TopTop
Begin typing your search above and press return to search.

തുടര്‍ച്ചയായ ആറാം മത്സരത്തിലും ജയമില്ല; കാരണം വെളിപ്പെടുത്തി ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍

തുടര്‍ച്ചയായ ആറാം മത്സരത്തിലും ജയമില്ല; കാരണം വെളിപ്പെടുത്തി ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ വിജയിക്കാന്‍ സാധിക്കാത്ത കേരള ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ച്ചയായ ആറാം മത്സരത്തിലും ജയമില്ലാതെ മൈതാനം വിടുന്നത്. സീസണില്‍ ഇതുവരെ മികച്ച ഒരു പ്രകടനം നടത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആദ്യമത്സരത്തില്‍ എടികെയെ കൊച്ചിയില്‍ വെച്ച് പരാജയപ്പെടുത്തിയത് ഒഴിച്ച് നിര്‍ത്തിയാല്‍ അതിന് ശേഷം ഒരു ജയം സ്വന്തമാക്കാന്‍ ടീമിന് കഴിഞ്ഞിട്ടുമില്ല. ഇന്നലെ മുംബൈ സിറ്റിക്കെതിരെ 1-1 സമനിലയാണ് ബ്ലാസ്‌റ്റേഴ്‌സ് വഴങ്ങിയത്. സീസണിലെ മൂന്നാം സമനിലയാണ് ടീം ഇന്നലെ വഴങ്ങിയത്.

ഇന്നലെ നടന്ന മത്സരത്തില്‍ ഇരുടീമുകളും ആദ്യ പകുതിയില്‍ പൊരുതി കളിച്ചപ്പോള്‍ ഗോളുകള്‍ പിറന്നില്ല. രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ കേരളം, മുംബൈ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. നിരവധി അവസരങ്ങളാണ് ആദ്യ 32 മിനിറ്റിനുള്ളില്‍ ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചത്. 25-ാം മിനിറ്റില്‍ മെസ്സിയുടെ ഉഗ്രനൊരു ബൈസിക്കിള്‍ കിക്ക് മുംബൈ ഗോള്‍കീപ്പര്‍ അമരീന്ദര്‍ മുഴുനീളന്‍ ഡൈവിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ പിഴവിനും പലതവണ സ്റ്റേഡിയം സാക്ഷിയായി. 41-ാം മിനിറ്റില്‍ മോദു സൗഗുവിന് ലഭിച്ച അവസരം രഹനേഷ് രക്ഷപ്പെടുത്തുകയായിരുന്നു. സൗഗുവിന്റെ ഷോട്ട് ദുര്‍ബലമായതാണ് കേരളത്തെ തുണച്ചത്. ഇതിനിടെ 75-ാം മിനിറ്റില്‍ മെസ്സി ബൗളിയുടെ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയെങ്കിലും 77-ാം മിനിറ്റില്‍ അമീന്‍ ചെര്‍മിറ്റിയിലൂടെ മുംബൈ തിരിച്ചടിക്കുകയായിരുന്നു. ഏഴു മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമുള്ള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തു തന്നെയാണ്. ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം സമനിലയായിരുന്നു ഇത്.

സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കാഴ്ച വെക്കുന്ന മോശം പ്രകടനത്തിന് കാരണം താരങ്ങള്‍ മാത്രമാണെന്ന അഭിപ്രായമാണ് ക്ലബ്ബിന്റെ മുഖ്യ പരിശീലകന്‍ ഇല്‍കോ ഷട്ടോരി കഴിഞ്ഞ ദിവസം പങ്കുവെച്ചത്. തീരെ പക്വതയില്ലാത്ത താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സില്‍ ഇപ്പോഴുള്ളതെന്നാണ് ഷട്ടോരി പറയുന്നത്. സെറ്റ് പീസുകള്‍ പ്രതിരോധിക്കാന്‍ താരങ്ങള്‍ക്ക് കഴിയാതെ പോകുന്നു. സെറ്റ് പീസുകള്‍ വഴിയാണ് ബ്ലാസ്റ്റേഴ്‌സ് കൂടുതല്‍ ഗോളുകളും വഴങ്ങുന്നത്. സെറ്റ് പീസുകള്‍ എടുക്കുന്ന സമയത്ത് ഓരോ താരത്തിനും അവരുടേതായ കടമകള്‍ നിര്‍വ്വഹിക്കാനുണ്ട്. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ അവരുടെ കടമ മറക്കുകയാണെന്നും അത് പക്വതയില്ലായ്മ കൊണ്ട് സംഭവിക്കുന്നതാണെന്നും ഷട്ടോരി പറഞ്ഞു.

Next Story

Related Stories