TopTop
Begin typing your search above and press return to search.

കൊറോണ ഭീതി; ഇറ്റലിയില്‍ ഒരു മാസത്തേക്ക് ഫുട്‌ബോള്‍ മത്സരങ്ങളില്ല?

കൊറോണ ഭീതി; ഇറ്റലിയില്‍ ഒരു മാസത്തേക്ക് ഫുട്‌ബോള്‍ മത്സരങ്ങളില്ല?

ഇറ്റലിയില്‍ കൊറോണ വൈറസ് അതിവേഗത്തില്‍ പടര്‍ന്ന് പിടിക്കുകയാണ്. കഴിഞ്ഞ ദിവസം 30 ഓളം പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചുവെന്നാണ് റിപോര്‍ട്ടുകള്‍. കൂടുതല്‍ പേരിലേക്ക് കൊറോണ വൈറസ് പടരാതിരിക്കാന്‍ രാജ്യത്ത് പൊതു പരിപാടികള്‍ എല്ലാം റദ്ദാക്കാനാണ് ഗവണ്‍മെന്റ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മനുഷ്യര്‍ അടുത്ത് ഇടപഴകുന്ന അവസരങ്ങള്‍ പൊതുവേദിയില്‍ ഇല്ലാതാക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഈ തീരുമാനം എടുക്കുകയാണെങ്കില്‍ രാജ്യത്തെ ഏറെ ആരാധക പിന്തുണയുള്ള ഫുട്‌ബോളിനെയും ഇത് കാര്യമായി ബാധിക്കും. തുടക്കത്തില്‍ ഒരു മാസത്തേക്ക് ഫുട്‌ബോള്‍ അടക്കമുള്ള കായിക മത്സരങ്ങള്‍ ഒക്കെ നിര്‍ത്തിവെക്കാന്‍ ആണ് ഗവണ്മെന്റ് ആലോചിക്കുന്നത്. ഇപ്പോള്‍ തന്നെ ഇറ്റലിയിലെ പല ഫുട്‌ബോള്‍ മത്സരങ്ങളും മാറ്റിവെച്ചിരിക്കുകയാണ്.

നേരത്തെയും കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇറ്റാലിയന്‍ സീരി എ മത്സരങ്ങള്‍ മാറ്റിവച്ചിരുന്നു. കൊറോണ വൈറസ് ഭീതിയിലാണ് ഇറ്റാലിയന്‍ സീരി എ ഫുട്ബോള്‍ ടീമായ യുവന്റസ്. ക്ലബ്ബിന്റെ അണ്ടര്‍-23 ടീം കഴിഞ്ഞാഴ്ച മൂന്നാം ഡിവിഷന്‍ ക്ലബ്ബായ പിയാനീസുമായി ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെ പിയാനിസിലെ മൂന്ന് താരങ്ങള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ യുവന്റസ് അണ്ടര്‍-23 ടീമിലെ താരങ്ങളില്‍ പരിശോധന നടത്തി. എന്നാല്‍, ആരിലും രോഗം കണ്ടെത്തിയില്ല. അന്ന് അണ്ടര്‍-23 ടീമിന്റെ ഭാഗമായിരുന്നവരില്‍ ചിലര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ള താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കൊറോണ വൈറസ് നിയന്ത്രണ വിധേയമായില്ലെങ്കില്‍ ജൂണില്‍ നടക്കാനിരിക്കുന്ന യൂറോ കപ്പ് ഫുട്‌ബോളും ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടാകും. ഏകദേശം 5000 മുതല്‍ ഒരു ലക്ഷം വരെ ആരാധകരാണ് യൂറോപ്പിലെ ഓരോ ഫുട്‌ബോള്‍ മത്സരങ്ങളും കാണാനെത്തുന്നത്. കളികാണാന്‍ വരുന്നവരില്‍ ഒരാള്‍ക്കെങ്കിലും വൈറസ് ബാധയുണ്ടെങ്കില്‍ അത് അനേകം പേരിലേക്ക് പടരും. യുവേഫ ചാംപ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് എന്നിവയ്ക്കു പുറം രാജ്യങ്ങളില്‍ നിന്നും ആരാധകര്‍ എത്താറുണ്ട്. വൈറസ് അനായാസം പടരുന്നതിന് ഇത് കാരമാകും.


Next Story

Related Stories