കാല്‍പ്പന്ത് കളിയിലെ ദൈവത്തിന്റെ 60-ാം ജന്മദിനമാണ് ഇന്ന്. 1976-ല്‍ ഫുട്ബോള്‍ മൈതാനത്തേക്ക് കാല്‍വെച്ച ഇതിഹാസ താരം 1997 വരെ ഫുട്ബോളിലെ കിരീടം വെക്കാത്ത രാജാവായിരുന്നു. അര്‍ജന്റീനയിലെ വില്ല ഫിയോറിറ്റോയില്‍ ചേരിപ്രദേശത്ത് ദാരിദ്ര്യത്തോടു പൊരുതി പന്തുതട്ടി എത്തിയ മറഡോണ അന്നത്തെ കാലത്ത് പെലെയ്ക്കൊപ്പം എക്കാലത്തെയും മികച്ച ഫുട്ബോള്‍ ചക്രവര്‍ത്തിയായി. നൂറ്റാണ്ടിന്റെ പ്രതിഭയായി ഒരു ഫുട്ബോള്‍ കളിക്കാരനെ തിരഞ്ഞെടുക്കാന്‍ ഫിഫയുടെ വെബ്സൈറ്റിലൂടെ വോട്ടിംഗ് നടത്തിയപ്പോള്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ വോട്ട് നല്കിയ താരം അര്‍ജന്റീനയുടെ മറഡോണയായിരുന്നു. വെബ്സൈറ്റിലെ വോട്ടിങ്ങില്‍ മറഡോണയ്ക്ക് 78,000 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പെലെയ്ക്ക് ലഭിച്ചത് 26,000 വോട്ടുകള്‍ മാത്രം. എന്നാല്‍ വിവാദങ്ങള്‍ക്കിടെ നൂറ്റാണ്ടിന്റെ താരം പെലെ തന്നെയാണെന്ന് ലോക ഫുട്ബോള്‍ സംഘടനയ്ക്ക് പ്രഖ്യാപിക്കേണ്ടി വന്നു.
ഫുട്ബോള്‍ ലോകത്ത് ഇതിഹാസമായി വാഴ്ത്തപ്പെടുമ്പോഴും മയക്കുമരുന്ന് ഉപയോഗം താരത്തെ കൂടുതല്‍ വിവാദങ്ങളിലേക്ക് എത്തിച്ചിരുന്നു. ബാഴ്സലോണയിലുള്ള കാലം മുതല്‍ മയക്കുമരുന്നിന് അടിമപ്പെട്ടതുള്പ്പെടെ താരം പിന്നീട് ഓര്‍ത്തെടുത്ത് പറഞ്ഞിട്ടുണ്ട്. ഏറെ വിജയങ്ങള്‍ നേടിയ നാപ്പോളിയില്‍ നിന്ന് പടിയിറങ്ങേണ്ടി വന്നത് തന്നെ കൊക്കെയ്ന്റെ ഉപയോഗം മൂലമായിരുന്നു. ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതുമൂലമുളള പ്രശ്നങ്ങളാണ് പുറത്തേക്കുള്ള വഴിതുറന്നത്. 15 മാസം വിലക്കും ലഭിച്ചു. അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് അര്‍ഹിക്കുന്ന തരത്തിലുള്ള യാത്രയയപ്പ് മാറഡോണ അര്‍ഹിച്ചിരുന്നു. അവിടേയും വില്ലനായത് മയക്കുമരുന്ന് തന്നെ. 1994 യു.എസ് ലോകകപ്പില്‍ രണ്ട് മത്സരം കളിക്കുകയും ഗ്രീസിനെതിരെ ഗോള്‍ നേടുകയും ചെയ്തശേഷമാണ് ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട മാറഡോണയെ നാട്ടിലേക്ക് തിരികെ അയക്കുന്നത്. പീന്നീട് മൈതാനത്തേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞതുമില്ല.
കാല്പന്തില് എല്ലാവരെയും അമ്പരിപ്പിക്കുന്ന കരിയറായിരുന്നു മറഡോണയുടേത്. 1976-ല്‍ അര്‍ജന്റീനോസ് ജൂനിയേഴ്സിനായി അരങ്ങേറിയ മാറഡോണയ്ക്ക് തൊട്ടടുത്ത വര്‍ഷം തന്നെ ദേശീയ ടീമിലേക്ക് ക്ഷണമെത്തി. 1979ൽ അർജന്റീനയെ യൂത്ത് ലോകകപ്പ് ജേതാക്കളാക്കുമ്പോൾ മറഡോണയായിരുന്നു അവരുടെ നായകൻ. 1979ലും 1980ലും സൗത്ത് അമേരിക്കൻ പ്ലെയർ ഓഫ് ദി ഇയർ ബഹുമതി. 1978 ലോകകപ്പ് ടീമിൽ കടക്കാനായില്ലെങ്കിലും 1982ൽ ലോകകപ്പിൽ അരങ്ങേറ്റം. 