TopTop
Begin typing your search above and press return to search.

'ജിമ്മില്‍ നിന്നിറങ്ങാത്തയാളാണ് കോഹ്ലിയെങ്കില്‍ ധോണിയുടേത് നാച്ചുറല്‍ ഫിറ്റ്‌നസാണ്; വിമര്‍ശകര്‍ പലതും പറയും, അദ്ദേഹമെടുത്ത തീരുമാനങ്ങള്‍ ടീമിനു വേണ്ടി'

ജിമ്മില്‍ നിന്നിറങ്ങാത്തയാളാണ് കോഹ്ലിയെങ്കില്‍ ധോണിയുടേത് നാച്ചുറല്‍ ഫിറ്റ്‌നസാണ്; വിമര്‍ശകര്‍ പലതും പറയും, അദ്ദേഹമെടുത്ത തീരുമാനങ്ങള്‍ ടീമിനു വേണ്ടി

ലോക ക്രിക്കറ്റിലെ ഇതിഹാസ താരം എന്ന വിശേഷണത്തിന് അര്‍ഹനായ കളിക്കാരനാണ് മഹേന്ദ്ര സിംഗ് ധോണി. ഏകദിന-ട്വന്റി 20 ലോക കപ്പുകള്‍ അടക്കം നിരവധി വിജയങ്ങള്‍ നേടിക്കൊടുത്ത ഇന്ത്യ കണ്ട ഏക്കാലത്തെയും മികച്ച ക്യാപ്റ്റന്‍. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുമ്പോള്‍ ക്രിക്കറ്റ് ആരാധകരില്‍ നിന്നും രണ്ടു തരം പ്രതികരണങ്ങളാണ് ഉയരുന്നത്. അര്‍ഹിച്ചിരുന്നൊരു വിടവാങ്ങല്‍ മത്സരത്തിലൂടെയായിരുന്നു ധോണി പാഡ് അഴിക്കേണ്ടിയിരുന്നതെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍, വിമര്‍ശകര്‍ പറയുന്നത് ചില സീനിയര്‍ താരങ്ങളോട് ധോണി ചെയ്തതിന് കിട്ടിയ പ്രതിഫലമാണ് അദ്ദേഹത്തിനും നേരിടേണ്ടി വന്നതെന്നാണ്. ഇത്തരം വാദപ്രതിവാദങ്ങള്‍ക്ക് ധോണിയുടെ കാര്യത്തില്‍ പ്രസക്തിയുണ്ടോ? ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ മാനേജറും കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായിരുന്നു ടി.സി മാത്യു ഈ വിഷയത്തില്‍ അഴിമുഖത്തോട് പ്രതികരിക്കുന്നു

ഒരു ക്രിക്കറ്റ് താരം വിടവാങ്ങല്‍ മത്സരം കളിച്ചു വേണം കളിക്കളം ഒഴിയേണ്ടതെന്ന് നിര്‍ബന്ധമോ നിയമമോ ഇവിടെയില്ല. ഒരു കളിക്കാരന് അങ്ങനെ ആഗ്രഹിക്കാം, പക്ഷേ, തീരുമാനം എടുക്കാന്‍ കഴിയില്ല. ബിസിസിഐക്ക് ഒരു സെലക്ഷന്‍ കമ്മിറ്റിയുണ്ട്. അതൊരു സ്വതന്ത്ര ബോഡി ആണെങ്കില്‍ പോലും എല്ലാ തീരുമാനങ്ങളും അവര്‍ക്ക് മാത്രമായി എടുക്കാനും കഴിയില്ല. ബോര്‍ഡ് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും തീരുമാനങ്ങള്‍ സ്വാധീനിക്കാം. ഒരു കളിക്കാന് അടുത്ത പരമ്പരയില്‍ സ്ഥാനമില്ലെങ്കില്‍ അക്കാര്യം അയാളെ മുന്‍കൂട്ടി അറിയിക്കാറുണ്ട്. അതിനനുസരിച്ച് അയാള്‍ക്ക് വിരമിക്കണോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കും. മികച്ച ഒരു കളിക്കാരനെ ഇനി നിങ്ങള്‍ക്ക് ടീമില്‍ സ്ഥാനമില്ലെന്നു പറഞ്ഞ് പുറത്താക്കുകയല്ല ചെയ്യുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കാര്യത്തില്‍ ഒരു പ്രത്യേക തീരുമാനം ബോര്‍ഡ് എടുത്തു. അദ്ദേഹത്തിനു വേണ്ടി ഒരു ഫെയര്‍വെല്‍ മാച്ച് ബോര്‍ഡ് വച്ചു. അങ്ങനെയൊരു വിടവാങ്ങല്‍ മത്സരം ധോണിക്കും നല്‍കേണ്ടതായിരുന്നു. പക്ഷേ, ഈ കോവിഡ് കാലത്ത് അങ്ങനെയൊരു സാഹചര്യം ബോര്‍ഡിനു മുന്നില്‍ ഇല്ലാതെ പോയി.

