സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂര്‍ണമെന്റില്‍ ശക്തരായ മുംബൈക്കെതിരെ അതിവേഗ സെഞ്ചുറി നേടിയ കേരളത്തിന്റെ ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന് കൈയ്യടിക്കുകയാണ് ആരാധകര്‍. താരത്തിന്റെ അത്ഭുത ഇന്നിംഗ്സിനെ പുകഴ്ത്തി നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയത്. ഇങ്ങനെ താരത്തിന്റെ ഇന്നിംഗ്സിനെ പുകഴ്ത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടുകയാണ്. ' അങ്ങനെ നമുക്കും കിട്ടി ഒരു മുഹമ്മദ് അസറുദ്ദിനെ.. 137 റണ്‍സ് വെറും 54 പന്തില്‍..9 ഫോറുകളും 11 സിക്സറുകളും നിറം ചാര്‍ത്തിയ ഇന്നിംഗ്സ്.. അവിശ്വസനീയം..ഈ പ്രകടനം അറിയുമ്പോള്‍ സാക്ഷാല്‍ മുഹമ്മദ് അസറുദ്ദിനും അഭിമാനിക്കും, എന്നിങ്ങനെയാണ് ഫേസ്ബുക്ക് കുറിപ്പിന്റെ തുടക്കം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കേരളത്തിന്റെ സ്വന്തം മുഹമ്മദ് അസറുദ്ദിന്
ഇന്ത്യയില്‍ നടക്കുന്ന ആഭ്യന്തര മത്സരങ്ങള്‍ കാണാനുള്ള അവസരം ഒരുക്കി തന്നതിന് ആദ്യം തന്നെ സ്റ്റാര്‍ സ്പോര്‍ട്സിനു നന്ദി പറയട്ടെ..
അങ്ങനെ നമുക്കും കിട്ടി ഒരു മുഹമ്മദ് അസറുദ്ദിനെ.. 137 റണ്‍സ് വെറും 54 പന്തില്‍..9 ഫോറുകളും 11 സിക്സറുകളും നിറം ചാര്‍ത്തിയ ഇന്നിംഗ്സ്.. അവിശ്വസനീയം..ഈ പ്രകടനം അറിയുമ്പോള്‍ സാക്ഷാല്‍ മുഹമ്മദ് അസറുദ്ദിനും അഭിമാനിക്കും, ഉറപ്പാണ്.. അസറുദ്ദിന് ആ പേര് നല്കിയ മാതാപിതാക്കളെ ഞാന്‍ നമിക്കുന്നു.. തീര്‍ച്ചയായും ക്രിക്കറ്റിനോട് താല്പര്യമുള്ളതു കൊണ്ട് തന്നെ ആയിരിക്കുമല്ലോ ആ പിതാവ് മകന് ഈ പേര് നല്‍കിയത്..റെക്കോര്‍ഡ് ബുക്കില്‍ തന്റെ പേര് എഴുതി ചേര്‍ത്ത് കൊണ്ട് ആ മകന് മാതാപിതാക്കള്‍ക്ക് ഏറ്റവും അഭിമാനിക്കാവുന്ന നിമിഷം നല്കിയിരിക്കുന്നു..
