TopTop
Begin typing your search above and press return to search.

പ്രീമിയര്‍ ലീഗില്‍ വിജയവഴിയിലെത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; ലാലിഗയില്‍ കാലിടറി ബാഴ്‌സലോണ

പ്രീമിയര്‍ ലീഗില്‍ വിജയവഴിയിലെത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; ലാലിഗയില്‍ കാലിടറി ബാഴ്‌സലോണ

രണ്ട് ടീമുകളുടെ പ്രകടനമാണ് ഫുട്‌ബോള്‍ ആരാധകര്‍ ഇന്ന് ചര്‍ച്ച ചെയ്യുന്നത്. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയവഴിയില്‍ തിരിച്ചെത്തിയും ലാലിഗയില്‍ ബാഴ്‌സലോണയുടെ സമ്പൂര്‍ണ അടിയറവും. മുന്‍ മത്സരത്തില്‍ ടോട്ടനത്തോടേറ്റ 6-1ന്റെ വന്‍ പരാജയത്തിന്റെ സങ്കടങ്ങളെല്ലാം തീര്‍ത്താണ് ന്യൂകാസിലിനെതിരെ യുണൈറ്റഡ് ജയിച്ചുകേറിയത്. എന്നാല്‍ നന്നായി തുടങ്ങിയ സീസണിലെ ആദ്യ പരാജയമാണ് ബാഴ്‌സ സ്വന്തമാക്കിയത്. ഏറ്റവും മോശം കളി പുറത്തെടുത്ത മത്സരത്തിലായിരുന്നു ബാഴ്‌സയുടെ കാലിടറിയത്.

സമ്മര്‍ദ്ദങ്ങളെല്ലാം അതിജീവിച്ചായിരുന്നു യുണൈറ്റഡ് വിജയം നേടിയെടുത്തത്. രണ്ടാം മിനുറ്റില്‍ ലൂക് ഷോയുടെ സെല്‍ഫ് ഗോളില്‍ ന്യൂ കാസിലിനു ലീഡ് സമ്മാനിച്ചു തുടങ്ങിയ യൂണൈറ്റഡ് മത്സരം പൂര്‍ത്തിയാകുമ്പോള്‍ നാലുഗോളുകളാണ് മടക്കിയത്. ഏറെ വിമര്‍ശനങ്ങള്‍ക്കും നടുവില്‍നില്‍ക്കുന്ന ക്യാപ്റ്റന്‍ മഗ്വയറാണ് യുണൈറ്റഡിനായി സമനില ഗോള്‍ നേടിയത്. 23ാം മിനുട്ടില്‍ ലഭിച്ച കോര്‍ണറില്‍ നിന്നായിരുന്നു മഗ്വയറിന്റെ ഗോള്‍. എന്നാല്‍ പിന്നീട് ഗോളുകള്‍ അകന്നുനിന്നു. ഇതിനിടെ യൂണൈറ്റഡിനു ലഭിച്ച പെനാല്‍റ്റി ബ്രൂണോ ഫെര്‍ണാണ്ടസ് പാഴാക്കുകയും ചെയ്തു. രണ്ടാം പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് യുണൈറ്റഡ് മത്സരമാകെ വരുതിയിലാക്കിയത്. പെനാല്‍റ്റി പാഴാക്കിയതിനു പരിഹാരമെന്നോണം 86ാം മിനുറ്റില്‍ ബ്രൂണോ ഗോള്‍ കണ്ടെത്തി. വാന്‍ ഡെ ബീകും ബ്രൂണോയും തുടങ്ങി വെച്ച നീക്കം മാറ്റയുടെ പാസിലൂടെ റാഷ്‌ഫോര്‍ഡിലേക്ക്. ബോക്‌സില്‍നിന്ന് ബാക്ക് ഫ്‌ലിക്ക് പാസില്‍ റാഷ്‌ഫോര്‍ഡ് ബ്രൂണോയെ കണ്ടെത്തി. ബ്രൂണോയുടെ ഷോട്ട് ലക്ഷ്യം തെറ്റാതെ വലയില്‍. ടീം വര്‍ക്കില്‍ പിറന്ന ഗോളില്‍ യുണൈറ്റഡിന് ലീഡ്. അതുവരെ പൊരുതിനിന്ന ന്യൂകാസിലിന്റെ പ്രതിരോധം പാടെ തകര്‍ന്ന സമയം. വാന്‍ ബിസാക യുണൈറ്റഡിന്റെ മൂന്നാം ഗോള്‍ കണ്ടെത്തി. ബിസാകയുടെ കരിയറിലെ ആദ്യ സീനിയര്‍ ഗോള്‍ കൂടിയായി അത്. ഇഞ്ച്വറി ടൈമില്‍ റാഷ്‌ഫോര്‍ഡ് നാലാം ഗോളിലൂടെ യുണൈറ്റഡിന്റെ വിജയം ആധികാരികമാക്കി.

ലാലിഗയില്‍ മികച്ച പ്രകടനവുമായി തുടക്കമിട്ട ബാഴ്‌സയ്ക്ക് മോശം ദിവസമായിരുന്നു. മെസിയും ഗ്രീസ്മനും തിളക്കമറ്റപ്പോള്‍ ലീഗിലെ ആദ്യ പരാജയം ബാഴ്‌സ സ്വന്തമാക്കി. നീണ്ട കാലത്തിനു ശേഷം ആദ്യ ഇലവനില്‍ ഇടംതേടിയ ഡെംബലെയും നിരാശപ്പെടുത്തി. ഗെറ്റഫെക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്‌സയുടെ തോല്‍വി. റൊണാള്‍ഡ് കോമാന്‍ പരിശീലകനായശേഷമുള്ള ആദ്യ പരാജയം കൂടിയായിരുന്നു ഇത്. ആദ്യ പകുതിയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച ബാഴ്‌സ രണ്ടാം പകുതിയില്‍ ഏറ്റവും മോശമായാണ് കളിച്ചത്. അതിനവര്‍ക്ക് വില കൊടുക്കേണ്ടിയും വന്നു. രണ്ടാം പകുതിയില്‍ പെനാല്‍റ്റിയില്‍ നിന്നായിരുന്നു ഗെറ്റഫെയുടെ ഗോള്‍. 56ാം മിനുറ്റില്‍ ജൈമി മാറ്റയാണ് പെനാള്‍ട്ടി സ്‌പോട്ടില്‍ നിന്ന് ബാഴ്‌സയുടെ വല കുലുക്കിയത്. റയല്‍ മാഡ്രിഡ് പരാജയപ്പെട്ട ദിവസം മൂന്ന് പോയിന്റ് നേടി ഒപ്പം എത്താനുള്ള അവസരമാണ് ബാഴ്‌സ നഷ്ടപ്പെടുത്തിയത്. മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാനോ ഗോള്‍മുഖം തുറക്കാനോ ബാഴ്‌സയ്ക്കു കഴിഞ്ഞതുമില്ല.


Next Story

Related Stories