ഇന്ത്യയിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായിരുന്നു അനില്‍ കുംബ്ലെ. തന്റെ കരിയറില്‍ 619 ടെസ്റ്റ് വിക്കറ്റുകളും 337 ഏകദിന വിക്കറ്റുകളും കുംബ്ലെ നേടി - രണ്ട് ഫോര്‍മാറ്റുകളിലും ഒരു ഇന്ത്യന്‍ ബൗളറും നേടാത്ത നേട്ടമായിരുന്നു ഇത്. 1999 ല്‍ ന്യൂ ഡെല്‍ഹിയിലെ ഫിറോസ് ഷാ കോട്ലയില് പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തില്‍ ഒരൊറ്റ ഇന്നിംഗ്സില്‍ 10 വിക്കറ്റ് വീഴ്ത്തിയ കുബ്ലെയുടെ നേട്ടം മറ്റൊരു ഇന്ത്യക്കാരനും സ്വന്തമാക്കിയിട്ടില്ല. ആ സമയം തന്നെ ഇതിഹാസ സ്പിന്നര്‍മാരായ ഓസ്ട്രേലിയന്‍ താരം ഷെയ്ന് വോണ്‍, ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരന് എന്നിവരുമായി താരതമ്യപ്പെടുത്തിയതിനെ കുറിച്ച് പറയുകയാണ് കുബ്ലെ. മുന്‍ സിംബാബ്വെ താരം പോമി എംബാങ്വയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിലാണ് കുംബ്ലെ ഇക്കാര്യം പറഞ്ഞത്.
1990കള്‍ മുതല്‍ ഒന്നര പതിറ്റാണ്ടിലേറെക്കാലം ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളര്‍മാരായിരുന്നു വോണും മുരളീധരനും കുംബ്ലെയും. എന്നാല്‍ ലോകത്തെ ഏത് പിച്ചിലും പന്ത് തിരിക്കാന്‍ കഴിവുള്ള വോണിനോടും മുരളീധരനോടും തന്നെ താരതമ്യപ്പെടുത്തിയത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് കുബ്ലെയുടെ വെളിപ്പെടുത്തല്‍. 'ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ സ്ഥിരമായി മത്സരമുണ്ടായിരുന്നത് കൊണ്ട് മുരളീധരനെ സ്ഥിരമായി കാണുമായിരുന്നു. അന്ന് ഓരോ നാഴികക്കല്ലു പിന്നിടുമ്പോഴും എനിക്ക് മുരളിയുടെ അഭിനന്ദനം കിട്ടും. ആ സമയം മുരളി പുതിയ നേട്ടത്തിന് 30 വിക്കറ്റ് അകലെ നില്‍ക്കുകയായിരുന്നു. അതുകൊണ്ട് ഞാന്‍ മുരളിയെയും മുന്‍കൂട്ടി അഭിനന്ദിച്ചു. 500 വിക്കറ്റ് നേട്ടത്തിന് ഇനി 30 വിക്കറ്റ് കൂടി മതിയല്ലോ എന്ന് പറഞ്ഞാണ് അഭിനന്ദനം. ഇല്ലില്ല, ആ നേട്ടത്തിലേക്ക് ഇനിയും ഏറെ ദൂരമുണ്ടെന്ന് മുരളി പ്രതികരിക്കും. മൂന്നു ടെസ്റ്റിനുള്ളില്‍ താങ്കളവിടെ എത്തുമെന്ന് ഞാനും പറയും' കുംബ്ലെ ഓര്‍ത്തെടുത്തു. ഷെയ്ന് വോണ്‍, മുത്തയ്യ മുരളീധരന് എന്നിവരുമായി വളരെ അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നതെന്ന് കുംബ്ലെ വെളിപ്പെടുത്തി. ഇരുവരും ബോള്‍ ചെയ്യുന്നത് കണ്ട് ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും കുംബ്ലെ പറഞ്ഞു.