തന്റെ നല്ല സമയത്ത് തന്നെ ധോണി ടെസ്റ്റില്‍ നിന്നും വിരമിച്ചു. ടെസ്റ്റില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ അദ്ദേഹം തന്നെയായിരിക്കും ക്യാപ്റ്റന്‍. കാരണം, ക്യാപ്റ്റന്‍ എന്ന നിലയില്‍ വിരാട് കോഹ്‌ലിയെക്കാള്‍ മികച്ചത് ധോണി തന്നെയാണ്. ടി 20 യിലും ഏകദിനത്തിലും ഇപ്പോഴും ഒരു പരിധിവരെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതും ധോണി തന്നെയായിരുന്നു. കപിലിന്റെ കാലത്ത് അമര്‍നാഥ് എന്നപോലെ കോഹ്ലിയുടെ പിന്നില്‍ ധോണിയുണ്ടായിരുന്നു എന്നതാണ് കോഹ്ലിയുടെ വിജയങ്ങള്‍ക്കും കാരണം. ഒരുപക്ഷേ, ടി 20 യില്‍ നിന്നും ഏകദിനത്തില്‍ നിന്നും ഉചിതമായൊരു സമയത്ത് വിരമിക്കാന്‍ ധോണി ആഗ്രഹിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യങ്ങളാണ് അതിന് തടസം നിന്നത്. നാട്ടിലോ വിദേശത്തോ നടക്കുന്നൊരു പരമ്പരയില്‍ കളിച്ച് വിടവാങ്ങുകയായിരുന്നു ധോണിയുടെ മനസില്‍. ലോകകപ്പ് സമയത്ത് എന്തുകൊണ്ട് ധോണി വിരമിക്കല്‍ തീരുമാനം എടുത്തില്ലെന്നത് പലരും ചോദിക്കുന്നുണ്ട്. മോശം ഘട്ടത്തില്‍ വിരമിക്കുക എന്നത് ആരും ചിന്തിക്കില്ല. ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നുവെങ്കില്‍, 'ടീം തോറ്റു ധോണി വിടവാങ്ങി' എന്ന തരത്തിലായിരിക്കും വാര്‍ത്തകള്‍ വരുന്നത്. അത് അദ്ദേഹം ആഗ്രഹിച്ചിരിക്കില്ല. ജയത്തോടെ കളി നിര്‍ത്തുക; അതായിരിക്കുമല്ലോ എല്ലാവരും ആഗ്രഹിക്കുക. ധോണിയുടെ പദ്ധതിയും അതു തന്നെയായിരുന്നുവെന്നു തോന്നു. എപ്പോള്‍ റിട്ടയര്‍മെന്റ് ചെയ്യണമെന്ന് ധോണിക്ക് അറിയാമെന്ന് രവി ശാസ്ത്രിയൊക്കെ പറഞ്ഞിരുന്നതും അതുകൊണ്ട് തന്നെയാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ചരിത്രമെടുത്താല്‍, യഥാസമയം കളിയില്‍ നിന്നും വിരമിച്ചവര്‍ വളരെ ചുരുക്കമാണ്. സുനില്‍ ഗവാസ്‌കര്‍ അതിന് നല്ലൊരു ഉദാഹരണമാണ്. ഏറ്റവും നല്ല സമയത്തായിരുന്നു അദ്ദേഹം വിരമിക്കുന്നത്. വേണമെങ്കില്‍ രണ്ടു വര്‍ഷം കൂടി അദ്ദേഹത്തിന് തുടര്‍ന്ന് കളിക്കാമായിരുന്നു. ജവഗല്‍ ശ്രീനാഥ് മറ്റൊരു ഉദാഹരണമാണ്. അതുപോലെ, രാഹുല്‍ ദ്രാവിഡും. പക്ഷേ, കപില്‍ ദേവ് മറിച്ച് ചിന്തിച്ചയാളാണ്. വിക്കറ്റ് റെക്കോര്‍ഡിനു വേണ്ടി അദ്ദേഹം ടീമില്‍ തുടരുകയായിരുന്നു, അതിനുവേണ്ടി വല്ലാതെ ബുദ്ധിമുട്ടുകയും ചെയ്തു. അസഹ്‌റുദ്ദീന്‍, ഗംഭീര്‍ എന്നിവരും അക്കൂട്ടത്തില്‍പ്പെട്ടവരാണ്. ഇങ്ങനെ പിടിച്ചുനില്‍ക്കാന്‍ നോക്കുമ്പോഴാണ് മാന്യമായൊരു വിരമിക്കലിന് കളിക്കാര്‍ക്ക് കഴിയാതെ പോകുന്നത്. ഇതാണ് പൊതുവില്‍ നടക്കുന്നതും. ക്രിക്കറ്റ് ഒരു മതമായ രാജ്യത്ത് ഒരു കളിക്കാരനെ കളി മാത്രമല്ല സ്വാധീനിക്കുന്നത്. പരസ്യങ്ങളില്‍ നിന്നുള്‍പ്പെടെ അയാള്‍ക്ക് കിട്ടുന്ന വരുമാനം, പ്രശസ്തി, പേര് ഇതൊക്കെ നിലനിര്‍ത്താന്‍ അയാള്‍ ആഗ്രഹിക്കും. പരമാവധി കരിയര്‍ നീട്ടിക്കൊണ്ടുപോകാന്‍ നോക്കുന്നതിനും കാരണമതാണ്.

