TopTop
Begin typing your search above and press return to search.

'അന്നത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എനിക്കായി ഒരു ഇടം ഉണ്ടായിരുന്നതായി വിശ്വസിക്കുന്നില്ല'; പരാതിയോ പരിഭവങ്ങളോ ഇല്ലാതെ അനന്തപത്മനാഭന്‍/ അഭിമുഖം

അന്നത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എനിക്കായി ഒരു ഇടം ഉണ്ടായിരുന്നതായി വിശ്വസിക്കുന്നില്ല; പരാതിയോ പരിഭവങ്ങളോ ഇല്ലാതെ അനന്തപത്മനാഭന്‍/ അഭിമുഖം

1998 മാര്‍ച്ചില്‍ ജാംഷെഡ്പൂരില്‍ ഓസ്‌ട്രേലിയക്കെതിരെയുള്ള ഇന്ത്യ എ ടീമില്‍ കെ.എന്‍ അനന്തപത്മനാഭന്റെ പ്രകടനം ആരാധകര്‍ക്ക് മറക്കാന്‍ കഴിയുന്നതല്ല, അന്ന് ഓസീസിന്റെ ബാറ്റിംഗ് നിരയെ അനായാസം എറിഞ്ഞ് വീഴ്ത്തി ഈ മലയാളി ലെഗ്സ്പിന്നര്‍. സൂപ്പര്‍ താരങ്ങളായ സ്റ്റീവ് വോ, ഡാരെന്‍ ലേമാന്‍, റിക്കി പോണ്ടിങ് എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തിയാണ് അന്ന് അനതപത്മനാഭന്‍ കൈയ്യടി വാങ്ങിയത്. പിന്നീട് കൊച്ചിയില്‍ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റ് നേട്ടം. അങ്ങനെ ചെറുതും വലുതുമായ നേട്ടങ്ങള്‍ അനവധിയാണ് മുന്‍ കേരള ക്യാപ്റ്റനില്‍ നിന്ന് പിറന്നത്. എന്നാല്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ അന്താരാഷ്ട്ര മത്സരം കളിച്ച് തിളങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. പക്ഷെ മൈതാനത്ത് നിന്ന് പിന്‍വാങ്ങാന്‍ താരം ഒരുക്കമായിരുന്നില്ല. മൈതാനത്തെ ക്രിക്കറ്റ് ആരവങ്ങള്‍ക്ക് ചെവിയോര്‍ക്കാന്‍ അനന്തപത്മനാഭന്‍ അംപയറിന്റെ വേഷത്തിലെത്തി. ഇപ്പോഴിതാ ഐസിസിയുടെ രാജ്യന്തര അംപയര്‍മാരുടെ പട്ടികയില്‍ ഇടംനേടി കേരള ക്രിക്കറ്റിന് അഭിമാനമായിരിക്കുകയാണ് അനന്തപത്മനാഭന്‍. 14 വര്‍ഷത്തെ അംപയറിംഗ് കരിയറിനൊടുവില്‍ തന്റെ 50-ആം വയസിലാണ് തിരുവനന്തപുരം സ്വദേശിയായ അനന്തപത്മനാഭന്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. കേരളത്തില്‍ നിന്ന് ഐസിസിയുടെ അംപയര്‍ എലൈറ്റ് പാനലില്‍ ഇടം പിടിക്കുന്ന നാലാമത്തെ മാത്രം അംപയര്‍ കൂടിയായ അനന്തപദ്മനാഭന്‍ തന്റെ നേട്ടത്തില്‍ അഴിമുഖത്തോട് സംസാരിക്കുന്നു.

