TopTop
Begin typing your search above and press return to search.

തുടക്കം മുടി പറത്തിയടിയില്‍, പിന്നീട് ടീം ഇന്ത്യയുടെ തല തന്നെയായി മാറി-ധോണി@15

തുടക്കം മുടി പറത്തിയടിയില്‍, പിന്നീട് ടീം ഇന്ത്യയുടെ തല തന്നെയായി മാറി-ധോണി@15

തൊണ്ണൂറുകളുടെ അവസാനം ബിഹാറിലെ സെൻട്രൽ കോൾ ലിമിറ്റഡ് (സിസിഎൽ) ക്രിക്കറ്റ് ടീമിൽ ഒരു പന്ത്രണ്ടാം ക്ലാസുകാരൻ പയ്യൻ കളിച്ചിരുന്നു. പ്രൊഫഷണൽ ക്രിക്കറ്റിന്റെ ഒരു ഫോർമാറ്റിലും അന്നുവരെ കളിച്ചിട്ടില്ലാത്ത ആ പയ്യനെ കോച്ചായിരുന്ന ദേവാൽ സഹായ് ഉപയോഗിച്ചിരുന്നത് മറ്റൊരു രീതിയിലായിരുന്നു. അടിക്കുന്ന ഓരോ സിക്സിനും സഹായ് അയാൾക്ക് 50 രൂപ വീതം സമ്മാനമായി നൽകി. 1998ലായിരുന്നു ഇത്. പതിമൂന്ന് വർഷങ്ങൾക്കിപ്പുറം ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ സിക്സ് അടിച്ച് ഇന്ത്യൻ ടീമിനെ ഏകദിന ക്രിക്കറ്റ് ചാമ്പ്യൻമാരാക്കാൻ ആ പയ്യനെ സഹായിച്ചത് അന്ന് ഓരോ സിക്സിനും ലഭിച്ച 50 രൂപ സമ്മാനങ്ങളായിരുന്നിരിക്കണം. സംശയിക്കണ്ട പറഞ്ഞു വരുന്നത് ഇന്ത്യൻ ടീമിന്റെ തല മഹേന്ദ്ര സിംഗ് ധോണിയെക്കുറിച്ച് തന്നെ. 1998 വരെ പ്രൊഫഷണൽ ക്രിക്കറ്റിനെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലാത്ത മഹി ആറ് വർഷങ്ങൾക്ക് ശേഷം 2004ൽ ഇന്ത്യൻ ടീമിലെത്തി. ആ വർഷം ഡിസംബർ 23ന് ബംഗ്ലാദേശിനെതിരായ മത്സരത്തിലായിരുന്നു ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള അരങ്ങേറ്റം. 98 വരെ പ്രാദേശിക ക്രിക്കറ്റ് മാത്രം കളിച്ച് നടന്നിരുന്ന ധോണിയുടെ വളർച്ച അതിവേഗമായിരുന്നു. ധോണിയുടെ കഴിവിൽ പൂർണ വിശ്വാസമുണ്ടായിരുന്ന റാഞ്ചി ജില്ലാ ക്രിക്കറ്റ് പ്രസിഡന്റും മുൻ ബിഹാർ ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ദേവാൽ സഹായിയുടെ പിന്തുണ ആ വളർച്ചയ്ക്ക് കരുത്ത് പകർന്നു. ധോണിയുടെ സെഞ്ചുറികളുടെ കരുത്തിൽ സിസിഎൽ എ ഡി വിഷനിൽ എത്തിയതോടെ ധോണി തൊട്ടടുത്ത വർഷം തന്നെ ബിഹാർ രഞ്ജി ടീമിലെത്തി. ദേവാൽ സഹായ് ശിഷ്യന്റെ കഴിവ് ബിഹാർ ക്രിക്കറ്റ് അസോസിയേഷനെ ബോധ്യപ്പെടുത്തിയതോടെയാണ് അത് അത്രവേഗം സാധ്യമായത്. 