ബിജെപിയില്‍ ചേര്‍ന്ന് ഒരു ദിവസം കഴിയുമ്പോള്‍ തനിക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും സംബന്ധമില്ലെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം മെഹ്താബ് ഹുസൈന്. തന്റെ രാഷ്ട്രീയ പ്രവേശനം കുടുംബാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും വേദനിപ്പിച്ചെന്നും അവരുടെ വികാരം മാനിച്ച് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും കൊല്‍ക്കത്ത മൈതാനിലെ ''മിഡ്ഫീല്‍ഡ് ജനറല്‍'' എന്നറിയപ്പെടുന്ന ഹുസൈന് പറഞ്ഞു.
ഈസ്റ്റ് ബംഗാളിന്റെ മുന്‍ നായകന് കൂടിയായ മെഹ്താബ് ചൊവ്വാഴ്ച ബിജെപിയുടെ മുരളീധര്‍ സെന്‍ ലെയിന്‍ ഓഫീസില്‍ വെച്ചാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പാര്‍ട്ടി പതാക കൈമാറിയത്. ഭാരത് മാതാ കി ജയ് മുദ്രാവാക്യം വിളികളോടെയാണ് പതാക കൈമാറുന്ന ചടങ്ങ് നടന്നത്. എന്നാല്‍ 24 മണിക്കൂറിന് ശേഷം പിന്മാറ്റം അറിയിക്കുകയായിരുന്നു. 'ഇന്ന് മുതല്‍ എനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടായിരിക്കില്ല. എന്റെ തീരുമാനത്തില്‍ എന്റെ എല്ലാ അഭ്യുദയകാംക്ഷികളോടും ഞാന്‍ ക്ഷമ ചോദിക്കുകയാണ്', മെഹ്താബ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഇന്ത്യക്ക് വേണ്ടി 30 മത്സരങ്ങള്‍ കളിച്ച താരമാണ് മെഹ്താബ് ഹുസൈന്. രണ്ട് ഗോളുകളും അദ്ദേഹം നേടിയിട്ടുണ്ട്. മധ്യനിരയിലെ മിന്നും താരമായ മെഹ്താബ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയതാരവുമായിരുന്നു. ബംഗാളിലെ കൊല്‍ക്കത്ത സ്വദേശിയായ അദ്ദേഹം 2014-16 കാലയളവിലാണ് ബ്ലാസ്റ്റേഴ്സില്‍ കളിച്ചത്. 38 മത്സരങ്ങളില്‍ മെഹ്താബ് ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടി. 2015ല്‍ രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിച്ച അദ്ദേഹം 2018ല്‍ ക്ലബ് ഫുട്ബോളില്‍ നിന്നും വിരമിച്ചു. ബ്ലാസ്റ്റേഴ്സ് കൂടാതെ മോഹന്‍ ബഗാന്, ഈസ്റ്റ് ബംഗാള്‍, ജംഷഡ്പൂഎ എഫ്സി തുടങ്ങിയ ക്ലബുകളിലും മെഹ്താബ് കളിച്ചിട്ടുണ്ട്.