കൊറോണ വൈറസ് (കൊവിഡ് 19) ഉണ്ടാക്കിയിരിക്കുന്ന ഗുരുതര സാഹചര്യം കണക്കിലെടുത്ത് ടോക്കിയോ ഒളിമ്പിക്സ് ഒരു വര്‍ഷത്തേയ്ക്ക് മാറ്റിവയ്ക്കണമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ അബെ. ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചതായും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇതിന് അംഗീകാരം നല്‍കിയതായും ഷിന്‍സോ അബെ പറഞ്ഞു. ഐഒസി അധ്യക്ഷന്‍ തോമസ് ബാച്ചിനെ ഉദ്ധരിച്ചാണ് ഷിന്‍സോ അബെ ഇക്കാര്യം പറഞ്ഞത്.
ഒളിമ്പിക്സ് വേദികളുടേയും വില്ലേജുകളുടേയും നിര്‍മ്മാണം പൂര്‍ത്തിയാവുകയും ഒളിമ്പിക്സ് ഒരുക്കങ്ങളില്‍ ടോക്കിയോ ആഗോളതലത്തില്‍ വലിയ പ്രശംസ നേടുകയും ചെയ്തിരുന്നു. എന്നാല്‍ ലോകവ്യാപകമായി കൊറോണ വൈറസ് ഉണ്ടാക്കിയിട്ടുള്ള അതീവ ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ് ഒളിമ്പിക്സ് മാറ്റിവയ്ക്കണമെന്ന് ജപ്പാന് ഐഒസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒളിമ്പിക്സ് മാറ്റിവയ്ക്കാന്‍ വലിയതോതിലുള്ള സമ്മര്‍ദ്ദം ഐഒസിക്ക് മേലുണ്ടായിരുന്നു. ജൂലായ് 24 മുതൽ ഓഗസ്റ്റ് ഒമ്പത് വരെയാണ് ടോക്കിയോ ഒളിമ്പിക്സിൻ്റെ തീയതികൾ നിശ്ചയിച്ചിരുന്നത്. ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്ക് പരിശീലനം അസാധ്യമാക്കുന്ന സാഹചര്യമാണ് കൊവിഡ് 19 ഉണ്ടാക്കിയിരിക്കുന്നത്. യോഗ്യതാമത്സരങ്ങള്‍ അടക്കമുള്ളവ റദ്ദാക്കി. അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ മിക്കരാജ്യങ്ങളും വെട്ടിച്ചുരുക്കുകയോ പൂര്‍ണമായും നിര്‍ത്തുകയോ ചെയ്തിട്ടുണ്ട്.
1896 മുതലുള്ള ആധുനിക ഒളിമ്പിക്സ് ചരിത്രത്തിൽ രണ്ടാം ലോകയുദ്ധം കാരണം 1940ലും 44ലും മാത്രമാണ് ഇതിന് മുമ്പ് ഒളിമ്പിക്സ് നടക്കാതിരുന്നത്. 1936ലെ ബെര്‍ലിന്‍ ഒളിമ്പിക്സിന് ശേഷം പിന്നീട് ഒളിമ്പിക്സ് നടന്നത് 1948ല്‍ ഹെല്സിങ്കിയിലാണ്. മറ്റ് ഒളിമ്പിക്സുകളെല്ലാം കൃത്യമായി നാല് വര്‍ഷത്തെ ഇടവേളകളില്‍ നടന്നിട്ടുണ്ട്. 1940 സെപ്റ്റംബർ 21 മുതൽ ഒക്ടോബർ ആറ് വരെ നടത്താനിരുന്ന ടോക്കിയോ ഒളിമ്പിക്സ് ലോകയുദ്ധം മൂലം റദ്ദാക്കി. 1944ൽ ലണ്ടനിൽ നടത്താനിരുന്ന ഒളിമ്പിക്സും യുദ്ധം മൂലം ഒഴിവാക്കുകയായിരുന്നു. 1964ലാണ് ടോക്കിയോവിൽ ഏറ്റവുമൊടുവിൽ ഒളിമ്പിക്സ് നടന്നത്.