1998-99 സീസണിൽ ബിഹാർ അണ്ടർ 19 ടീമിലും 1999-2000 സീസണിൽ രഞ്ജി ടീമിലും ധോണിയെത്തി. അണ്ടർ 19ലെ ആദ്യ സീസണിൽ തന്നെ അഞ്ച് മത്സരങ്ങളിലെ ഏഴ് ഇന്നിംഗ്സുകളിലായി ധോണി 175 റൺസ് നേടി. എന്നാൽ ആറ് ടീമുകളിൽ നാലാം സ്ഥാനത്ത് മാത്രമാണ് ബിഹാർ എത്തിയത്. ആ സീസണിൽ അണ്ടർ 19 ഈസ്റ്റ് സോൺ ടീമിലോ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിലോ എത്താൻ ധോണിക്ക് സാധിച്ചില്ല. എന്നാൽ 99-2000 സീസണിൽ ബിഹാർ അണ്ടർ 19 ടീമിന് കൂച്ച് ബിഹാർ ട്രോഫിയിൽ ഫൈനലിലെത്താൻ സാധിച്ചു. ധോണിയുടെ 84 റൺസിന്റെ മികവിൽ അവർ 357 റൺസെടുത്തെങ്കിലും പഞ്ചാബ് 358 റൺസെടുത്ത് ജേതാക്കളായി. ദേശീയ ടീമിൽ പിന്നീട് ധോണിയുടെ കൂട്ടുകാരനായി മാറിയ യുവരാജ് സിംഗ് ആയിരുന്നു പഞ്ചാബിന്റെ വിജയശിൽപ്പി. ആ ടൂർണമെന്റിൽ 9 മത്സരങ്ങളിലെ 12 ഇന്നിംഗ്സുകളിലായി അഞ്ച് ഫിഫ്റ്റി ഉൾപ്പെടെ 488 റൺസായിരുന്നു ധോണിയുടെ സമ്പാദ്യം. വിക്കറ്റ് കീപ്പർ എന്ന നിലയിൽ 17 ക്യാച്ചുകളും ഏഴ് സ്റ്റംപിങ്ങുകളും ധോണി നേടി. അതോടെ സി കെ നായിഡു ട്രോഫിക്കുള്ള ഈസ്റ്റ് സോൺ അണ്ടർ 19 ടീമിൽ ധോണിയെത്തി. എന്നാൽ നാല് മത്സരങ്ങളിൽ 97 റൺസ് മാത്രമായിരുന്നു ധോണി നേടിയത്. നാല് മത്സരങ്ങളും തോറ്റ ടീം പുറത്താകുകയും ചെയ്തു. എന്നാൽ രഞ്ജി ട്രോഫിയിൽ മഹി അസാധ്യ ഫോമിലായിരുന്നു. പതിനെട്ടാം വയസ്സിൽ 99-2000 സീസണിൽ അരങ്ങേറിയ ഇദ്ദേഹം ആദ്യ മത്സരത്തിൽ തന്നെ അർദ്ധ സെഞ്ചുറി (68 നോട്ടൗട്ട്) നേടി. അസമിനെതിരെയായിരുന്നു ഇത്. ആ സീസണിൽ അഞ്ച് മത്സരങ്ങളിൽ നിന്നും 283 റൺസ് നേടിയ ധോണി അടുത്ത സീസണിൽ ബംഗാളിനെതിരായ മത്സരത്തിലൂടെ കന്നി സെഞ്ചുറിയും നേടി. 2001-02 സീസണിൽ നാല് രഞ്ജി മത്സരങ്ങളിൽ നിന്നായി അഞ്ച് അർദ്ധ സെഞ്ചുറിയാണ് മഹി വാരിക്കൂട്ടിയത്. 2002-03 സീസണിൽ ത്സാർഖണ്ഡിന് വേണ്ടിയാണ് ധോണി കളിച്ചത്. രഞ്ജിയിലെ മൂന്ന് അർദ്ധ സെഞ്ചുറികളും ദിയോധർ ട്രോഫിയിലെ രണ്ട് അർദ്ധ സെഞ്ചുറികളും വാലറ്റത്തെ ഈ അക്രമകാരിയായ ബാറ്റ്സ്മാനെ ശ്രദ്ധേയനാക്കി. 2003-04 സീസണിൽ ധോണി അക്ഷരാർത്ഥത്തിൽ വിളയാടുകയായിരുന്നു. രഞ്ജിയിൽ അസമിനെതിരെ സെഞ്ചുറിയും (128 നോട്ടൗട്ട്) ദിയോധർ ട്രോഫിയിൽ സെൻട്രൽ സോണിനെതിരെ സെഞ്ചുറിയും (114) നേടി. നാല് മത്സരങ്ങളിൽ നിന്നും 244 റൺസെടുത്ത ധോണിയുടെ മികവിൽ ഈസ്റ്റ് സോൺ കപ്പ് നേടുകയും ചെയ്തു. ഇന്ത്യ എ ടീമിലെത്തിയ ധോണി ഫോം തുടർന്നതോടെ ഇയാളെ ശ്രദ്ധിക്കാതിരിക്കാൻ ക്യാപ്റ്റൻ ഗാംഗുലിക്കും രവി ശാസ്ത്രിക്കും മറ്റും കഴിയാതെ വന്നു. സിംബാബ്വെയും പാകിസ്ഥാൻ എ ടീമും പങ്കെടുത്ത ത്രിരാഷ്ട്ര ടൂർണമെന്റിൽ ഇന്ത്യ എക്ക് വേണ്ടി പാകിസ്ഥാനെതിരെ ധോണി തുടർച്ചയായി സെഞ്ചുറി നേടി. ധോണി യുഗം തുടങ്ങുന്നു രണ്ടായിരത്തിന്റെ തുടക്കത്തിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന് വേണ്ടിയുള്ള പരീക്ഷണങ്ങളിലായിരുന്നു ഇന്ത്യ. അണ്ടർ 19 ക്യപ്റ്റൻമാർ കൂടിയായിരുന്ന പാർത്ഥിവ് പട്ടേൽ ദിനേഷ് കാർത്തിക് തുടങ്ങിയവരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഇരുവർക്കും ബാറ്റിംഗിലെ കഴിവ് പുറത്തെടുക്കാനായില്ല. ഇതേ തുടർന്ന് രാഹുൽ ദ്രാവിഡിന് പലപ്പോഴും ഇന്ത്യയുടെ മുഴുവൻ സമയ കീപ്പറുടെ ചുമതല വഹിക്കേണ്ടിയും വന്നു. സ്ലിപ്പിലെ പ്രകടനങ്ങളാണ് അദ്ദേഹത്തെ കീപ്പറാക്കിയത്. സച്ചിൻ, സൗരവ്, ദ്രാവിഡ്, ലക്ഷ്മൺ തുടങ്ങിയ പ്രതിഭാധനരുണ്ടെങ്കിലും തകർന്ന് തുടങ്ങിയാൽ ഒരു ചീട്ട് കൊട്ടാരമായി മാറുന്ന ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് വാലറ്റത്ത് പിടിച്ചു നിർത്താൻ ഒരാൾ വേണമായിരുന്നു. എ ടീമിന് വേണ്ടിയുള്ള ധോണിയുടെ പ്രകടനത്തോടെ ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിക്കുകയായിരുന്നു. അങ്ങനെ ബംഗ്ലാദേശ് പര്യടനത്തിൽ ദ്രാവിഡിൽ നിന്നും ധോണി വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് ഏറ്റുവാങ്ങി. പിന്നീട് ക്യാപ്റ്റന്റെ തൊപ്പിയും ധോണി ഏറ്റുവാങ്ങിയത് ചരിത്രം. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ തന്നെ ഒരു റണ്ണൗട്ടിലൂടെ ഡക്കായി പുറത്തു പോയ ധോണി പിന്നീട് ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രം മാത്രമല്ല, ശൈലിയും മാറ്റിയെഴുതി. പതിഞ്ഞ താളത്തിൽ തുടങ്ങി അക്രമകാരികളാകുന്ന ബാറ്റ്സ്മാൻമാരെയാണ് അതുവരെയും ഇന്ത്യ കണ്ടിട്ടുള്ളത്. ഇന്ത്യയിലെ യുവാക്കളുടെ മുറികളിലെ ഭിത്തികളിൽ മാത്രമല്ല മനസിലും നാല് ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ പേരുകൾ മാത്രമേ അക്കാലം വരെയുമുണ്ടായിരുന്നുള്ളു. സച്ചിൻ, സൗരവ്, ദ്രാവിഡ്, ലക്ഷ്മൺ എന്നീ പേരുകളിൽ അത് ഒതുങ്ങി. ഇടക്കിടെ അജയ് ജഡേജയും മുഹമ്മദ് അസറുദ്ദീനുമൊക്കെ കയറിയിറങ്ങി പോയി. പാകിസ്ഥാന്റെ ഇന്ത്യ സന്ദർശനത്തിന്റെ രണ്ടാം മത്സരത്തോടെ മുടി വളർത്തിയ ഒരു ചെറുപ്പക്കാരൻ ഇന്ത്യൻ യുവതയുടെ മുറികളുടെയും മനസുകളുടെയും ഭിത്തികളിൽ ചേക്കേറി. 