''14 വര്‍ഷത്തെ അംപയറിംഗ് കരിയറിനൊടുവിലാണ് ഈ നേട്ടത്തിലെത്തുന്നത്. ഈ നേട്ടത്തില്‍ ഏറെ സന്തോഷിക്കുന്നു. എന്നെ സംബന്ധിച്ച് ഒരു അന്താരാഷ്ട്ര മത്സരം നിയന്ത്രിക്കുകയെന്നത് വലിയ സ്വപ്‌നമായിരുന്നു. ഈ നേട്ടത്തിലേക്കെത്താന്‍ എന്നെ പിന്തുണച്ച സഹ അംപയര്‍മാര്‍, ബിസിസിഐ, കെസിഎ, കുടുംബാംഗങ്ങള്‍ എല്ലാവരോടും നന്ദിപറയുന്നു", അനന്തപദ്മനാഭന്‍ പറയുന്നു. "1988ല്‍ ക്രിക്കറ്റില്‍ ഒരു ലെഗ്‌സ്പിന്നറായി കരിയര്‍ ആരംഭിച്ചപ്പോള്‍ മുതലുള്ള ആഗ്രഹം അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ ടീമിന് വേണ്ട് കളിക്കുകയെന്നത് തന്നെ ആയിരുന്നു. അതിന് എനിക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്തു. പക്ഷെ ഭാഗ്യം തുണച്ചില്ല, ആ സമയം ഇന്ത്യന്‍ ടീമില്‍ എനിക്കായി ഒരു ഇടം ഉണ്ടായിരുന്നതായി വിശ്വസിക്കുന്നില്ല''

? ക്രിക്കറ്റ് താരത്തില്‍ നിന്ന് മത്സരം നിയന്ത്രിക്കുന്ന അംപയറിലേക്ക് എത്തിയത് എങ്ങനെ ആയിരുന്നു?

ക്രിക്കറ്റില്‍ കളിക്കുന്നതും മത്സരം നിയന്ത്രിക്കുന്നതും രണ്ടും രണ്ടാണ്. ഒരു കാലത്ത് ഇന്ത്യന്‍ ടീമിനായി ഒരു അന്താരാഷ്ട്ര മത്സരം കളിക്കുകയെന്നത് വലിയ സ്വപ്‌നം തന്നെ ആയിരുന്നു. എന്തുകൊണ്ടോ അതിന് സാധിച്ചില്ല. അതില്‍ ആരോടും പരാതിയോ പരിഭവമോ ഇല്ല. നടക്കേണ്ടത് അതിന്റെ സമയത്ത് നടക്കുമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്റെ ആദ്യ സ്വപ്‌നം നടന്നില്ലെന്ന കാരണത്താല്‍ അതുകൊണ്ട് ക്രിക്കറ്റ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചില്ല. ക്രിക്കറ്റ് താരത്തില്‍ നിന്ന് അംപയറിംഗിലേക്ക് എത്തുമ്പോള്‍ എന്നെ സംബന്ധിച്ച് അത് ഏളുപ്പമായിരുന്നു. ഒരു ക്രിക്കറ്റ് താരമായിരുന്നുകൊണ്ട് തന്നെ മൈതാനത്ത് താരങ്ങളുടെ മാനസികാവസ്ഥ എന്തായിരിക്കും എന്നത് സ്വന്തം അനുഭവത്തില്‍ നിന്ന് തന്നെ മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ രീതിയില്‍ അംപയറിംഗിലേക്ക് എത്തുമ്പോള്‍ നല്ലൊരു അറിവ് ലഭിച്ചിട്ടുണ്ട്. ഇവിടെ ഡിസിഷന്‍ മേക്കിംഗ് മാത്രമാണ് പുതുതായി തോന്നിയിട്ടുള്ളത്.

ഇന്ത്യന്‍ ടീമിലെത്താന്‍ കഴിഞ്ഞില്ല എന്നതില്‍ ദു:ഖമില്ല, ആരോടും പരിഭവവുമില്ല

ക്രിക്കറ്റ് താരമെന്ന നിലയില്‍ ഇന്ത്യന്‍ ടീമിലെത്താന്‍ കഴിഞ്ഞില്ല എന്നതില്‍ അല്‍പം പോലും സങ്കടമില്ല, പരാതിയുമില്ല. അന്ന് ഞാന്‍ ഒരു മികച്ച താരമായിരുന്നുവെന്ന് എനിക്കറിയാം. അനില്‍ കുബ്ലെയെ പോലെ തന്നെ അല്ലെങ്കില്‍ അദ്ദേഹത്തിന്റെയൊക്കെ കാലത്താണ് ഞാനും ആഭ്യന്തരക്രിക്കറ്റില്‍ കളിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച ബൗളറാണ് കുബ്ലെ, ഒരു താരം 600 വിക്കറ്റ് നേട്ടത്തിലെത്തുകയെന്നത് ചെറിയ കാര്യമല്ല. തെന്‍ഡുല്‍ക്കറും ദ്രാവിഡും വിരാട് കോഹ്‌ലിയും ഒക്കെ ബാറ്റിംഗില്‍ സൂപ്പര്‍ സ്റ്റാറുകളാണ്. എന്നാല്‍ ഇവരെക്കാള്‍ ഏറെ ഉയരത്തിലാണ് ഞാന്‍ അനില്‍ കുബ്ലെയെ കാണുന്നത്. വിവാദങ്ങളില്ലാതെ ക്രിക്കറ്റില്‍ ഒരു നീണ്ട കരിയര്‍ പൂര്‍ത്തിയാക്കുകയെന്നത് തന്നെ വലിയ കാര്യമാണ്. അന്താരാഷ്ട്ര തലത്തില്‍ ഒരു വിക്കറ്റ് പോലും ഇല്ലാത്ത കളിക്കാരനായിരുന്നു ഞാന്‍. അതുകൊണ്ട് തന്നെ കുബ്ലെയുമായുള്ള താരതമ്യത്തില്‍ അര്‍ഥമില്ല.

1991 മുതല്‍ 98 വരെ വില്‍സ് ട്രോഫി കളിക്കുന്ന സമയം. അന്നൊക്കെ മുംബൈക്കെതിരെ കളിക്കുമ്പോള്‍ തെന്‍ഡുല്‍ക്കര്‍ക്കെതിരെ വിക്കറ്റെടുത്താല്‍ ഇന്ത്യന്‍ ടീമില്‍ സെലക്ഷന്‍ ഉറപ്പാണ്. വില്‍സ് ട്രോഫി മത്സരത്തില്‍ പത്തോവറില്‍ 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തു. അടുത്ത മത്സരം ശക്തരായ ഡല്‍ഹിയുമായായിരുന്നു. മത്സരത്തില്‍ എട്ടോവറില്‍ 22 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു. അന്ന് മുതല്‍ ഞാന്‍ ഇന്ത്യന്‍ ടീമില്‍ എത്തുമെന്ന വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. അതിന് കഴിഞ്ഞില്ല. അത് ആരുടെയും കുറ്റമല്ല.

ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റിലും അംപയറാവാന്‍ ഇഷ്ടം; കൂടുതല്‍ ഇഷ്ടം ടെസ്റ്റില്‍

അംപയറിംഗ് മൂന്നു ഫോര്‍മാറ്റിലും, ടെസ്റ്റിലായാലും ഏകദിനത്തിലായാലും ടി-20യിലായാലും എല്ലാം വ്യത്യസ്തമാണ്. എല്ലാ ഫോര്‍മാറ്റിലും മത്സരങ്ങള്‍ നിയ്രന്തിക്കാന്‍ ഇഷ്ടപ്പെടുന്നു. ടെസ്റ്റില്‍ ഓരോ ദിവസവും മൈതാനത്ത് വ്യത്യസ്തമായ അനുഭങ്ങളായിരിക്കും. പിച്ചിന്റെ സ്വഭാവം എപ്പോഴും മറിക്കൊണ്ടിരിക്കും. എന്റെ അഭിപ്രായത്തില്‍ ഒരു ബാറ്റ്‌സ്മാന്റെ മികവ് മനസിലാക്കാന്‍ കഴിയുന്നത് ടെസ്റ്റ് മത്സരത്തിലൂടെയാണ്. അതുകൊണ്ട് തന്നെ ടെസ്റ്റില്‍ അംപയറിംഗ് നടത്താനാണ് ഇഷ്ടപ്പെടുന്നതും. ഒരു അന്താരാഷ്ട്ര തലത്തില്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ അംപയര്‍ ആകണമെന്ന് വലിയ ആഗ്രഹമായിരുന്നു.

