കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഫുട്ബോള്‍ ലോകം പൂര്‍ണമായും നിശ്ചലമായ അവസ്ഥയിലാണ്. യൂറോപ്പിലെ എല്ലാ ഫുട്ബോള്‍ ലീഗുകളും മാറ്റിവെച്ചിരിക്കുകയാണ്. ആരാധകര്‍ കാത്തിരുന്ന യൂറോകപ്പും കോപ്പ അമേരിക്കയും മാറ്റിവെച്ചു, എന്നാല്‍ താരങ്ങളുടെ ട്രാന്‍സ്ഫര്‍ റിപോര്‍ട്ടുകള്‍ക്ക് കുറവൊന്നുമില്ല. ലിവര്‍പൂളിന്റെ സൂപ്പര്‍താരം സാദിയോ മാനെയെ റാഞ്ചാന്‍ ഒരുങ്ങുകയാണ് റയല്‍ മാഡ്രിഡ്. മാനെ സ്പെയിനിലേക്ക് പോവുകയാണെങ്കില്‍ പ്രീമിയര്‍ ലീഗിലെ വമ്പന്മാരും ചില പദ്ധതികള്‍ ഇടുന്നുണ്ട്.
അടുത്ത കാലത്തായി ലിവര്‍പൂളില്‍ മികച്ച പ്രകടനമാണ് സാദിയോ മാനെ പുറത്തെടുക്കുന്നത്. വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ മാനെയെ എന്ത് വിലകൊടുത്തും ടീമില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് റയല്‍ മാഡ്രിഡ് പരിശീലകന് സിനദിന്‍ സിദാന്. എന്നാല്‍ സെനഗലുകാരനായ മാനെ ലിവര്‍പൂള്‍ വിടുമൊയെന്ന് ഉറപ്പിക്കാറായിട്ടില്ല. 150 മില്യണ്‍ യൂറോ വരെ മാനെയ്ക്ക് വേണ്ടി റയല്‍ മുടക്കിയേക്കും എന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാദിയോ മാനെ ടീം വിടുകയാണെങ്കില്‍ ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയെ പിഎസ്ജിയില്‍ നിന്ന് ടീമിലേക്ക് കൊണ്ടുവരാനാണ് ലിവര്‍പൂള്‍ ശ്രമിക്കുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.
വിങുകളിലൂടെ കുതിക്കുന്ന താരമാണ് മാനെ. എംബാപ്പെയും ഇത് പോലെ തന്നെ ടീമിന് മുതല്‍ക്കൂട്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷ. റയല്‍ പരിശീലകന് സിദാന് വളരെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് 28കാരനായ മാനെ. നിലവിലെ സാഹചര്യത്തില്‍ മാനെയ്ക്ക് 2023 വരെ ലിവര്‍പൂളില്‍ തുടരാം. എംബാപ്പെ ലിവര്‍പൂളിലും മാനെ റയലിലും എത്തിയാല്‍ ഫുട്ബോള്‍ ലോകത്തെ അടുത്ത വമ്പന്‍ ട്രാന്‍സ്ഫര്‍ ആയിരിക്കും ഇത്. നേരത്തെ മുഹമ്മദ് സലായ്ക്ക് വേണ്ടിയും റയല്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ സലാ ലിവര്‍പൂളില്‍ തന്നെ തുടരുകയാണ് ഉണ്ടായത്.