ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മലയാളികള്‍ കാത്തിരുന്ന ജയം. കരുത്തരായ ജംഷഡ്പുര്‍ എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പരാജയപ്പെടുത്തി. ആദ്യം ലീഡെടുത്തെങ്കിലും ബ്ലാസ്റ്റേഴ്സ് നിരയെ ജംഷഡ്പുര്‍ പരീക്ഷിച്ചുകൊണ്ടിരുന്നു. ഗോള്‍ വഴങ്ങിയും സമനില നേടിയും ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തില്‍ രണ്ടാം പകുതിയുടെ അര മണിക്കൂറോളം 10 കളിക്കാരുമായി ചെറുത്തുനിന്നാണ് ബ്ലാസ്റ്റേഴ്സ് ജയം പിടിച്ചെടുത്തത്. 22ാം മിനിറ്റില്‍ കോസ്റ്റയുടെ വകയായിരുന്നു ആദ്യ ഗോള്‍. 79, 82 മിനിറ്റുകളില്‍ ജോര്‍ദാന്‍ മറെ ബ്ലാസ്റ്റേഴ്സിന്റെ സ്കോര്‍ ബോര്‍ഡ് തികച്ചു. 36, 84 മിനിറ്റുകളില്‍ വാല്‍സ്കിസാണ് ജംഷഡ്പുരിനായി വല കുലുക്കിയത്.
ആക്രമിച്ചു കളിച്ചുതുടങ്ങിയിട്ടും കിട്ടിയ അവസരങ്ങള്‍ മുതലെടുക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. ഗാരി ഹൂപ്പറിനും ജോര്‍ദന്‍ മറെയ്ക്കും ആദ്യ പകുതിയില്‍ ലഭിച്ച സുവര്ണാവസരങ്ങള് ഗോളായില്ല. 22ാം മിനുറ്റില്‍ ഫകുണ്ടോ പെരേരേ എടുത്ത ഫ്രീ കിക്കില്‍നിന്നാണ് മികച്ച ഹെഡ്ഡറിലൂടെ കോസ്റ്റ ഗോള്‍ കണ്ടെത്തിയത്. പിന്നീട് പതിവുപോലെ ബ്ലാസ്റ്റേഴ്സ് കളി മറന്നു. ഈ സീസണിലെ ആദ്യ ഡയറക്ട് ഫ്രീ കിക്കിലൂടെ 36ാം മിനുറ്റില്‍ വാല്‍സ്കിസ് സമനില ഗോള്‍ നേടി. ആദ്യ പകുതിയുടെ അവസാനം ഒരു ഫ്രീ ഹെഡ്ഡര്‍ കിട്ടിയെങ്കിലും മറെയ്ക്ക് ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.
രണ്ടാം പകുതിയില്‍ 67ാം മിനുറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട ലാല്‍റുവാത്തര കളംവിട്ടു. പിന്നീട് 10 പേരുമായാണ് ബ്ലാസ്റ്റേഴ്സ് ആക്രമണം അഴിച്ചുവിട്ടത്. 79ാം മിനുറ്റില്‍ മറെയിലൂടെ ലീഡ് നേടി. ഫകുണ്ടോ പെരേരയുടെ ഷോട്ട് രഹ്നേഷ് തട്ടിയകറ്റിയപ്പോള്‍ മറെ റീബൗണ്ടിലൂടെ അത് ഗോളാക്കി. ഏതാനും മിനുറ്റുകള്‍ക്കുള്ളില്‍ അടുത്ത ഗോളുമെത്തി. ഫകുണ്ടോ പെരേരയുടെ മിസ് പാസ് പിടിക്കുന്നതിനിടെ രഹ്നേഷിന്റെ കയ്യില്‍നിന്ന് വീണ പന്തെത്തിയത് മറെയുടെ കാലില്‍. മറെയുടെ ലക്ഷ്യം തെറ്റിയില്ല. 84ാം മിനുറ്റില്‍ വാല്‍സ്കിസിന്റെ രണ്ടാം ഗോള്‍ വന്നു. ഹെഡ്ഡറിലൂടെ നേടിയ ഗോള്‍ ബ്ലാസ്റ്റേഴ്സിനെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും പിന്നീടുള്ള നിമിഷങ്ങള്‍ മികച്ച പ്രതിരോധ കോട്ട കെട്ടി ബ്ലാസ്റ്റേഴ്സ് ജയം കൈയടക്കുകയായിരുന്നു.