123 പന്തിൽ 148 റൺസാണ് ധോണി അടിച്ചു കൂട്ടിയത്. ആ ഹെലികോപ്റ്റർ ഷോട്ടുകൾ ക്യാമറകളിലല്ല ക്രിക്കറ്റ് ആരാധകരുടെ മനസിലാണ് പതിഞ്ഞത്. യാഥാസ്ഥിതികരായ ക്രിക്കറ്റ് പ്രേമികൾ ഇതിനെ അക്കാലത്ത് വല്ലപ്പോഴുമുണ്ടാകാവുന്ന ചുഴലിക്കാറ്റ് എന്നാണ് കരുതിയത്. 2005 ഒക്ടോബർ-നവംബർ മാസങ്ങളിൽ നടന്ന ശ്രീലങ്ക സീരീസിൽ ധോണി വീണ്ടും അറഞ്ഞാടി. മൂന്നാം ഏകദിനത്തിൽ ജയ്പൂരിലെ സവായ് മൻസിംഗ് സ്റ്റേഡിയത്തിൽ 145 പന്തിൽ 183 റൺസ്. അതോടെ ഇന്ത്യൻ യുവതയുടെ അക്രമോത്സുക പ്രതീകമാകാൻ ധോണിക്കായി. പിന്നീട് കേവലം 42 ഇന്നിംഗ്സിൽ നിന്നും ഐസിസിയുടെ ഒന്നാം റാങ്കിംഗ് ബാറ്റ്സ്മാനായി ധോണി മറി. ഇതിനിടെ നിരവധി വിമർശനങ്ങളോടും ധോണിക്ക് മറുപടി പറയേണ്ടതുണ്ടായിരുന്നു. 2007 ലെ ലോകകപ്പിന് മുന്നോടിയായി നടന്ന ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കുമെതിരായ മത്സരത്തിൽ ധോണി ഡക്കായപ്പോൾ റാഞ്ചിയിലെ ഇദ്ദേഹത്തിന്റെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. എന്നാൽ ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ 91 റൺസ് നേടിയാണ് ധോണി ഇതിന് മറുപടി നൽകിയത്. ആ വർഷം സെപ്തംബറിൽ നടന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീം ക്യാപ്റ്റനായ ധോണി ടീമിനെ ഒരിക്കൽ കൂടി ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തിച്ചു. പിന്നീട് 2011 ൽ ലോകകപ്പ് നേടിയ ടീമിനെ നയിച്ചതും ഇതേ ധോണി തന്നെ. കളിക്കളത്തിലെ സമ്മർദ്ദങ്ങളെ അതിജീവിച്ചപ്പോൾ ക്യാപ്റ്റൻ കൂളുമായി. ഐ സി സിയുടെ മൂന്ന് ടൂർണമെന്റിലും അതായത് ഏകദിന, ട്വന്റി 20 ലോകകപ്പുകൾ, ഐ സി സി ടൂർണമെന്റ് എന്നിവയിൽ ചാമ്പ്യന്മാരാകാനും ധോണിക്ക് കീഴിൽ ഇന്ത്യക്കായി. ധോണി കരിയറിലെ 15 വർഷം പിന്നിടുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിന്റെ ഒരു യുഗം കൂടിയാണ് പിന്നിടുന്നത്. ഇന്ത്യൻ ക്രിക്കറ്റിനെ ധോണിക്ക് മുമ്പും പിമ്പും എന്ന് അടയാളപ്പെടുത്തേണ്ട വിധത്തിലേക്ക് അദ്ദേഹം അഴിച്ച് പണിയുകയും ചെയ്തു.

Next Story

Related Stories