1986ൽ അർജന്റീനയെ ലോകകിരീടത്തിലേക്കു നയിച്ചത് മറഡോണ ഏറെക്കുറെ ഒറ്റയ്ക്കാണ്. ക്ലബ്ബ് കരിയറില്‍ ബൊക്ക ജൂനിയേഴ്സ്, ബാഴ്സലോണ, നാപ്പോളി, സെവിയ്യ, നേവല്‍സ് ഓള്‍ഡ് ബോയ്സ് ടീമുകള്‍ക്കായി കളിച്ചു. ഇത്രയും ടീമുകള്‍ക്കായി 491 മത്സരങ്ങള്‍ കളിച്ച താരം 259 ഗോളുകളും സ്വന്തമാക്കി. അര്‍ജന്റീന ദേശീയ ടീമിനായി 91 മത്സരങ്ങളില്‍ നിന്ന് 34 ഗോളുകളും സ്വന്തമാക്കി. കാല്പന്തുകളിയോടുള്ള കാഴ്ചപ്പാട്, പാസിംഗ്, പന്ത് നിയന്ത്രിക്കുന്നതിരെ കഴിവ്, ഡ്രിബ്ലിംഗ് കഴിവുകള്‍ എന്നിവ മറഡോണണയെ ഫുട്ബോള്‍ ലോകത്തെ ഇതിഹാസമാക്കുകയായിരുന്നു.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട വിജയകരമായ കരിയര്‍ നന്നായി ആസ്വദിച്ച താരം ക്ലബ്ബിലും അന്താരാഷ്ട്ര തലത്തിലും നിരവധി ട്രോഫികള്‍ നേടുകയും ചെയ്തു. അര്‍ജന്റീനോസ് ജൂനിയേഴ്സിനായി അരങ്ങേറിയ മാറഡോണ പിന്നീട് ബോക ജൂനിയേഴ്സിലേക്കും അവിടെ നിന്ന് ബാഴ്സയിലേക്കും പോകുന്നതിനുമുമ്പ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചു. സെറി എയിലേക്ക് മാറുന്നതിനും നാപോളിക്ക് വേണ്ടി ഒപ്പിടുന്നതിനും മുമ്പ് അദ്ദേഹം ക്യാമ്പ് നൗവില്‍ വെറും രണ്ട് സീസണുകളാണ് ചെലവഴിച്ചത്. അവിടെ ലോകത്തിലെ എക്കാലത്തെയും മികച്ച പദവി ഉയര്‍ത്തി. മറഡോണ 1986-87 ല്‍ നാപോളിയെ അവരുടെ ആദ്യത്തെ സെറി എ കിരീടത്തിലേക്ക് നയിച്ചു, 1989-90 ല്‍ രണ്ടാമത്തേതും. നാപ്പോളിയിലെ തന്റെ ജീവിതത്തിന്റെ രൂപത്തിലായിരുന്ന അദ്ദേഹം അവരെ നിരവധി പ്രധാന ബഹുമതികളിലേക്ക് നയിക്കുകയും നാപ്പോളിയെ ഇറ്റലിയുടെ ചാമ്പ്യന്മാരാക്കുകയും ചെയ്തു. ഈ സമയത്താണ് അര്‍ജന്റീനയെ ഫിഫ ലോകകപ്പ് കിരീടത്തിലേക്ക് മറഡോണ നായകനാക്കിയത്.
1986 ലോകകപ്പില്‍ അര്‍ജന്റീനയുടെ നായകനായിരിക്കെയാണ് ലോകഫുട്ബോളിലെ ഏറ്റവും മനോഹരമായൊരു ഗോള്‍ നേടാന്‍ മറഡോണയ്ക്ക് സാധിച്ചത്. മെക്സിക്കോയിലെ അസ്ടെക്ക് സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനല്‍. അന്ന് ആദ്യം പിറന്നത് ഏറെ വിവാദം സൃഷ്ടിച്ച 'ദൈവത്തിന്റെ കൈ' എന്നറിയപ്പെടുന്ന ഗോളാണ്. നാലു മിനിറ്റുകള്‍ക്കു ശേഷമായിരുന്നു ഫുട്ബോള്‍ ലോകം ഇന്നും വിസ്മയം കൂറുന്ന ആ ഗോള്‍ ജന്മമെടുത്തത്.
മൈതാനത്തിന്റെ പകുതിയില്‍ നിന്നാരംഭിച്ച് ഒറ്റയാന് പോരാട്ടത്തിലൂടെ ആയിരുന്നു മറഡോണയുടെ ആ സുന്ദര ഗോള്‍ പിറന്നത്. നാലു ഡിഫന്‍ഡര്‍മാരെ ഡ്രിബിള്‍ ചെയ്ത് ഇംഗ്ലിഷ് ഗോളി പീറ്റര്‍ ഷില്ട്ടറിനെയും മറികടന്ന് ഗോള്‍വല ചലിപ്പിച്ചു താരം. ഈ ഗോളിന്റെ ഓര്‍മയ്ക്കായി പിറ്റേന്നു തന്നെ അസ്ടെക്ക് സ്റ്റേഡിയത്തില്‍ സ്മരണിക ഫലകവും സ്ഥാപിക്കപ്പെട്ടു. ആ വര്‍ഷം മികച്ച താരത്തിനുള്ള ഫിഫയുടെ ഗോള്‍ഡന്‍ ബോള്‍ പുരസ്കാരവും താരം നേടി. 1990ല്‍ അര്‍ജന്റീനയെ ലോകകപ്പ് ഫൈനലിലെത്തിച്ചെങ്കിലും ജര്‍മനിയോടു തോറ്റു. 1994 ലോകകപ്പിന് എത്തിയെങ്കിലും ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ടതിനാൽ പുറത്തുപോകേണ്ടിവന്നു, ആകെ 21 ലോകകപ്പ് മത്സരങ്ങളിൽനിന്ന് എട്ട് ഗോളുകൾ. നാലു ലോകകപ്പുകളിൽ പങ്കെടുത്തു. 1997ല്‍ ഫുട്ബോള്‍ മൈതാനത്തോട് വിടപറഞ്ഞ മറഡോണ 2010 ലോകകപ്പില്‍ അര്‍ജന്റീനയുടെ മുഖ്യപരിശീലകനുമായി.