ഒട്ടും പ്രതീക്ഷയില്ലാതെയാണ് ഇന്നത്തെ മുംബൈ - കേരളം മത്സരം കാണാനിരുന്നത്.. സൂര്യകുമാറും യശസ്വി ജയ്സ്വാളും സര്‍ഫറാസും മനോഹരമായി കളിച്ച് 196 എന്ന വന്‍ സ്കോര്‍ അടിച്ചപ്പോള്‍ കേരളം എത്രത്തോളം പോകും എന്ന് മാത്രമേ ചിന്തിച്ചിരുന്നുള്ളു.. മാന്യമായ ഒരു സ്കോര്‍ കണ്ടെത്തി തോറ്റാല്‍ അതില്‍ സമാധാനിക്കാം എന്നതായിരുന്നു മൈന്‍ഡ് സെറ്റ്..അസറുദ്ദിന് ഒരു നല്ല തുടക്കം തരും 25 ബോളില്‍ 40, സഞ്ജു ഒരുപക്ഷെ ഒരു അര്‍ധസെഞ്ചുറി, വിഷ്ണു വിനോദിന്റെ വക വീണ്ടുമൊരു 25 ബോള്‍ 40+... 150 - 160 വരെ കേരളം പോയേക്കാം..ഇത് മാത്രമായിരുന്നു പ്രതീക്ഷിച്ചത്.. അതിനപ്പുറം പ്രതീക്ഷിക്കാനുള്ള ഒരു അവസരം കേരളം ഇതുവരെ തന്നിട്ടില്ലല്ലോ
ആദ്യ ഓവറില്‍ അസറുദ്ദിന്റെ വക 4.. രണ്ടാം ഓവറില്‍ ഒരു സിക്സും 2 ഫോറും.. കേരളം 2 ഓവറില്‍ 26-0 .. മ്മ് മ്മ് കണ്ടിട്ടുണ്ട്... അടുത്ത ഓവറില്‍ വീണ്ടും അതാ ഒരു സിക്സും 2 ഫോറും.. സ്കോര്‍ 42-0..അതെയതെ, കണ്ടിട്ടുണ്ട് കണ്ടിട്ടുണ്ട്.. കണ്ണടച്ച് തുറക്കും മുന്‍പ് കേരളം 50 കടന്നു.. 5 ഓവര്‍ അവസാനിച്ചപ്പോള്‍ കേരളത്തിന്റെ സ്കോര്‍ 65 -0.. അപ്പോഴാണ് യാഥാര്‍ഥ്യത്തിലേക്ക് എത്തിയത്... എതിരാളി മുംബൈ.. റണ്‍റേറ്റ് 13.. ഇതങ്ങനെ കണ്ടിട്ടില്ലല്ലോ... ഇനി ലോട്ടറി എങ്ങാനും അടിക്കുമോ..6 ഓവര്‍ പൗര്‍പ്ലേയില്‍ അവസാനിക്കും എന്ന് കരുതിയ സ്ഫോടനം അവിടൊന്നും അവസാനിച്ചില്ല.. ഗ്രൗണ്ടിന്റെ എല്ലാ ഭാഗങ്ങളിലേക്കും ബൗണ്ടറികള്‍ പ്രവഹിച്ചു കൊണ്ടേയിരുന്നു .. ഒരു ഷോട്ട് മനോഹരമാണല്ലോ എന്ന് ചിന്തക്ക് ഒന്നോ രണ്ടോ മിനിറ്റുകളുടെ ആയുസ് ഉണ്ടായിരുന്നുള്ളു.. അപ്പോഴേക്കും അതിലും മനോഹരമായ അടുത്ത ഷോട്ട് എത്തിയിരിക്കും..
ഏഴാം ഓവറില്‍ കേരളം 100 കടന്നു..അപ്പോഴേക്കും റണ്‍റേറ്റിന്റെ പ്രസക്തി നഷ്ടപ്പെട്ടിരുന്നു.. സ്കോര്‍ കുതിച്ചു കൊണ്ടേയിരുന്നു.. 37 പന്തില്‍ അസറുദ്ദിന് സെഞ്ച്വറി തികച്ചു..ഷാഹിദ് അഫ്രിദിയും, യൂസഫ് പത്താനുമൊക്കെ സെഞ്ചുറികള്‍ തികച്ചത് 37 പന്തുകളിലാണ്.. ഉത്തപ്പ സപ്പോര്‍ട്ടീവ് റോള്‍ നന്നായി ചെയ്തു.. മുംബൈ ബൗളേഴ്സിന്റെ ആത്മവിശ്വാസം അസറുദ്ദിന് അടിച്ച് നശിപ്പിച്ചിരുന്നതു കൊണ്ട് ഉത്തപ്പക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല..സഞ്ജുവും മോശമാക്കിയില്ല.. 12 പന്തില്‍ 22 റണ്‍സ്..
സിക്സോ ഫോറോ ഇല്ലാതിരുന്ന രണ്ടേ രണ്ട് ഓവറുകള്‍ മാത്രമേ മാത്രമേ മുംബൈ ബൗളേഴ്സ് എറിഞ്ഞുള്ളു എന്നതില്‍ നിന്ന് മനസിലാക്കാം കേരളം എത്ര മാത്രം അധികാരികമായാണ് ഈ കളി ജയിച്ചതെന്ന്.. കേരളത്തിന്റെ അസറുദ്ദിന് ഇന്ത്യയുടെ അസറുദ്ദിനെപ്പോലെ ഉയരങ്ങളില്‍ എത്തട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
കെ നന്ദകുമാര്‍ പിള്ള എന്ന ഫേസ്ബുക്ക് അക്കൗണ്ടിന്റേതാണ് കുറിപ്പ്