ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ കുരുക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ആദ്യ പകുതിയില്‍ രണ്ട് ഗോളിന്റെ ലീഡ് നേടി വിജയ പ്രതീക്ഷയോടെ കളിച്ച ബ്ലാസ്റ്റേഴ്സിനെ 90-ാം മിനിറ്റില്‍ ഇദ്രിസ സൈല നേടിയ ഗോളോടെ നോര്‍ത്ത് ഈസ്റ്റ് സമനിലയില്‍ തളക്കുകയായിരുന്നു. മത്സരത്തില്‍ ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ആദ്യ ജയം തേടിയിറങ്ങിയ ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിട്ട് നിന്നിരുന്നു. ക്യാപ്റ്റന്‍ സെര്‍ജിയോ സിഡോഞ്ചയും ഗാരി ഹൂപ്പറുമാണ് ബ്ലാസ്റ്റേഴ്സിനായി സ്കോര്‍ ചെയ്തത്. തുടക്കം മുതലെ ആക്രമിച്ച് കളിക്കുകയെന്ന തന്ത്രം പയറ്റിയ ബ്ലാസ്റ്റേഴ്സ് അതില്‍ വിജയിക്കുന്ന കാഴ്ചയാണ് കണ്ടത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ പെനല്‍റ്റി ബോക്സിന് പുറത്ത് വലതു വിംഗില്‍ സെയ്ത്യാ സിംഗിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീ കിക്കില്‍ നിന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോള്‍. സെയ്ത്യാ സിംഗ് ബോക്സിലേക്ക് ഉയര്‍ത്തിക്കൊടുത്ത പന്തില്‍ ചാടി ഉയര്‍ന്ന് തലവെച്ച ബ്ലാസ്റ്റേഴ്സ് നായകന് സെര്‍ജിയോ സിഡോഞ്ച മഞ്ഞപ്പടയെ മുന്നിലെത്തിച്ചു. ഇതിന് ശേഷം 22-ാം മിനിറ്റില്‍ കിട്ടിയ സുവര്‍ണാവസരം ഗാരി ഹൂപ്പര്‍ നഷ്ടപ്പെടുത്തി. പിന്നീട് ആദ്യ പകുതി തീരുന്നതിന് തൊട്ടുമുമ്പ് ലഭിച്ച പെനല്‍റ്റിയിലൂടെ രണ്ട് ഗോളിന്റെ ലീഡ് നേടി. ഇത്തവണ കിക്ക് എടുത്ത ഗാരി ഹൂപ്പര്‍ക്ക് പിഴച്ചില്ല. ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളിന് മുന്നില്‍.
രണ്ടാം പകുതിയില്‍ 51ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പിഴവില്‍ നിന്നാണ് നോര്‍ത്ത് ഈസ്റ്റ് ഗോള്‍ നേടിയത്. ഫെഡ്രിക്കോ ഗല്ലേഗോ എടുത്ത കോര്‍ണര്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് വന്ന ആശയക്കുഴപ്പം മുതലെടുത്താണ് ക്വെസി അപിയ ഗോള്‍ നേടിയത്. എന്നാല്‍ 65-ാം മിനിറ്റില്‍ ലാലെങ്മാവിയയെ ജെസ്സല്‍ കാര്‍നെയ്റോ ബോക്സില്‍ വീഴ്ത്തിയതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി ക്വെസി അപിയക്ക് പിഴച്ചു. ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തേക്ക്. പിന്നീട് 72-ാം മിനിറ്റിലാണ് നോര്‍ത്ത് ഈസ്റ്റിന് രക്ഷയായി സമനില ഗോള്‍ എത്തുന്നത്. പകരക്കാരനായി ഇറങ്ങിയ ഇദ്രിസ സൈലയുടെയാണ് അവര്‍ ഗോള്‍ കണ്ടെത്തിയത്.സൈല നേടിയ ഗോള്‍ ഓഫ് സൈഡായിരുന്നെങ്കിലും റഫറി ഗോള്‍ അനുവദിച്ചത് ബ്ലാസ്റ്റേഴ്സിന്റെ വിജയപ്രതീക്ഷകള്‍ തകര്‍ത്തു.
എ ടി കെ മോഹന്‍ ബഗാനെതിരെ കളിച്ച ടീമില്‍ നാല് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റിനെതിരെ ഇറങ്ങിയത്. ബ്ലാസ്റ്റേഴ്സിനായി നിഷുകുമാറും രോഹിത് കുമാറും അരങ്ങേറ്റം കുറിച്ചപ്പോമ്പോള്‍ കഴിഞ്ഞ മത്സരം കളിച്ച മലയാളി താരം പ്രശാന്തും സഹല്‍ അബ്ദുള്‍ സമദും ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനില്‍ ഇറങ്ങിയില്ല. ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാനോട് ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. ആദ്യ മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റി എഫ്സിയെ തകര്‍ത്താണ് നോര്‍ത്ത് ഈസ്റ്റ് എത്തുന്നത്.