ടി.സി മാത്യു

എന്തുകൊണ്ട് വിരമിക്കുന്നില്ലെന്ന് ധോണിയുടെ കാര്യത്തില്‍ കുറച്ചു നാളുകളായി കേള്‍ക്കുന്ന ചോദ്യമായിരുന്നു. ക്രൂരമായ ചോദ്യമായിരുന്നു അത്. മുംബൈ, ഡല്‍ഹി, കൊല്‍ക്കൊത്ത, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ മെട്രോ നഗരത്തില്‍ നിന്നും വന്നൊരാളല്ല ധോണി. ജാര്‍ഖണ്ഡ് പോലെ പിന്നാക്കം നില്‍ക്കുന്നൊരു സംസ്ഥാനത്ത് നിന്നാണയാള്‍ വന്നത്. വളരെ ദുര്‍ബലമായൊരു പശ്ചാത്തലത്തില്‍ നിന്നാണയാള്‍ ലോകത്തിലെ മികച്ച കളിക്കാരനായി വളര്‍ന്നത്. ജാര്‍ഖണ്ഡില്‍ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റിലെത്തിയിരിക്കുന്നത് അയാള്‍ മാത്രമാണ്. നിങ്ങള്‍ മുംബൈയില്‍ ആണെങ്കില്‍ നിങ്ങളെ ഗൈഡ് ചെയ്യാന്‍ പ്രഗത്ഭരായ മുന്‍ താരങ്ങളുടെ സഹായം കിട്ടും. ജാര്‍ഖണ്ഡിലോ കേരളത്തിലോ അങ്ങനെയൊരു സൗകര്യം നിങ്ങള്‍ക്ക് കിട്ടില്ല. ധോണിയും ശ്രീശാന്തുമൊക്കെ അങ്ങനെയൊരു സൗകര്യമോ സഹായമോ ഒന്നും കിട്ടാതെ വന്ന കളിക്കാരാണ്.

