ഐപിഎല്ലിലെ അടുത്ത ടീമിനെ സ്വന്തമാക്കാന്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഒരുങ്ങുന്നു എന്ന് അഭ്യൂഹങ്ങള്‍. ഇത്തവണത്തെ ഐപിഎല്‍ ഫൈനലില്‍ മോഹന്‍ലാലിന്റെ സാന്നിധ്യം ഉണ്ടായതോടെയാണ് ഈ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ദേശീയ മാധ്യമങ്ങള്‍ അടക്കം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഐപിഎല്ലില്‍ എട്ട് ടീമുകള്‍ക്ക് പുറമെ ഒമ്പതാമത് ഒരു ടീമും എത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിനു പിന്നാലെയാണ് വരാന്‍ പോകുന്ന പുതിയ ഫ്രാഞ്ചെസിയെ മോഹന്‍ലാല്‍ സ്വന്തമാക്കുമെന്ന സൂചന വീണ്ടും സജീവമായത്. ഐപിഎല്‍ ഫൈനലിന് പിന്നാലെയാണ് അടുത്ത സീസണില്‍ ഒമ്പത് ടീമുകള്‍ ഉണ്ടായേക്കുമെന്നും 2021 സീസണിന് മുന്‍പ് താര ലേലത്തിന് ഫ്രാഞ്ചൈസികളോട് ബിസിസിഐ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ പോര്‍ട്ടല്‍ ബൈജൂസിനൊപ്പം ചേര്‍ന്നാവും മോഹന്‍ലാലിന്റെ ശ്രമമെന്നായിരുന്നു ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബൈജൂസ് ലേണിംഗ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് മോഹന്‍ലാല്‍. കൊറോണ മൂലമുണ്ടായ സാമ്പത്തിക നഷ്ടങ്ങള്‍ മറികടക്കാനുള്ള ശ്രമങ്ങളുടെ കൂടി ഭാഗമായാണ് ബിസിസിഐ പുതിയ ഫ്രാഞ്ചൈസിക്ക് അനുമതി നല്‍കിയത്. അതേസമയം ഒന്‍പതാം ഫ്രാഞ്ചൈസി സ്വന്തമാക്കാന്‍ അദാനി ഗ്രൂപ്പും രംഗത്തെത്തിയിട്ടുണ്ട്.
(നേരത്തെ നല്കിയ വാര്‍ത്തയില്‍ ചില വസ്തുതാപരമായ പിഴവുകള്‍ കടന്നുകൂടിയതില്‍ ഖേദിക്കുന്നു)