2011ലെ ക്രിക്കറ്റ് ലോകകപ്പ് ശ്രീലങ്ക, ഇന്ത്യക്ക് വിറ്റെന്നും ശ്രീലങ്ക തോറ്റുകൊടുത്തതാണെന്നും ആരോപിച്ച് ശ്രീലങ്കൻ കായിക മന്ത്രി മഹീന്ദാനന്ദ അലുത്ഗമാഗെ രംഗത്ത്. 2011ലെ ലോകകപ്പ് നമ്മൾ ഇന്ത്യക്ക് വിറ്റതാണ്. അന്നത്തെ കായിക മന്ത്രിയായിരുന്നു ഞാൻ. ഒരു രാജ്യമെന്ന നിലയ്ക്ക് ഇത് പ്രഖ്യാപിക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ല. നമ്മൾ ആ കളി ജയിക്കേണ്ടതായിരുന്നു. ആ കളി ഒത്തുകളിച്ച് തോറ്റതാണ്. അന്ന് ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്ന ആളെന്ന നിലയ്ക്ക് തന്നെയാണ് ഞാനിത് പറയുന്നത്. ഇതുമായി ബന്ധപ്പെട്ടവരെ എനിക്കറിയാം. ഇക്കാര്യം ആരോടും പറയാൻ ഞാൻ തയ്യാറാണ് - നിലവിലെ കാവൽ സർക്കാരിൽ ഊർജ്ജ വകുപ്പ് മന്ത്രിയായ മഹീന്ദാനന്ദ അലുത്ഗമാഗെ പറഞ്ഞു. അതേസമയം കളിക്കാർക്കൊന്നും ഒത്തുകളിയിൽ പങ്കില്ലെന്നും ചില പ്രത്യേക കക്ഷികളാണ് ഇതിന് പിന്നിലെന്നും വിചിത്രമായ തരത്തിൽ ലങ്കൻ മന്ത്രി പറഞ്ഞു. അലുത്ഗമാഗെയും അന്നത്തെ ശ്രീലങ്കൻ പ്രസിഡന്റ് മഹീന്ദ രാജപക്സയും മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ക്ഷണിക്കപ്പെട്ട അതിഥികളായിരുന്നു. ശ്രീലങ്കയ്ക്ക് 1996ൽ ലോകകപ്പ് നേടിക്കൊടുത്ത, മുൻ ക്യാപ്റ്റനും മുൻ മന്ത്രിയുമായ അർജ്ജുന രണതുംഗെയും ഒത്തുകളി ആരോപണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം മഹീന്ദാനന്ദ അലുത്ഗമാഗെയുടെ ആരോപണം 2011ലെ ലോകകപ്പിൽ ക്യാപ്റ്റനായിരുന്ന കുമാർ സംഗക്കാരയും ഫൈനലിൽ സെഞ്ചുറി നേടിയ മുൻ ക്യാപ്റ്റൻ മഹേള ജയവർദ്ദനെയും തള്ളിക്കളഞ്ഞു. തെളിവുണ്ടെങ്കിൽ ഹാജരാക്കാൻ മന്ത്രിയോട് ഇരുവരും ആവശ്യപ്പെട്ടു. പ്രാദേശിക ചാനലായ സിരാസയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലങ്കൻ മന്ത്രി ഒത്തുകളി ആരോപണം ഉന്നയിച്ചത്. ശ്രിലങ്ക ഉയർത്തിയ 275 റൺസിന്റെ ലക്ഷ്യം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടേയും (91) ഗൗതം ഗംഭീറിന്റേയും (97) മികച്ച പ്രകടനത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. അഴിമതിവിരുദ്ധ അന്വേഷണത്തിന് തയ്യാറാണെന്നും തെളിവ് ഹാജരാക്കണമെന്നും സംഗക്കാര ആവശ്യപ്പെട്ടു. ഐസിസി ആന്റി കറപ്ഷൻ ആൻഡ് സെക്യൂരിറ്റി യൂണിറ്റിന് പരാതി നൽകൂ, അവർ നല്ല രീതീയിൽ വിശദമായി അന്വേഷണം നടത്തും - സംഗക്കാര ട്വീറ്റ് ചെയ്തു. തിരഞ്ഞെടുപ്പ് അടുത്തോ?, സർക്കസ് തുടങ്ങിയ പോലെ തോന്നുന്നു, പേരും തെളിവും? - മഹേള ജയവർദ്ദനെ ട്വീറ്റ് ചെയ്തു. ഓഗസ്റ്റ് അഞ്ചിനാണ് ശ്രീലങ്കയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ്.