ഐപിഎല്ലിന്റെ വരവും വീണ് കിട്ടിയ അവസരങ്ങളും

കഴിഞ്ഞ നാലു കൊല്ലമായി ഓണ്‍ഫീല്‍ഡ് അംപയറായിട്ട് ഐപിഎലില്‍ മത്സരങ്ങള്‍ നിയന്ത്രിച്ചത് വലിയ നേട്ടം തന്നെ ആയിരുന്നു. ലോകനിലവാരത്തിലുള്ള അംപയര്‍മാരുമൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് കരിയറിലെ മികച്ച അനുഭവമായിരുന്നു. ഒരു മത്സരത്തെ അഭിമുഖീകരിക്കുന്ന രീതി എല്ലാം അവരില്‍ നിന്ന് മനസിലാക്കാന്‍ സാധിച്ചു. അങ്ങനെ ലഭിച്ച പാഠങ്ങളും നിര്‍ദ്ദേശങ്ങളും അനുഭവ സമ്പത്തും എല്ലാം കരിയറില്‍ നേട്ടമായി.

കോവിഡ് സാഹചര്യത്തില്‍ ആദ്യ മത്സരം നിയന്ത്രിക്കുന്നത്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു അന്താരാഷ്ട്ര മത്സരത്തില്‍ അംപയര്‍ ആയി എത്താന്‍ എപ്പോള്‍ കഴിയുമെന്ന് അറിയില്ല. കളിക്കാരെക്കാള്‍ മുമ്പിലിറങ്ങുന്നത് അംപയര്‍മാരാണ്. എനിക്ക് നഷ്ടമായ അന്താരാഷ്ട്ര അരങ്ങേറ്റം അത് അംപയര്‍ എന്ന നിലയ്ക്ക് സാധ്യമാകാന്‍ പോകുകയാണ്. ഒരു മത്സരം തുടങ്ങുന്നതിന് മുന്നെ അംപയര്‍മാര്‍ മൈതാനത്തേക്ക് ഇറങ്ങുമ്പോള്‍ ഗാലറികളിലൂണ്ടാകുന്ന ആരവം, അല്ലെങ്കില്‍ കോഹ്‌ലിയെ പോലെയും രോഹിത് ശള്‍മ്മയെ പോലുമുള്ള താരങ്ങള്‍ പിച്ചിലെത്തുമ്പോള്‍ ആരാധകരുടെ ഭാഗത്ത് നിന്ന് വരുന്ന ആരവങ്ങള്‍. എല്ലാത്തിനും പുറമെ മത്സരം ഏറ്റവും അടുത്ത് നിന്ന് വീക്ഷിക്കുന്ന, ക്രിക്കറ്റിനെ അതിയായി സ്‌നേഹിക്കുന്ന എന്നെ പോലുള്ളവരെ സംബന്ധിച്ച് ഇതൊക്കെ വലിയ അനുഭവമായി കരുതുന്നു. അതുകൊണ്ട് തന്നെ അംപയര്‍ എന്ന നിലയ്ക്ക് ഒരു അന്താരാഷ്ട്ര മത്സരം നിയന്ത്രിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ്.

ക്രിക്കറ്റാണ് എനിക്ക് എല്ലാം തന്നത്, ജീവിതത്തിന്റെ പകുതിയിലേറെ ദൂരങ്ങള്‍ അതില്‍ തന്നെ

ക്രിക്കറ്റാണ് എന്റെ ജീവിതത്തില്‍ എല്ലാം തന്നിട്ടുള്ളത്. ജോലിയാകട്ടെ, ലൈഫില്‍ സെറ്റില്‍ ആകാന്‍ കഴിഞ്ഞത്, സുഹൃത്തുകള്‍... ഈ നേട്ടങ്ങളെല്ലാം ക്രിക്കറ്റില്‍ നിന്ന് ലഭിച്ചതാണ്. നമ്മള്‍ ഇഷ്ടപ്പെടുന്ന മേഖലയില്‍ എത്തിച്ചേരുക, ജീവിതത്തിന്റെ പകുതിയിലേറെ ദൂരങ്ങള്‍ അതില്‍ തന്നെ പ്രവര്‍ത്തിക്കുക എന്നെ സംബന്ധിച്ചിടത്തോളം ഇതിനപ്പുറം ഒരു ഭാഗ്യമില്ല. അതുകൊണ്ട് തന്നെ ഈ ചെയ്യുന്നതെല്ലാം വലിയൊരു ജോലിയായി തോന്നിയിട്ടും ഇല്ല. മൈതാനത്ത് ഇത്രയേറെ വര്‍ഷം നില്‍ക്കാന്‍ കഴിയുന്നത് തന്നെ വലിയ നേട്ടമാണ്.

