TopTop
Begin typing your search above and press return to search.

കേരള ഫുട്‌ബോള്‍ ദിനം ആഘോഷിക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി.

കേരള ഫുട്‌ബോള്‍ ദിനം ആഘോഷിക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി.

കേരള ഫുട്‌ബോള്‍ ദിനം ആഘോഷിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ഒരുങ്ങി. ഇതിന്റെ ഭാഗമായി പച്ചയും വെള്ളയും നിറത്തിലുള്ള പ്രത്യേക ജേഴ്‌സിയിലാകും ഇന്ന് കളിക്കളത്തിലിറങ്ങുകയെന്ന് കേരള ബ്ലാസ്റ്റേഴ്സ് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാനത്ത് കായികരംഗത്ത് സ്‌നേഹവും അഭിനിവേശവും വളര്‍ത്തിയെടുക്കുന്നതിനായി ഒരു മാര്‍ഗ്ഗദീപമാകുക എന്ന ലക്ഷ്യവുമായിട്ടാണ് ഇന്ന് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ജംഷഡ്പൂര്‍ എഫ് സി ക്കെതിരെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കേരള ഫുട്ബോള്‍ ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നത്.

കേരള ഫുട്‌ബോള്‍ ദിനത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ കളിക്കാന്‍ എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നതിനും കായികരംഗത്ത് സന്തോഷം പകരുന്നതിനുമുള്ള ഒരു സംരംഭമെന്ന നിലയില്‍, ക്ലബ് ഒരു ഗിഫ്റ്റബോള്‍ കാമ്പെയ്ന്‍ (#giftball)ആരംഭിച്ചു. ഓരോരുത്തര്‍ക്കും ഒരു കുട്ടിക്ക് അല്ലെങ്കില്‍ വളര്‍ന്നുവരുന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഒരു ഫുട്‌ബോള്‍ നല്‍കാന്‍ പ്രേരിപ്പിക്കുന്നതാണ് ഈ ക്യാമ്പയിന്‍. മന്ത്രി ഇ.പി.ജയരാജന്‍ ഔദ്യോഗികമായി പ്രചാരണത്തെ പിന്തുണയ്ക്കുകയും സ്റ്റേഡിയത്തില്‍ നടക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ചെയ്യും.

പ്രത്യേകമായി തയ്യാറാക്കിയിട്ടുള്ള പച്ചയും വെള്ളയും അടങ്ങിയ ജേഴ്‌സിയില്‍ ബ്ലാസ്റ്റേഴ്സ് ടീം ഗ്രൗണ്ടിലേക്ക് പ്രവേശിക്കുമ്പോള്‍ കേരള സംസ്ഥാനത്തിന്റെ പേര് ഉള്‍ക്കൊള്ളുന്ന പ്രത്യേക ഗ്രാഫിക് ആര്‍ട്ട് ഉയര്‍ത്തിപ്പിടിക്കും. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ആത്മാവ് ഉയര്‍ത്തികാണിക്കുന്നതിന്റെ ഭാഗമായാണ് കേരള ബ്ലാസ്റ്റേഴ്സ് പച്ചയും വെള്ളയും അടങ്ങിയ പ്രത്യേക ജേഴ്‌സിയില്‍ കളിക്കളത്തില്‍ എത്തുക.

ഫുട്‌ബോള്‍ എല്ലാവരുടേയും കായിക വിനോദമാണെന്ന ആശയം ഉദ്‌ഘോഷിക്കുന്നതിനായി, ഇരു ടീമുകളില്‍ നിന്നുമുള്ള ആരംഭ ഇലവന്‍ കളിക്കാര്‍ മൈതാനത്തേക്ക് പ്രവേശിക്കുമ്പോഴും ദേശീയ ഗാനം ആലപിക്കുമ്പോഴും ഇന്ത്യന്‍ അന്ധ ഫുട്‌ബോള്‍ ഫെഡറേഷനില്‍ നിന്നുള്ള 22 കുട്ടികള്‍ കളിക്കാര്‍ക്കൊപ്പം മൈതാനത്തെത്തും. കായികരംഗത്തിലൂടെ സമഭാവനയും സമത്വവും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്. കൂടാതെ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീമിലെ അംഗങ്ങള്‍ക്ക് ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ പ്രത്യേക ഓഡിയോ സെറ്റുകളിലൂടെ മത്സരത്തിന്റെ തത്സമയ വ്യാഖ്യാനവും നല്‍കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

Next Story

Related Stories