TopTop
Begin typing your search above and press return to search.

ലയണല്‍ മെസ്സി ബാഴ്‌സലോണ വിടുന്നു; തീരുമാനം ക്ലബ്ബിനെ അറിയിച്ചു

ലയണല്‍ മെസ്സി ബാഴ്‌സലോണ വിടുന്നു; തീരുമാനം ക്ലബ്ബിനെ അറിയിച്ചു

ബാഴ്‌സലോണയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. ലാലിഗയ്ക്ക് പുറമെ ചാമ്പ്യന്‍സ് ലീഗിലെ പരാജയം കൂടിയായപ്പോള്‍ മെസി ക്ലബ് വിട്ടേക്കുമെന്ന റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ക്ലബുമായുള്ള കരാര്‍ താന്‍ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജന്റായി ക്ലബ് വിടാമെന്നും മെസി ക്ലബിനെ അറിയിച്ചു കഴിഞ്ഞുവെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത ജൂലായ് വരെയാണ് ക്ലബുമായുള്ള മെസിയുടെ കരാര്‍. എന്നാല്‍, സീസണ്‍ അവസാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും താരത്തിനു ക്ലബ് വിട്ടു പോകാം എന്ന നിബന്ധന കരാറിലുണ്ട്. മെസി ഈ നിബന്ധന ഉപയോഗിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്ലബിനൊപ്പം തുടരാന്‍ താല്‍പര്യമില്ലെന്ന് മെസി ഫാക്സ് സന്ദേശത്തില്‍ അറിയിക്കുകയായിരുന്നു. മെസിയുടെ ആവശ്യം ക്ലബ് അംഗീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ക്ലബിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നട്ടില്ല. എന്നാല്‍ മെസി ബാഴ്‌സ വിടുന്നതായുള്ള

റിപ്പോര്‍ട്ടുകളെ ശരിവച്ചു കൊണ്ട് മുന്‍ ബാഴ്‌സലോണ ക്യാപ്റ്റന്‍ കാര്‍ലോസ് പുയോള്‍ ട്വിറ്ററിലൂടെ മെസിയ്ക്ക് യാത്ര അയപ്പ് നല്‍കുകയും ചെയ്തു. മെസിയുടെ ക്ലബ് വിടാനുള്ള തീരുമാനത്തെ താരം അഭിനന്ദിച്ചു. എന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് പുയോള്‍ ട്വിറ്ററില്‍ കുറിച്ചിട്ടു. മെസിയുടെ സഹതാരം ലൂയിസ് സുവാരസ് ആവട്ടെ പുയോളിന്റെ ട്വീറ്റിന് കയ്യടിക്കുകയും ചെയ്തു. ഇതോടെ മെസി ക്ലബ് വിടുമെന്ന് ഏറെകുറെ ഉറപ്പാക്കുകയായിരുന്നു. കാറ്റലൂനിയന്‍ പ്രസിഡന്റ് ക്വിം ടൊറ മെസിക്ക് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തു. കാറ്റലൂനിയ നിങ്ങളുടെ വീടാണ്. നിങ്ങള്‍ പുറത്തെടുത്ത അസാധാരണ പ്രകടനങ്ങളോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച താരത്തിനൊപ്പം ഞങ്ങള്‍ക്ക് കുറച്ച് കാലം ജീവിക്കാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടരാണ്.'' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടു.

സീസണില്‍ ഒരു കിരീടം പോലും നേടാന്‍ ബാഴ്സലോണയ്ക്ക് കഴിഞ്ഞില്ല. ലാലിഗയ്ക്ക് പുറമെ ചാംപ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂനിച്ചിനോട് 8-2ന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ മെസിക്ക് ക്ലബിലുള്ള വിശ്വാസം പൂര്‍ണമായി നഷ്ടപ്പെട്ടു. ക്ലബില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനായി റൊണാള്‍ഡ് കോമാന്‍ പരിശീലകസ്ഥാനം ഏറ്റെടുത്തിരുന്നു. ലൂയിസ് സുവാരസ്, ഇവാന്‍ റാകിടിച്ച്, ആര്‍തുറോ വിദാല്‍ എന്നിവര്‍ക്ക് സ്ഥാനം നഷ്ടമാവുമെന്ന് ഉറപ്പാവുകയും ചെയ്തിരുന്നു. മെസി കോമാന്റെ ഭാവിപദ്ധതികളുടെ ഭാഗമായിരുന്നു.

നേരത്തെ മുതല്‍ ടീമിന്റെ നിലവാരം ഇടിഞ്ഞതും പരിശീലകരുടെയും യുവതാരങ്ങളുടെയും കാര്യത്തില്‍ മാനേജ്‌മെന്റ് എടുക്കുന്ന നിലപാടുകളും മെസിയെ ചൊടിപ്പിച്ചിരുന്നു. ആര്‍തര്‍ മെലോ, മാര്‍ക്കം, കുട്ടീഞ്ഞോ തുടങ്ങിയ താരങ്ങളെ വിറ്റും ലോണില്‍ അയച്ചും ഒഴിവാക്കിയ രീതിയും അത്ലറ്റികോ മാഡ്രിഡില്‍ നിന്നെത്തിയ അന്റോയിന്‍ ഗ്രീസ്മാനോട് ക്ലബിന്റെ പെരുമാറ്റവും വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ബാഴ്‌സ പ്രസിഡന്റ് ജോസപ് മരിയ ബാര്‍തോമ്യുവിന്റെ പല നിലപാടുകളോടും മെസിക്ക് എതിര്‍പ്പായിരുന്നു. കൊവിഡ് പ്രതിസന്ധിക്കിടെ താരങ്ങളുടെ ശമ്പളം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് താരങ്ങളെ കുറ്റപ്പെടുത്തിയ സംഭവത്തില്‍ മെസി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 14ആം വയസ്സ് മുതല്‍ ക്ലബിനൊപ്പമുള്ള മെസിയെ വളര്‍ത്തിയത് ബാഴ്‌സലോണയാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന താരത്തിന്റെ ചികിത്സയടക്കം സകല ചെലവുകളും ഏറ്റെടുത്ത ബാഴ്‌സലോണ 17ആം വയസില്‍ മെസിയെ സീനിയര്‍ ടീമില്‍ അവതരിപ്പിച്ചു. 2004ല്‍ തുടങ്ങിയ ആ യാത്ര ഒന്നര പതിറ്റാണ്ടിലധികമാണ് നീണ്ടു നിന്നത്.


Next Story

Related Stories