡ് പരിശോധന നടത്തുന്നുണ്ട്. അതേസമയം, കളിക്കാര്‍ക്ക് ആര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും കളിക്കാര്‍ക്കും ഉള്‍പ്പെടെ ഒരു റൗണ്ട് കോവിഡ് പരിശോധന കൂടി നടത്താനാണ് തീരുമാനം. അതിനാല്‍ ടീമിന്റെ പരിശീലനം ഒഴിവാക്കിയിട്ടുണ്ട്.

രാജസ്ഥാന്‍ റോയല്‍സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ (ഡിഡിസിഎ) അഞ്ച് ഗ്രൗണ്ട് സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചതായി ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ കളിക്കാരുമായി അടുത്തിടപഴകിയോ എന്നതുള്‍പ്പെടെ കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും ഡിഡിസിഎ അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ബാംഗ്ലൂരിന്റെ ദേവ്ദത്ത് പടിക്കല്‍, ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അക്സര്‍ പട്ടേലിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കോവിഡ് ഭേദമായശേഷമാണ് ഇരുവരും മത്സരത്തിനെത്തിയത്.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് കടുത്ത പ്രോട്ടോക്കോള്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്നാണ് ഐപിഎല്‍ സംഘാടകര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഐപിഎല്ലിലെ ബയോ ബബിള്‍ സംവിധാനം വളരെ മോശമാണെന്ന വിമര്‍ശനം ഉന്നയിച്ച് വിദേശ താരങ്ങള്‍ സീസണ്‍ ഉപേക്ഷിച്ചിരുന്നു. കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി ഡല്‍ഹി താരം ആര്‍ അശ്വിനും അമ്പയര്‍ നിതിന്‍ മേനോനും മത്സരം അവസാനിപ്പിച്ചു. ഇതോടെ നിരവധിപ്പേര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയെങ്കിലും മത്സരം തുടരുമെന്നാണ് ബിസിസിഐയുടെ നിലപാട്.


Next Story

Related Stories