ധോണിയെക്കുറിച്ച് ഉന്നയിക്കുന്ന മറ്റൊരാക്ഷേപം അയാള്‍ പല കളിക്കാര്‍ക്കും മാന്യമായ വിരമിക്കലിനുള്ള അവസരം നിഷേധിച്ചുവെന്നാണ്. ഒട്ടും പ്രസക്തിയില്ലാത്ത ആരോപണമാണത്. ഒരു കളിക്കാരന്‍ ടീമില്‍ കളിക്കാന്‍ യോഗ്യനല്ലാതെ വന്നാല്‍ അയാള്‍ മാറണം. എനിക്കൊരു റിട്ടയര്‍മെന്റ് മാച്ച് വേണമെന്ന് പറയുമ്പോള്‍ അയാളെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തേണ്ടി വരും. ഒരുപക്ഷേ അയാള്‍ കളിക്കുന്നതുകൊണ്ട് ടീം തോറ്റാലോ! ഓരോ കളിക്കാരുനും തീരുമാനിക്കേണ്ടത് ഞാന്‍ കാരണം ടീമിന് ഗുണകരമായത് സംഭവിക്കണമെന്നാണ്. സെലക്ഷന്‍ കമ്മിറ്റിയും ക്യാപ്റ്റനും കാര്യങ്ങള്‍ ചിന്തിക്കുന്നത് ആ വഴിയായിരിക്കും. ക്യാപ്റ്റന്‍ എന്ന നിലയില്‍ തനിക്ക് യുക്തമാണെന്ന് തോന്നിയ തീരുമാനങ്ങളാണ് ധോണിയെടുത്തിട്ടുള്ളത്. ടീമിന് ഗുണം കിട്ടുന്ന കളിക്കാരെയാണ് ടീമില്‍ നിര്‍ത്താന്‍ ക്യാപ്റ്റന്‍ തയ്യാറാവുന്നത്. ബൗളിംഗില്‍ അഞ്ച് വിക്കറ്റ് നേടുന്നവനും ബാറ്റിംഗില്‍ സെഞ്ച്വറി നേടുന്നവനുമല്ല മികച്ച കളിക്കാരന്‍. മുപ്പത് ശതമാനം വീതം ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഓരോ കളിയിലും മികവ് പുലര്‍ത്തിയാല്‍ അയാള്‍ നല്ലൊരു കളിക്കാരനാണ്. സ്ലിപ്പില്‍ ക്യാച്ച് മിസ് ചെയ്യാത്തൊരു ഫീല്‍ഡര്‍ ആണെങ്കില്‍ അയാളും ടീമില്‍ ഉണ്ടാകണമെന്ന് ക്യാപ്റ്റന്‍ ആഗ്രഹിക്കും. രവീന്ദ്ര ജഡേജയെപ്പോലൊരാള്‍ ഏതൊരു ക്യാപ്റ്റനും ടീമില്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന കളിക്കാരനാണ്. ടീമിനു വേണ്ടിയാണ് ധോണി തീരുമാനം എടുക്കുന്നത്. അയാള്‍ക്ക് മാത്രമായിട്ട് ഒരു തീരുമാനം എടുക്കാനും കഴിയില്ല, സെലക്ഷന്‍ കമ്മിറ്റിയുടെ പിന്തുണയും വേണം. നിങ്ങള്‍ ധോണിയെ അളക്കുമ്പോള്‍, അയാള്‍ എടുത്ത തീരുമാനങ്ങള്‍ക്കൊണ്ട് ടീമിന് ഗുണം കിട്ടിയോ എന്ന കാര്യം ചിന്തിക്കൂ, അപ്പോള്‍ അയാള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനമുണ്ടോ ഇല്ലയോ എന്നു മനസിലാകും.