രഞ്ജിയില്‍ രണ്ട് എന്‍ഡിലും അംപയറാകേണ്ടി വന്നത് വലിയ വെല്ലുവിളി ആയിരുന്നു

ഇപ്രാവശ്യം രഞ്ജി ട്രോഫി ഫൈനല്‍ ചെയ്യുന്ന സമയത്ത് നിര്‍ഭാഗ്യവശാല്‍ ഒപ്പമുണ്ടായിരുന്ന അംപയര്‍ ഷംസുദ്ദീന് പരിക്കേറ്റു. പരുക്കേറ്റതിനെ തുടര്‍ന്ന് രണ്ടാം ദിവസം രണ്ട് എന്‍ഡിലും അംപറിംഗ് ചെയ്യേണ്ടി വന്നു. ടി-20 ഫൈനല്‍, ഏകദിന ഫൈനല്‍ ഇങ്ങനെ മൂന്നു ഫൈനല്‍ മാച്ചുകളിലും അംപയര്‍ ആവാന്‍ അവസരം ലഭിച്ചു. പരാതികള്‍ ഇല്ലാതെ അവ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഫൈനല്‍ മത്സരങ്ങളില്‍ ഏകാഗ്രതയോടെ മത്സരം വീക്ഷിക്കുക എല്ലാവര്‍ക്കും അത്ര എളുപ്പമുള്ള ജോലിയല്ല.

മൈതാനത്ത് അംപയര്‍ക്ക് തെറ്റ് പറ്റാം, അങ്ങനെ സംഭവിക്കരുതെന്നാണ് പ്രാര്‍ത്ഥന

ഒരു മത്സരത്തിലും നമ്മുടെ തെറ്റുകൊണ്ട് ഒരു ടീം തോല്‍ക്കാന്‍ പാടില്ല എന്നു വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. അങ്ങനെയുള്ള പ്രശ്‌നങ്ങള്‍ സാങ്കേതിക വിദ്യയിലൂടെ പരിഹരിക്കാം. ഒരിക്കലും തെറ്റു സംഭവിക്കില്ല എന്ന് അമ്പയര്‍ക്ക് ആശ്വസിക്കാം. തെറ്റായ വിധി പറഞ്ഞാല്‍ മൈതാനത്ത് അംപയര്‍മാര്‍ക്കെതിരെ താരങ്ങളുടെ ഇമോഷന്‍സ് ഉണ്ടാകും. അത് തെറ്റായിരിക്കാം. പക്ഷെ അവര്‍ അവരുടെ ജീവന്‍ തന്നെ കൊടുത്ത് കളിക്കുന്ന മത്സരങ്ങളാകാം, അപ്പോള്‍ സ്വാഭാവികമായും അങ്ങനെ സംഭവിക്കാം. ഞങ്ങളില്‍ നിന്ന് തെറ്റ് പറ്റാം. അത് നമ്മള്‍ അംഗീകരിക്കണം. അംപയറിംഗില്‍ അഭിനന്ദനങ്ങളല്ല, മറിച്ച് ആരും നമ്മളെ പറ്റി ഒന്നും പറയാതിരിക്കാനാണ് ശ്രമിക്കേണ്ടത്. പരാതികള്‍ ഉണ്ടാകുമ്പോഴാണ് അത് വാര്‍ത്തയാകുന്നതും പിന്നീട് കരിയറിനെ ബാധിക്കുന്നതും. അതേസമയം കളിക്കുമ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാനാണ് താരങ്ങള്‍ ശ്രമിക്കുന്നത്. ആ രണ്ട് സെക്കന്റിനുള്ളില്‍ ഒരു അംപയര്‍ ഒരു തീരുമാനം എടുക്കുന്നു, അത് ആസ്വദിക്കുന്നു, മൈതാനത്ത് അത്രയടുത്തു നിന്ന് കളി കാണുന്നു, വിക്കറ്റുകളും റണ്ണുകളും എക്‌സ്ട്രാസുകളും വിധിക്കുന്നു... ഇതെല്ലാം അംപയര്‍ എന്ന നിലയ്ക്ക് ഇഷ്ടപ്പെടുന്നു. ക്രിക്കറ്റില്‍ നിന്ന് വിട്ട് പോകാതിരിക്കാനും മൈതാനത്തെ അന്തരീക്ഷം മനസില്‍ നിന്ന് മായാതിരിക്കാനുമാണ് ഒരു ക്രിക്കറ്റ് താരത്തില്‍ നിന്ന് അംപയര്‍ എന്ന ലക്ഷ്യത്തിലേക്ക് എത്തിയതും.

