TopTop
Begin typing your search above and press return to search.

പോരാട്ടം മുറുകി; ബാഴ്സയെ തളച്ച് സെവിയ്യ, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കുരുക്കി ടോട്ടനവും

പോരാട്ടം മുറുകി; ബാഴ്സയെ തളച്ച് സെവിയ്യ, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കുരുക്കി ടോട്ടനവും

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ടോട്ടനം ഹോട്സ്പറും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ ലാ ലിഗയില്‍ ഒന്നാംസ്ഥാനക്കാരായ ബാഴ്സലോണ സെവിയ്യക്ക് മുന്നില്‍ പതറി, ബാഴ്സലോണ സമനിലയില്‍ കുരുങ്ങിയതോടെ റയല്‍ മാഡ്രിഡിന്റെ ലാലിഗ പ്രതീക്ഷകള്‍ വീണ്ടും സജീവമായി. ഇതോടെ സ്പെയിനില്‍ കിരീടപ്പോരാട്ടം മുറുകും. പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ സതാംപ്റ്റന്‍ 3-0ന് നോര്‍വിച്ചിനെ തുരത്തി. സ്പെയിനില്‍ വിയ്യാറയല്‍ 1-0ന് ഗ്രനാഡയെ കീഴടക്കിയപ്പോള്‍ മയോര്‍ക്ക-ലെഗന്‍സ് മല്‍സരം ഗോള്‍രഹിതമായി അവസാനിച്ചു.

മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം യുണൈറ്റഡും ടോട്ടനവും ആദ്യമായി കളത്തിലിറങ്ങിയപ്പോള്‍ മത്സരം 1-1 എന്ന സമനിലയില്‍ ആണ് അവസാനിച്ചത്. കളിയുടെ അവസാന 10 മിനിറ്റ് വരെ ടോട്ടനം 1-0ന്റെ വിജയമുറപ്പിച്ചിരുന്നു. എന്നാല്‍ 81ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റിയുണൈറ്റഡിന്റെ രക്ഷയ്ക്കെത്തി. പകരക്കാരനായി ഇറങ്ങിയ സൂപ്പര്‍ താരം പോള്‍ പോഗ്ബ ബോക്സിനകത്ത് ഫൗള്‍ ചെയ്യപ്പെട്ടതിനെ തുടര്‍ന്നു ലഭിച്ച പെനല്‍റ്റി ബ്രൂണോ ഹെര്‍ണാണ്ടസ് അനായാസം വലയ്ക്കുള്ളിലാക്കി. നേരത്തേ 27ാം മിനിറ്റില്‍ സ്റ്റീവന്‍ ബെര്‍ഗെവിന്റെ തകര്‍പ്പന്‍ ഗോളാണ് ടോട്ടനത്തെ മുന്നിലെത്തിച്ചത്. യുനൈറ്റഡ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡെഹെയക്കു സംഭവിച്ച പിഴവായിരുന്നു ഗോളിനു കാരണം. പരിക്ക് ഭേദമായി നീണ്ട ഇടവേളയ്ക്കു ശേഷം ഫ്രഞ്ച് സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ പോഗ്ബ യുനൈറ്റഡ് നിരയില്‍ തിരിച്ചെത്തിയ മല്‍സരം കൂടിയായിരുന്ന ഇത്. പകരക്കാരനായി ഇറങ്ങിയ അദ്ദേഹം ടീമിന്റെ നിര്‍ണായക പെനല്‍റ്റിക്കു വഴിയൊരുക്കുകയും ചെയ്തു. ലീഗിലെ നാലാംസ്ഥാനക്കാരായ ചെല്‍സിക്കൊപ്പമെത്താനുള്ള അവസരമാണ് സമനിലയോടെ യുണൈറ്റഡ് പാഴാക്കിയത്. മത്സരത്തില്‍ മികച്ചു നിന്നെങ്കിലും അവസരങ്ങള്‍ മുതലാക്കാത്തതും ഡിഫന്‍സിലെ പിഴവും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് രണ്ട് പോയന്റ് നഷ്ടപ്പെടുത്തി. ചെല്‍സിയേക്ക് പിന്നിലായി യുണൈറ്റഡ് അഞ്ചാംസ്ഥാനത്തു തന്നെ തുടരുകയാണ്. എന്നാല്‍, നോര്‍വിച്ചിനെതിരേ ഡാനി ഇങ്സ് (49ാം മിനിറ്റ്), സ്റ്റുവര്‍ട്ട് ആംസ്ട്രോങ്, നതാന്‍ റെഡ്മണ്ട് (79) എന്നിവരുടെ ഗോളുകളാണ് സതാംപ്റ്റനിന് അനായാസ ജയം നേടിക്കൊടുത്തത്.

അതേസമയം, ബാഴ്സലോണയ്ക്കു നേരിട്ട സമനിലയോടെ സ്പെയിനില്‍ കിരീടപ്പോര് കൂടുതല്‍ ഓപ്പണായി കഴിഞ്ഞു. മൂന്നാം സ്ഥാനത്തുള്ള സെവിയക്കെതിരെ ഗോള്‍രഹിത സമനിലയിലാണ് ബാഴ്സലോണ കുരുങ്ങിയത്. മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും മെസിക്ക് കരിയറിലെ 700 ഗോളുകളെന്ന നേട്ടം സെവില്ലക്കെതിരെ പൂര്‍ത്തിയാക്കാനായില്ല. ബാഴ്സലോണക്കുവേണ്ടി 629 ഗോളുകളും അര്‍ജന്റീനക്കായി 70 ഗോളുകളുമാണ് മെസി നേടിയിട്ടുള്ളത്. മത്സരത്തില്‍ മൂന്ന് തവണ ഗോളിലേക്ക് മെസി ലക്ഷ്യംവെച്ചെങ്കിലും സെവില്ല ഗോളിയെ മറികടക്കാനായില്ല. പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരും മുഖ്യ എതിരാളികളുമായ റയല്‍ മാഡ്രിഡുമായുള്ള അകലം അഞ്ചു പോയിന്റാക്കി ഉയര്‍ത്താനുള്ള അവസരം സമനിലയോടെ ബാഴ്സ പാഴാക്കിയത്. ബാഴ്സലോണക്ക് 30 കളികളില്‍ നിന്നും 65 പോയിന്റും 29 കളികളില്‍ നിന്നും 62 പോയിന്റാണ് റയല്‍ മാഡ്രിഡിനുള്ളത്. ആകെ 38 മത്സരങ്ങളാണ് ലാലിഗയില്‍ ഓരോ ടീമും കളിക്കേണ്ടത്.


Next Story

Related Stories