ധോണി ടീമില്‍ അയാളുടെ അസാന്നിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന താരമാണ്. അയാള്‍ കളി നിര്‍ത്തുമ്പോള്‍ അതൊരു വിടവ് തന്നെയാണ് ടീമില്‍ സൃഷ്ടിക്കുക. ധോണിക്ക് ശേഷം നമുക്കൊരു മികച്ച വിക്കറ്റ് കീപ്പറെ ഇനിയും കണ്ടെത്തേണ്ടതായി വരും. ധോണിക്ക് അദ്ദേഹത്തിന്റെതായ ചില പ്രത്യേകതകളുണ്ട്. നൈസര്‍ഗ്ഗികമായ ചില സവിശേഷതകള്‍. ജിംനേഷ്യത്തില്‍ നിന്നും ഇറങ്ങാത്തയാളാണ് വിരാട് കോഹ്‌ലി. ഫിറ്റ്‌നസ് കൊണ്ട് തന്റെ സക്‌സസ് ഇരട്ടിയാക്കുന്ന കളിക്കാരന്‍. പക്ഷേ, ധോണി അങ്ങനെയല്ല, അയാള്‍ ഏതു സമയവും ജിംനേഷ്യത്തില്‍ ചെലവഴിക്കുന്നില്ല. അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് നാച്വറല്‍ ആണ്. അദ്ദേഹത്തിന്റെ ശരീരം തന്നെയങ്ങനെയാണ്. കപിലും അങ്ങനെയായിരുന്നു. ഫിറ്റ്‌നസോ കഴിവോ മാത്രമല്ല ഒരാളെ മികച്ച കളിക്കാരനാക്കുന്നത്; ബുദ്ധി കൂടിയാണ്. സമ്മര്‍ദ്ദത്തെ അതിജീവിച്ച് കളിക്കാന്‍ കഴിയണമെങ്കില്‍ നിങ്ങളൊരു ബുദ്ധിമാനായ ക്രിക്കറ്റര്‍ ആയിരിക്കണം. ബുദ്ധിയില്ലെങ്കില്‍ ടാലന്റ് ഉണ്ടെങ്കിലും മുന്നോട്ടു വരാന്‍ കഴിയില്ല. ധോണിയുടെ മികവ് അയാളുടെ ബുദ്ധിയായിരുന്നു. എത്ര മാച്ചുകളാണ് അദ്ദേഹം വിജയകരമായി ഫിനിഷ് ചെയ്തിരിക്കുന്നത്. അദ്ദേഹം മുട്ടി മുട്ടി നില്‍ക്കുമ്പോള്‍ നമ്മള്‍ കരുതുക കളി ഇയാള്‍ തോല്‍പ്പിക്കുമെന്നായിരിക്കും. പക്ഷേ, മുട്ടി നില്‍ക്കുകയാണെന്ന് മറ്റുള്ളവര്‍ വിചാരിക്കുന്ന സമയത്ത് അദ്ദേഹം ചെയ്യുന്നത് തന്റെ ടൈമിംഗ് കറക്ട് ചെയ്യുകയാണ്, വാം അപ്പ് ചെയ്യുകയാണ്, മൂന്ന് ബോളില്‍ മൂന്നു സിക്‌സുകള്‍ അടിച്ച് തനിക്ക് ഈ കളി ജയിപ്പിക്കാന്‍ കഴിയുമെന്ന് ധോണിക്ക് വിശ്വാസമുണ്ട്, അതിനുള്ള കഴിവ് തനിക്കുണ്ടെന്ന് അദ്ദേഹത്തിനറിയാം. അവിടെയാണ് ധോണിയുടെ ബുദ്ധിയും ആത്മവിശ്വാസവും നമ്മള്‍ കാണേണ്ടത്. മഹേന്ദ്ര സിംഗ് ധോണി എന്ന കളിക്കാരന്‍ വ്യത്യസ്തനായിരുന്നതും അവിടെയാണ്.


Next Story

Related Stories