2006ല്‍ ബിസിസിഐ അംപയര്‍ പരീക്ഷ വിജയിച്ച അനന്തപദ്മനാഭന്‍ ദുലീപ് ട്രോഫിയില്‍ മൂന്ന് മത്സരത്തിലും ഇംഗ്ലണ്ട് ലയണ്‍സ് ഇന്‍ ഇന്ത്യ മത്സരവും ചതുര്‍ ദിന ഫ്രാഞ്ചൈസി സീരിയസ് 2019-20, വിജയ് ഹസാരെ ട്രോഫിയില്‍ 37 മത്സരം, ഇന്ത്യ എ ടീം സീരിയസ് 2018-19, സയ്യിദ് മുഷ്താഖ് അലി ട്രോഫി 70 മത്സരം, വനിതാ ലിസ്റ്റ് എ 10 മത്സരം, വനിതാ ടി20 7 മത്സരം, അണ്ടര്‍ 19 ഏകദിനം 3 മത്സരം,മറ്റ് ബിസിസി ഐ ജൂനിയര്‍ പുരുഷ ടൂര്‍ണമെന്റ് 33 എന്നിവയിലെല്ലാം അംപയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാലാം അംപയറായെത്തിയ അനന്തപത്മനാഭന്‍ 2016ലാണ് ആദ്യമായി ഐപിഎല്‍ മത്സരത്തില്‍ ഗ്രൗണ്ട് അംപയറായത്. ഐപിഎല്ലില്‍ 24 മത്സരങ്ങള്‍ അദ്ദേഹത്തിന്റെ നിയന്ത്രണത്തില്‍ നടന്നു.

ഐസിസിയുടെ അന്താരാഷ്ട്ര പാനലിലെത്തുന്ന നാലാമത്തെ മലയാളിയാണ് അനന്തപത്മനാഭന്‍. ജോസ് കുരിശിങ്കല്‍ (തിരുവനന്തപുരം),ഡോ.കെ.എന്‍ രാഘവന്‍ (കോഴിക്കോട്), എസ് ദണ്ഡപാണി (എറണാകുളം) എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയത്.

ഒരു കാലത്ത് കേരള ടീമിന്റെ ബൗളിങ് ആക്രമണത്തിന്റെ നട്ടെല്ലായിരുന്ന താരം 344 ഫസ്റ്റ് ക്ലാസ് വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ബാറ്റിങ്ങിലും മികവ് തെളിയിച്ച മലയാളി താരത്തിന്റെ അക്കൗണ്ടില്‍ ഒരു ഇരട്ട സെഞ്ചുറിയുമുണ്ട്. ഒപ്പം കേരളത്തിനായി രഞ്ജിയില്‍ 2000 റണ്‍സും 200 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന റെക്കോഡും അനന്തപത്മനാഭന്‍ സ്വന്തമാക്കിയിട്ടുണ്ട്.


Next Story

Related Stories